Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേഡീ ഗാഗയ്ക്കും ടെയ്‌ലർ സ്വിഫ്റ്റിനും എന്തു സംഭവിച്ചു?

മുരൾച്ചയോടെ പെയ്തിറങ്ങുന്ന മഴയത്ത് സഞ്ചരിക്കുന്ന കപ്പൽ പോലെയാണ് റോക്ക് സംഗീത ലോകത്തെ കുലപതികളുടെ കാര്യം. എപ്പോഴാണ് ഉയർച്ച താഴ്ചകൾ വരുന്നതെന്ന് പ്രവചിക്കുക അസാധ്യം. കാറ്റി പെറിയുടെ കാര്യം ഏതാണ്ട് അതുപോലെയാണ്. സ്വന്തം പാട്ടും ബാൻഡുമൊക്കെയായി ഒതുങ്ങിക്കഴി​ഞ്ഞ കാറ്റിയെ കുറിച്ച് നമ്മളധികം കേട്ടില്ല കഴിഞ്ഞ വർഷം. കേട്ടില്ലെങ്കിലെന്താ കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ പാട്ടു ലോകത്ത് ഏറ്റവുമധികം പണംവാരിയത് ഈ അമേരിക്കൻ‌ ഗായികയാണ്. 135 മില്യൺ ഡോളറാണ് കാറ്റി നേടിയെടുത്തത്. ടെയ്‌ലർ സ്വിഫ്റ്റിനെയും ലേഡി ഗാഗയേയുമൊക്കെ പുറകിലേക്ക് പറഞ്ഞുവിട്ടാണ് മുപ്പത്തിയൊന്നുകാരിയായ കാറ്റിയുടെ നേട്ടം.

katy-perry-new

ഫോബ്സ് മാഗസിന്റെ പട്ടികയിലാണ് ഈ കണക്കുള്ളത്. പതുങ്ങിയിരുന്ന് പണം കാറ്റി വാരിയെന്ന് പറയുന്നതാകും കൂടുതൽ ശരി. സംഗീത ലോകത്ത് സജീവമായിരുന്നെങ്കിലും കാറ്റി മാധ്യമങ്ങളിലെ സജീവ താരമായിരുന്നില്ല. പ്രിസ്മാറ്റിക് എന്നു പേരിട്ട് നടത്തിയ ലോകമൊട്ടുക്കുള്ള 126 നഗരങ്ങളിൽ നടത്തിയ സംഗീത പരിപാടിയാണ് കാറ്റിയുടെ ഖജനാവിനെ ഇതാ ഇതുപോലെ വാർത്തകളിലെത്തിച്ചത്.പെറിയുടെ ഏറ്റവും അടുത്തിറങ്ങിയ ആൽബമായ പ്രിസം നാലു മില്യൺ ആളുകളാണ് വാങ്ങിയത്. 2013ലായിരുന്നു ഇത് പുറത്തിറക്കിയത്. ആൽബങ്ങളേക്കാൾ പെറിയുടെ പണക്കോട്ട ഉയർത്തിയത് സംഗീത പരിപാടികളായിരുന്നു. കഴിഞ്ഞ വർഷം ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു പെറി.

രണ്ടാം സ്ഥാനത്തുള്ള ടെയ്‌ലർ സ്വിഫ്റ്റ് കാറ്റിയുടെ മുന്നിൽ ദരിദ്രയായി പോയെന്ന് പറയാം. വെറും എൺപത് മില്യൺ ഡോളറേ സ്വിഫ്റ്റിന് കിട്ടിയുള്ളൂ. 1989 എന്ന ഹിറ്റ് ആൽബവും ലോക പര്യടനവും ചേർന്നപ്പോൾ ഇത്രയേ നേടാനായുള്ളൂ പാവം സ്വിഫ്റ്റിന്.

ബ്രിട്ടീഷ് അമേരിക്കന്‌ റോക്ക് ബാൻഡായ ഫ്ലീറ്റ്‌വുഡ് മക് ആണ് മൂന്നാം സ്ഥാനത്തെത്തിയത്. 59.9 മില്യൺ ഡോളറാണ് സംഗീതത്തിലൂടെ ഇവർ നേടിയെടുത്തത്.

സാക്ഷാൽ ലേഡീ ഗാഗയുടെ കാര്യം പരുങ്ങലിലാണ്. നാലാം സ്ഥാനത്തുള്ള ലേഡീ ഗാഗയ്ക്ക് വെറും 59 മില്യണേ നേടിയെടുക്കാനായുള്ളൂ. ഇവിടെയാണ് കാറ്റി വേറിട്ടുനിൽക്കുന്നത്. ലേഡീ ഗാഗ മാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. വിവാദങ്ങൾക്കു പുറേകേ ഗാഗയും ഗാഗയ്ക്കു പുറകേ വിവാദങ്ങളും നടന്നിട്ടും ഒന്നും ഗാഗയ്ക്ക് ഉപകാരപ്പെട്ടില്ലെന്നു വേണം പറയാൻ. കഴിഞ്ഞ വർഷത്തെ ഒന്നാം സ്ഥാനക്കാരി ബെയോൺസ് 54.5 മില്യൺ ഡോളറുമായി ഇത്തവണ അഞ്ചാം സ്ഥാനത്ത് ഒതുങ്ങിപ്പോയി.