Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുകൾ കൊണ്ട് പടവെട്ടി പോപ്പ് ഗായകർ

Taylor Swift and Katy Perry

മികച്ച സുഹൃത്തുക്കൾ ശത്രുക്കളായാൽ പിന്നെ അവർ എല്ലാകാലത്തും ശത്രുക്കൾ തന്നെയായിരിക്കും എന്നാണ് പറയാറ്. കുറച്ചു കാലം മുമ്പ് വരെ കാറ്റി പെറിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ്. ഇരുവരുടേയും സൗഹൃദം വാഴ്ത്തുകയായിരുന്നു പോപ്പ് ലോകം. എന്നാൽ വളരെ പെട്ടന്നാണ് ഇരുവരും ശത്രുക്കളായി മാറിയത്. വിരോധം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുമ്പോഴാണ് ടെയ്‌ലർ സ്വിഫ്റ്റ് തന്റെ ആൽബം 1989 ലെ പുതിയ ഗാനം ബാഡ് ബ്ലെഡ് പുറത്തിറക്കിയത്. ആ ഗാനം കാറ്റി പെറിയെ ഉദ്ദേശിച്ചാണെന്ന് സ്വിഫ്റ്റ് പറയാതെ പറയുകയും ചെയ്തു.

തന്നെ അപമാനിക്കാൻ ഗാനം പുറത്തിറക്കിയ സ്വിഫ്റ്റിന് ചുട്ട മറുപടി കൊടുക്കാൻ ഒരുങ്ങുകയാണ് കാറ്റി പെറി. തന്നെ അപമാനിച്ച ബാഡ് ബ്ലെഡ് എന്ന ഗാനം 1989 എന്ന ആൽബത്തിലേതാണെങ്കിൽ സ്വിഫ്റ്റിന് വേണ്ടി പെറി പുറത്തിറക്കുന്ന ഗാനത്തിന്റെ പേര് 1984 എന്നായിരിക്കും. ഗാനം പുറത്തിറക്കുന്നതിനായി കാറ്റി പെറി 1984 എന്ന പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞെന്നും ഗാനം ഉടൻ പുറത്തിറക്കുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ. തന്റെ സ്വഭാവത്തെ ചീത്തയാക്കി കാണിക്കുന്നവർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുമെന്നും കെറി പറഞ്ഞതായി ഒരു അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ പോപ്പ് ലോകത്തെ അതിപ്രശസ്തയാണ് കാറ്റി പെറി. ട്വിറ്ററിൽ എറ്റവും അധികം ആരാധകരുള്ള പോപ്പ് താരമായ പെറി 2011, 2012, 2013 വർഷങ്ങളിൽ ഏറ്റവും അധികം വരുമാനമുള്ള വനിതാ പോപ്പ് താരമായിരുന്നു. കാറ്റി ഹഡ്സൺ(2001), വൺ ഓഫ് ദ ബോയ്സ്(2008), ടീനേജ് ഡ്രീംസ് (2010), പ്രിസം(2013) എന്നിങ്ങനെ നാല് സ്റ്റുഡിയോ ആൽബങ്ങൾ പെറി ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ മ്യൂസിക്ക് പുരസ്കാരം രണ്ട് പ്രാവശ്യവും, ബിൽബോർഡ് പുരസ്കാരം നാല് പ്രാവശ്യവും, ബ്രിറ്റ് പുരസ്കാരം ഒരു വട്ടവും കാറ്റി പെറിയെ തേടി എത്തിയിട്ടുണ്ട്.

2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് ടെയ്‌ലർ സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്്(2008), സ്പീക്ക് നൗ(2010), റെഡ് (2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.