Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജംഗിൾ ബുക്കിലെ തിരുവനന്തപുരത്തുകാരി

lekshmi-junglebook

ജംഗിൾ ബുക്ക് എന്ന ഇംഗ്ലിഷ് ത്രീ ഡി ചലച്ചിത്രം കേരളക്കരയിലും വെന്നിക്കൊടി പാറിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു ഗാനമുണ്ട്. ചെപ്പടിക്കുന്നിൽ മിന്നിച്ചിണുങ്ങും ചക്കരപ്പൂവേ... എന്ന ഗാനം. വർഷങ്ങൾക്കു മുൻപു ദൂരദർശനിൽ ജംഗിൾ ബുക്ക് കാർട്ടൂൺ സീരിയലായി അവതരിപ്പിച്ചപ്പോൾ കേരളമെങ്ങുമുള്ള കുട്ടികൾ ഏറ്റുപാടിയ അവതരണ ഗാനം.

jungle-book-movie ജംഗിൾ ബുക്ക് ഡിസ്നി ചലച്ചിത്രമാക്കിയപ്പോൾ

കസെറ്റുകളിലും സിഡികളിലും ഒക്കെയായി കുട്ടികളുടെ പ്രിയപ്പെട്ട പാട്ടായി അതു പിന്നീടു മാറി. പുതിയ ജംഗിൾ ബുക്കിന്റെ കാലത്തും മലയാളികളുടെ പ്രിയ നൊസ്റ്റാൾജിയയായി ചെപ്പടിക്കുന്നിൽ ഗാനം മാറുന്നു. വർഷങ്ങൾക്കു മുൻപ് ആ ഗാനം പിറവികൊണ്ടതു തലസ്ഥാനത്തായിരുന്നു. പാടിയതും റിക്കോർഡ് ചെയ്തതുമെല്ലാം പത്മനാഭന്റെ മണ്ണിൽ.

1995ലാണു ദൂരദർശനിൽ ജംഗിൾ ബുക്ക് ആരംഭിച്ചത്. തുടക്കം മുതലേ ചെപ്പടിക്കുന്നിൽ എന്ന ഗാനം കുട്ടികളെ ആകർഷിക്കുന്നതിൽ നിർണായകമായി. ശ്രീവരാഹം സ്വദേശിയായ ഗായികയും സംഗീതജ്ഞയുമായ ലക്ഷ്മി ബെൻസണായിരുന്നു ആ ഗാനം ആലപിച്ചത്. അന്നു ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു ലക്ഷ്മി. കുട്ടികളുടെ ശബ്ദത്തിൽ തന്നെ ഗാനം വേണമെന്നു സംഗീതം നൽകിയ മോഹൻ സിതാരയും പാട്ടെഴുതിയ ബിച്ചു തിരുമലയും ആവശ്യപ്പെട്ടതോടെ ശബ്ദം വ്യത്യാസപ്പെടുത്തിയാണു ലക്ഷ്മി അന്നു ഗാനം പാടിയത്.

സാങ്കേതികമേൻമ ഇല്ലാതിരുന്ന കാലത്ത് അതു വലിയ വെല്ലുവിളിയായിരുന്നു. വഴുതക്കാട് യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഗാനം റെക്കോർഡ് ചെയ്തത്. സിനിമകളിലും അൻപതിലധികം കസെറ്റുകളിലും ദാസേട്ടനൊപ്പം പാടിയിട്ടുള്ള ലക്ഷ്മിക്ക് ഈ ഗാനം നൽകിയ സ്വീകാര്യത വലുതാണ്. 17 വർഷങ്ങൾക്ക് ഇപ്പുറവും മലയാളികൾ ചെപ്പടിക്കുന്നിൽ പാടുകയും ഈ പാട്ടിനെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നതിൽ സന്തോഷിക്കുകയാണു ലക്ഷ്മി.

വെള്ളയമ്പലം ക്രൈസ്റ്റ് നഗർ സ്കൂളിലെ സംഗീത അധ്യാപികയായ ലക്ഷ്മി ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയ ആളാണ്. 2008 റേഡിയോ മാംഗോ ആദ്യമായി സംഘടിപ്പിച്ച നാട്ടിലെ താരം പരിപാടിയിൽ പങ്കെടുത്ത 2,0000 പേരിൽ നിന്നാണു ലക്ഷ്മി വിജയിയായത്. ഇതാണു ലിംക ബുക്കിൽ ഇടംനേടാൻ ലക്ഷ്മിയെ സഹായിച്ചത്. സ്റ്റേജ് ഷോകളിലും ലക്ഷ്മി സജീവമാണ്. ദാസേട്ടനൊടൊപ്പം വിദേശങ്ങളിൽ ഉൾപ്പെടെ ​അനവധി ഷോയിൽ പങ്കെടുത്തിട്ടുണ്ട്.

jungle-book ജംഗിൾ ബുക്കിന്റെ പോസ്റ്റർ ദൃശ്യം

1987 –88 കാലഘട്ട്തിൽ തുടർച്ചയായി രണ്ടു വർഷം ലളിതഗാനത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും. 1991 – 95 കാലഘട്ടത്തിൽ ലളിതഗാനത്തിൽ യൂണിവേഴ്സിറ്റി മത്സരങ്ങളിലും വിജയിയായി. ഓൾ ഇന്ത്യ റേഡിയോയുടെ ലളിതഗാന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കലാങ്കൺ നൃത്ത–സംഗീത വിദ്യാലയത്തിന്റെ ഡയറക്ടർമാരിലൊരാൾ.

ഈ പ്രതിഭയിൽ നിന്നു മലയാളസംഗീതരംഗം കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. എസ്. രത്നാകരൻ ഭാഗതവരാണു ഗുരു. നാലാം വയസ്സ് മുതലാണു സംഗീതത്തിൽ പരിശീലനം തുടങ്ങിയത്. അമ്മ ഗാനഭൂഷണം രാധാ രങ്കൻ. അച്ഛൻ രങ്കൻ. ഇപ്പോൾ ബേക്കറി ജംക്‌ഷൻ ലെനിൻ നഗർ ബെൻസൻ റിക്കാർഡിൻ ‌ടിസി 14/1122ൽ ഭർത്താവും സൗണ്ട് എൻജിനീയറുമായ ബ‌െൻസൺ, എട്ടു വയസ്സുകാരിയായ കൊച്ചുഗായിക ആൻ ബെൻസൺ എന്നിവരോടൊപ്പമാണു താമസം.

Your Rating: