Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചനായി ശങ്കർ മഹാദേവൻ പാടിയ ഗാനം തരംഗമാകുന്നു

sankar-mahadevan-kunchakko-boban

ഗായകൻ ശങ്കർ മഹാദേവൻ മഹാദേവൻ മലയാളത്തിൽ പാടിയ ഗാനങ്ങളെല്ലാം എന്നത്തേയും വലിയ ഹിറ്റുകളായി മാറിയിട്ടുണ്ട്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന സിനിമയിൽ പാടിയപ്പോഴും അതിനു മാറ്റമില്ല. വാനം മേലെ എന്ന പാട്ട് ആലാപനത്തിലെ ചേലും ഈണത്തിന്റെ വ്യത്യസ്തതയും ദൃശ്യങ്ങളിലെ കൗതുകവും പാട്ടിനെ പ്രിയപ്പെട്ടതാക്കുന്നു. 

യുവസംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ് എഴുതി ഈണമിട്ട പാട്ടാണിത്. സൂരജും ഒപ്പം പാടിയിട്ടുണ്ട്. നേരത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിനു സൂരജ് പകർന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധേയമായിരുന്നു. ആ മികവ് ഇവിടെയും ആവർത്തിക്കുന്നു. ഈ ചിത്രത്തിൽ ഒരു ഗാനമേ സൂരജ് ചെയ്തിട്ടുള്ളൂ.

സംഗീത സംവിധാന രംഗത്തിന്റെ തുടക്കത്തിൽ തന്നെ ശങ്കർ മഹാദേവനെ പോലൊരു ഗായകനെ കൊണ്ടു പാടിക്കുവാനായതിന്റെ സന്തോഷത്തിലാണ് സൂരജ്. അങ്ങനെ സാധ്യമായതിന്റെ എല്ലാ ക്രെഡിറ്റും കുഞ്ചാക്കോ ബോബനു നൽകുകയാണ് സൂരജ്. വള്ളീം പുള്ളീം തെറ്റി എന്ന ചിത്രത്തിൽ ഒപ്പം പ്രവർത്തിച്ചതിനു ശേഷമാണ് കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോയിൽ ഗാനമൊരുക്കുവാനുള്ള അവസരം കുഞ്ചാക്കോ ബോബൻ സൂരജിനു നൽകിയത്. 

"വരികളും ഈണവും തയ്യാറാക്കിയ േശഷം ശങ്കർ മഹാദേവനെ കൊണ്ടു പാടിക്കണമെന്നു പറഞ്ഞപ്പോൾ‌ ചാക്കോച്ചൻ എല്ലാ പിന്തുണയും നല്‍കി. ഒരുപാട് ആകാംഷയോടെയാണു റെക്കോർഡിങിനു പോയത്. പണ്ടു ശങ്കർ മഹാദേവന്റെ ഒരു ലൈവ് പരിപാടി കാണുവാൻ ഒരുപാടു കൊതിച്ചിട്ടുണ്ട്. അത്രയേറെ ആരാധിച്ച ഒരു മനുഷ്യനാണു മുൻപിലിരിക്കുന്നതെന്നും അദ്ദേഹം എന്റെ ഈണത്തിൽ പാടുവാൻ പോകുന്നുവെന്നും എനിക്കു ആദ്യം വിശ്വസിക്കുവാനേ ആയില്ല. ചെറിയൊരു പേടിയുമുണ്ടായിരുന്നു എങ്ങനെയായിരിക്കും അദ്ദേഹത്തിന്റെ രീതികളെന്നോർത്ത്. ട്രാക്കൊക്കെ ചെയ്ത് റെഡിയാക്കിയാണു പോയത്. പക്ഷേ നമ്മളെ അത്ഭുതപ്പെടുത്തുന്ന വിനയമായിരുന്നു അദ്ദേഹത്തിനു. പാട്ട് എഴുതി വളരെ ശ്രദ്ധിച്ച് ഉച്ചാരണമൊക്കെ നോക്കിയാണു പഠിച്ചത്. എന്തു തിരുത്തലുകൾ വരുത്തുവാനുള്ള സ്വാതന്ത്ര്യവും അദ്ദേഹം തന്നു. എന്തുമാറ്റം വേണമെന്നു പറഞ്ഞാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്." സൂരജ് മനോരമ ഓൺലൈനോടു പറഞ്ഞു. 

സിനിമയിലെ ബാക്കി ഗാനങ്ങളെല്ലാം ഷാൻ റഹ്മാനാണു ചിട്ടപ്പെടുത്തുന്നത്. ഉദയ സ്റ്റുഡിയോ 30 വർഷങ്ങൾക്കു ശേഷം നിർമ്മിക്കുന്ന ചിത്രമാണിത്. സിദ്ധാർഥ് ശിവയാണു സിനിമ സംവിധാനം ചെയ്യുന്നത്. 

Your Rating: