Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേൾവി കീഴടക്കിയ പുതിയ പാട്ടുകൾ

top-five-may

വിരുന്നെത്തിക്കഴിഞ്ഞു വീണ്ടുമൊരു പാട്ടുകാലം...ഈണങ്ങളുടെ ലോകത്തെ പുതിയ കൂട്ടിക്കെട്ടലുകൾ കാതുകളിൽ ഇമ്പമുണ്ടാക്കുന്നു. ആധുനികതയുടെ ലോകത്ത് പാറി നടന്നും തമിഴിന്റെ തനിനാടൻ വഴികളിലെ കുപ്പിവളത്തുണ്ടുകളെ പരിണയിച്ചും പിന്നെ ബോളിവുഡിന്റെ റൊമാന്റിക് സ്വപ്നങ്ങളിൽ ലയിച്ചുമെത്തുന്ന പാട്ടുകൾ. അറിയാം...കേൾക്കാം അവയെ...

ഒരു വേള വീണ്ടുമീ..

ഹേമന്ദ മാസത്തിന്റെ ശോഭയിൽ വിരിഞ്ഞ ആ പാട്ടിനു ശേഷം..രാഹുൽ രാജ് മലയാളിക്ക് സമ്മാനിക്കുന്ന മെലഡിയാണിത്. തീർത്തും ലളിതമാണ് സംഗീതം.  മമ്മൂട്ടി ചിത്രത്തിലെ ലണ്ടൻ നഗരത്തിന്റെ മനോഹാരിതയിലുള്ള പാട്ട്. ലളിത സുന്ദരമായി ശ്വേതാ മോഹൻ പാടിയ ഗാനം മെലഡികളുടെ കൂട്ടത്തിലേക്കൊരു മുത്തായി ചേർന്ന് കഴിഞ്ഞു. ശാന്തമായി വരികൾക്കൊപ്പമൊഴുകുകയാണ് ഓരോ വാദ്യോപകരണങ്ങളും.വയലിനും പുല്ലാങ്കുഴലും ഇഴചേർത്ത ഓർക്കസ്ട്രയും പാട്ടിലേക്ക് ലയിപ്പിച്ചു കളയുന്ന പല്ലവിയും കേൾ‌വിക്കാരനെ ചേർത്തുനിർത്തുന്നു. 

ഒരു വേള വീണ്ടുമീ..

ഹൃദയാർദ്രി സാനുവില്‍....എന്നെഴുതി വീണ്ടും മലയാള ചലച്ചിത്രത്തിലേക്ക് റഫീഖ് അഹമ്മദെന്ന കവിസാന്നിധ്യം ശ്രദ്ധേയമായി. 

ചെല്ലമ്മ

രണ്ടു ഭാഷകളിലെ വരികൾ, മണ്ണിന്റെ മണമുള്ള വരികൾ, ഈണവും അങ്ങനെ തന്നെ പെരുമാൾ തമിഴിലും ഷോൺ ഹിന്ദിയിലും പാടിത്തുടങ്ങുന്നു. ഏലേലുമ്മാഏലേലു എന്ന് പെരുമാൾ പാടിനിർത്തുമ്പോൾ തന്നെ ആ ഈണത്തിന്റെ മാന്ത്രികതയിലേക്ക് കേട്ടിരിക്കുന്നവരെത്തും. രമേശ് വൈദ്യ എഴുതി ഷോൺ‌ റോൾഡൻ ഈണമിട്ട ഈ പാട്ട് തമിഴ് പാട്ട് നമുക്കൊപ്പം ചങ്ങാത്തം കൂടിക്കഴിഞ്ഞു. സംഗീത സാന്ദ്രമായ തമിഴ് ഭാഷയിൽ വിരിഞ്ഞ ഒട്ടുമേ ഔപരാചിതകളില്ലാത്ത ഈ ജീവസുറ്റ ഗാനം കാതിലങ്ങനെ തങ്ങിനിൽക്കും. കെ പെരുമാളും ഷോൺ റോൾഡനും ലളിത സുധയും ചേർന്നു പാടിയ പാട്ടാണിത്. പെരുമാളിന്റെയും ഷോൺ റോൾഡന്റെയും ആലാപനത്തിനിടയിലൂടെ കയറിയിറങ്ങുന്ന പെൺസ്വരം പാട്ടിനെ കൂടുതൽ ഹൃദ്യമാക്കുന്നു. 

സലാമത്...

അധികാരത്തിന്റെ ഒരിക്കലും തീരാത്ത വൈരത്തിന്റെ ഇരകളാക്കപ്പെടുന്നത് എപ്പോഴും സാധാരണക്കാരിൽ സാധാരണക്കാർ തന്നെ. അവരുടെ പ്രതിനിധികളിലൊരാളാണ് സരബ്ജിത്. ചാരനാണെന്ന് തെറ്റിദ്ധരിച്ച് പാകിസ്ഥാൻ ജയിലിടക്കപ്പെടുകയും, പിന്നീട് അവിടെ കിടന്നു തന്നെ നരകിച്ച് മരിക്കുകയും ചെയ്ത സരബ്ജിത് സിങിന്റെ കഥ പറയുന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും കേഴ്‌വി ഭംഗികൊണ്ടും ദൃശ്യങ്ങളിലെ തീക്ഷ്ണത കൊണ്ടും ഇന്ത്യയുടെയൊന്നാകെ ശ്രദ്ധയേറ്റുവാങ്ങി. സലാമത് എന്ന ഈ പാട്ട് ആ ദുംഖത്തിന്റ ആഴമെന്താണെന്ന് നമ്മിലേക്കെത്തിക്കുന്നു. റഷ്മി വിരാഗിന്റെ വരികൾക്ക് അമാൽ മാലിക് ഈണമിട്ട് അരിജിത് സിങിനും തുൾസി കുമാറിനുമൊപ്പം പാടിയ പാട്ട് നമ്മെ ഈറനണിയിക്കും. 

ബോൽ ദോ നാ സരാ...

ബോളിവുഡിൽ നിന്നു തന്നെയെത്തുന്നു മറ്റൊരു മെലഡി. അസ്ഹറെന്ന ചിത്രത്തിലെ ഈ പാട്ട് യുട്യൂബിൽ നല്ലൊരു വിഭാഗം കാഴ്ചക്കാരേയും നേടിയെടുത്തു. ആറു ലക്ഷത്തിലധികം പേരാണ് അഞ്ചു ദിവസംകൊണ്ട് ഈ വിഡിയോ കണ്ടത്. റഷ്മി വിരാഗ് എഴുതി അമാൽ മാലിക് ഈണമിട്ട് അർമാൻ മാലിക് പാടിയ പ്രണയാർദ്ര ഗാനമാണിത്. അർമാൻ മാലിക്കിന്റെ സ്വരം ചിത്രത്തിലെ നായകനായ ഇമ്രാന്‍ ഹാഷ്മിക്ക് ഏറെയിണങ്ങുന്നുവെന്നതും മറ്റൊരു പ്രത്യേകത. ഉയർന്നും പൊങ്ങിയും താണും പിന്നെ ശാന്തമായും പറന്നു നീങ്ങുന്നൊരു പറവ പാടുന്ന പാട്ടുപോലെ സുന്ദരമാണ് ഈ പാട്ട്. 

മുഴുതിങ്കൾ

വിനീത് ശ്രീനിവാസന്റെ അനായാസ ആലാപനത്തിലൂടെ ഹാർമോണിയത്തിന്റെ താളഭംഗിയിലൂടെ എത്തിയ ഗാനമാണ് മുഴുതിങ്കൾ വാനിൽ തങ്ക ചിരിതൂകുന്നൊരു ചേലാണേ എന്ന ഗാനം. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലെയാണ് ഗാനം. വിനു തോമസ് ആണ് ഈണണിട്ടത്. മെലഡിയും ഒരൽപം താളംതുള്ളിയും നിൽക്കുന്ന ഈണക്കൂട്ടാണീ പാട്ടിന്. ഇടയ്ക്കെത്തുന്ന തവിൽ ഗാനത്തിന് പകരുന്ന ചേല് അതിമനോഹരമാണ്.