Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിയില്ല...പ്രണയാർദ്രമായി ദുൽഖറും സായ്പല്ലവിയും

kali-first-look

സിദ്ധാർഥിന്റെയും അഞ്ജലിയുടെയും പാട്ടുകൾ കാതോർക്കാമിനി. ദുല്‍ഖർ സൽമാനും മലരും അല്ല, സായ്പല്ലവിയും ഒന്നിക്കുന്ന സമീര്‌ താഹിർ ചിത്രം 'കലി'യിൽ ഗോപീ സുന്ദർ ഈണമിട്ട പാട്ടുകൾ വന്നുകഴിഞ്ഞു. നമ്മുടെ പാട്ടിഷ്ടങ്ങളോട് കൂട്ടുകൂടാൻ ഒരു ചൂളംവിളിയോടെ. ബി കെ ഹരിനാരായണനാണ് വരികളെഴുതിയത്. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ചില്ലു റാന്തൽ ചെപ്പേ എന്നു തുടങ്ങുന്ന വരികൾ ആഴക്കടലിന്റെ ഒത്തനടുക്ക് തോണിയിൽ ഒരു റാന്തൽ കത്തിച്ച് വച്ച് തുഴഞ്ഞുനീങ്ങുന്ന പ്രണയതാരങ്ങളെ മനസിനുള്ളിൽ വരച്ചിടും. അത്രയേറെ പ്രണയാർദ്രമാണ് ഈ വരികൾ. ജോബ് കുര്യനാണ് ഈ പാട്ടു പാടിയത്. ഇന്നലകളേ തിരകെ വരൂ എന്ന പാട്ടിലൂടെ ശ്രദ്ദേയനായ ഈ യുവഗായകൻ വരികളുടെ ഭാവത്തെ ആത്മാവ് നൽകിയാണ് പാടിയിരിക്കുന്നത്. നേർത്ത സ്വരം ഭൂമിയെ തൊട്ടു പിന്നെ ആകാശത്തേക്ക് പറന്ന് പൊങ്ങുന്ന പോലെ.

തുടക്കം തന്തു നാനേന എന്ന ഗാനമാണ് ദിവ്യ എസ് മേനോനെ മലയാളത്തിന് ഏറെ പരിചിതമാക്കിയത്. എന്നാൽ കലിയിലൂടെ ദിവ്യയുടെ മറ്റൊരു മനോഹരമായ മെലഡിയാണ് നമ്മിലേക്കെത്തിയിരിക്കുന്നത്. തീക്ഷ്ണമായ സ്വരമാണ് ദിവ്യയുടേത്. ആ സ്വരത്തിന്റെ ഭംഗിയറിയിക്കുന്ന മറ്റൊരു ഗാനമാണിതെന്ന് നിസംശയം പറയാം.വാർത്തിങ്കളേ എന്ന കാൽപനികമായ വരികൾക്ക് കുടുകുടെ ചിരിക്കുന്ന ഈണമാണ് ഗോപീ സുന്ദര്‍ നൽകിയത്.

രണ്ട് ഗാനങ്ങൾക്കും പ്രസന്നതയുടെ ഈണങ്ങളാണ് ഗോപീ സുന്ദർ നൽകിയിരിക്കുന്നത്. പാട്ടിന്റെ ദൃശ്യങ്ങളറിയുവാൻ നമ്മുടെയുള്ളിൽ ‌കൗതുകം ജനിപ്പിക്കുന്നു ഈ രണ്ട് ഈണങ്ങളും. സിനിമയിലേക്കുള്ള വഴിയിലേക്ക് പ്രേക്ഷകനെ കൂടുതലടുപ്പിക്കുന്നു.