Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടുമ്പുറങ്ങളുടെ പാട്ടുകാരൻ ഇനി ഓർമകളിൽ

Kalabhavan Mani കലാഭവന്‍ മണി

കലാഭവന്‍ മണിയെന്ന നടനേക്കാള്‍ അദ്ദേഹത്തിലെ പാട്ടുകാരനെ സ്‌നേഹിക്കുന്ന മലയാളികള്‍ ഏറെയാണ്. നാടന്‍ താളത്തില്‍ ഗ്രാമീണ പദങ്ങള്‍ കോര്‍ത്തിണക്കി മണി പാടിയ ഗാനങ്ങള്‍ ഇന്നും നമുക്കേറെ പ്രിയം. ജന്മസിദ്ധമായി കിട്ടിയ പാട്ടുപെട്ടിയെ ജനകീയമാക്കിയത് ആലാപനത്തിലെ പകിട്ടില്ലായ്മയാണ്. ഒരു പാട്ടിന് ഗാനഗന്ധര്‍വന്‍ യേശുദാസ് വാങ്ങുന്നതിനേക്കാള്‍ പ്രതിഫലം വാങ്ങിയിട്ടുണ്ട് ഒരു കാലത്ത് മണിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. മണിയുടെ കാസെറ്റുകള്‍ മലയാളത്തില്‍ മാത്രമല്ല തരംഗമുണ്ടാക്കിയത്. മലയാളികള്‍ ഈ ലോകത്തെവിടെയുണ്ടോ അവിടെയെല്ലാമുണ്ടായിരുന്നു മണികണ്ഠത്തില്‍ നിന്നു വന്ന നാടന്‍പാട്ടുകള്‍.

ജീവിതത്തിന്‌റെ ചൂരും ചൂടും പകര്‍ന്ന കരുത്ത് മനസിലും ശരീരത്തിലും അഭിനയത്തിലും മാത്രമായിരുന്നില്ല ആ ശബ്ദത്തിലുമുണ്ടായിരുന്നു. പാടാനെത്തിയ വേദികളെയെല്ലാം എളുപ്പം കീഴടക്കാന്‍ മണിക്ക് കഴിഞ്ഞതും മറ്റൊന്നുംകൊണ്ടല്ല. കണ്ണിമാങ്ങ പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍, ഓടേണ്ട ഓടേണ്ട ഓടിത്തളരേണ്ട...ഈ രണ്ട് ഗാനങ്ങളും ഇന്നും നമ്മുടെ ഗ്രാമന്തരീക്ഷത്തില്‍ മുഴങ്ങുന്നില്ലേ,.

തീര്‍ത്തും സാധാരണക്കാരില്‍ സാധാരണക്കാരന്‌റെ ചിന്തകളിലൂടെയും കാള്ചകളിലൂടെയും കടന്നുപോയി മണിയെഴുതിയ വരികളും ഇന്നും ജനപ്രിയം തന്നെ. അമ്മായീടെ മോളേ ഞാന്‍ നിക്കാഹ് ചെയ്തിട്ടാകെ കുഴപ്പത്തിലായി എന്ന് സങ്കടെപ്പടുന്ന മണിഗീതം മറ്റൊരു ഹിറ്റാണ്. പല്ലുപോലും തേയ്ക്കാന്‍ മടികാണിക്കുന്ന ഭാര്യയെ കുറിച്ച് വ്യസനിച്ച് പാടിയ പാട്ടിന് നല്‍കിയ ഈണം പക്ഷേ ആഘോഷത്തിന്‌റേതായിരുന്നു.

കാസറ്റുകളുടെ കാലം പിന്നിട്ട് പാട്ടുകള്‍ സിഡികളിലേക്കെത്തിയ നാളുകള്‍. രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം ഒരോണക്കാലത്ത് മണി ഇറക്കിയ പാട്ടായിരുന്നു ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാന്‍. പെണ്‍ ചേലിനെ ഓടപ്പഴത്തോട് ഉപമിച്ചെഴുതിയ വരികള്‍ പിന്നെയും മലയാളത്തിന്‌റെ മനസ് കീഴടക്കി.

മണിയുടെ ശ്വാസമായിരുന്നു ചാലക്കുടി എന്നും. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോഴും ചാലക്കുടി വിട്ടൊരു കളിയില്ല മണിക്ക്. നാടിന്‌റെ തുടിപ്പുകളെ അത്രയേറെ അയാള്‍ക്കിഷ്ടമായിരുന്നു. ചാലക്കുടി ചന്തക്ക് പോകുമ്പോള്‍ എന്ന ഗാനം നാടിനു വേണ്ടി മണിയെഴുതിയതാണ്. ചാലക്കുടിയുടെ നാടന്‍ ഭംഗിയെ ഇതിനേക്കാള്‍ മനോഹരമായി മറ്റാരും എഴുതിയിട്ടില്ല. തന്നെ മാറോടണച്ച നാടിന് മണി കൊടുത്ത ഏറ്റവും മനോഹരമായ സമ്മാനമായിരുന്നു ഈ പാട്ട്.

അപ്പരിലിപ്പരല് പരല്...മണിയുടെ മറ്റൊരു നാടന്‍ ചേല്. ഓണത്തിന്, അമ്പലപ്പൂരങ്ങള്‍ക്ക്, ഈ പാട്ടിന്‌റെ താളമിന്നുമയരുന്നുണ്ട്. വയലേലയും പറമ്പുകളും അവിടേക്ക് വിരുന്നിനെത്തുന്ന പുള്ളിക്കുയലും പുഴയാഴങ്ങളിലെ പരല്‍മീനുമെല്ലാം മണിയുടെ പാട്ടിലൂടെ വീണ്ടും ഓര്‍മയിലേക്കെത്തി.

നാടന്‍ പെണ്ണിന്‌റെ ചുവപ്പന്‍ പൊട്ടിലേക്ക് എണ്ണക്കറുപ്പുള്ള അവളുടെ ചന്തത്തെ നോക്കി മണി പാടിയ പാട്ടാണ് തോട്ടുംകരക്കാരി പെണ്ണുങ്ങള്‍ക്കിത്തറ ചന്തം കൊടുത്തവനരാണ്‍ടി....മലയാള ഭാഷയിലെ ഒട്ടും പകിട്ടില്ലാത്ത പദങ്ങള്‍ക്കുള്ളി സംഗീ്താത്മകതയെ മണി ഒരിക്കല്‍ കൂടി അറിയിച്ചു തന്നു ഈ പാട്ടിലൂടെ.

നേരത്തെ പറഞ്ഞവയെല്ലാം നാടന്‍ കാഴ്ചകളിലൂടെ സ്പന്ദനങ്ങളിലൂടെയുള്ള യാത്രയായിരുന്നുവെങ്കില്‍ ഉമ്പായി കുച്ചാണ്ട് എന്ന ഗാനം മണി ജീവിതത്തില്‍ നേരിട്ട യാതനകളെ കുറിച്ചുള്ളതായിരുന്നു. ദാരിദ്ര്യം ആ ജീവിതത്തില്‍ എന്തുമാത്രം കണ്ണീര് വീഴ്ത്തിയിട്ടുണ്ടെന്ന് മനസിലാക്കാന്‍ ഈ ഒരൊറ്റ ഗാനം മതി. ബാല്യത്തിലെ മണിയെ നമുക്കതില്‍ കാണാം...വിശപ്പിന്‌റെ വിളിയറിയുന്ന ഒരുപാടൊരു പാട് കുഞ്ഞി മുഖങ്ങളിലേക്ക് സമൂഹത്തിന്‌റെ ശ്രദ്ധ തിരിച്ചു വിട്ടു മണി ഈ ഒരോറ്റ ഗാനത്തിലൂടെ....ഉമ്പായി കുച്ചാണ്ട് പ്രാണന്‍ കത്തണുമ്മ...വയല പൊട്ടിച്ച് പാപ്പണ്ടാക്കണുമ്മാ എന്ന വരികള്‍ മതി മണി എത്രത്തോളം ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നറിയുവാന്‍. വന്ന വഴികളെ മറക്കാത്ത സാധാരണക്കാരന്‌റെ ജീവിതത്തെ അടുത്തറിയുന്ന കലാപ്രതിഭയാണ് നമുക്ക് നഷ്ടമായത്. കാലത്തിനൊരിക്കലും മായ്ക്കാനാകാത്ത നഷ്ടം. നാടന്‍ പദങ്ങളില്‍ നാട്ടുമ്പുറത്തെ കൊതുമ്പുവള്ളങ്ങളിലിരുന്ന് പാട്ടുകള്‍ പാടിത്തരുവാന്‍ ഇനി മണിയില്ല.