Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലിന് ഒരുപാട് ഇഷ്ടമായി ഈ പുലിമുരുകൻ പാട്ട്

naran-mg-pulimurugan

നരൻ എന്ന ചിത്രത്തിലെ വേൽ മുരുകാ ഹരോ ഹര എന്ന പാട്ടിന്റെ ഈണത്തിൽ പുലിമുരുകു വേണ്ടിയും ഗാനം ആലപിച്ച് എം ജി ശ്രീകുമാർ. നരന്റെ ജീവിതത്തെ കുറിച്ചുള്ളതു പോലെ പുലിമുരുകനെ പ്രകീര്‍ത്തിച്ചുള്ള ഒരു ഗാനം. ആവേശമുണർത്തുന്ന ആലാപന ശൈലിയ്ക്കൊപ്പം പുലിമുരുകനിലെ തകർപ്പൻ രംഗങ്ങളും കൂട്ടിച്ചേർത്ത വിഡിയോ രസകരമാണ്. പുലിമുരുകാ ഹരോ ഹരരാ ശൂലായുധാ ഹരോ ഹരാ എന്നാണ് ഈ പാട്ടിൽ വരികൾ തുടങ്ങുന്നത്. വേൽമുരുകാ എന്നാണ് നരനിലെ പാട്ടു തുടങ്ങുന്നത്. 

പുലിമുരുകൻ കണ്ട് ഏറെ ഇഷ്ടപ്പെട്ടപ്പോഴേ എംജി ശ്രീകുമാർ ചിന്തിച്ചതാണ് ഇങ്ങനെയൊരു പാട്ട്. പുലിമുരുകന് എം ജി ശ്രീകുമാറിന്റെ ആദരമാണ് ഈ ഗാനം. രാജീവ് ആലുങ്കലിന്റേതാണു വരികൾ. സ്റ്റീഫൻ ദേവസ്യയാണ് പുതിയ സ്റ്റൈലിൽ ഓർക്കസ്ട്രേഷൻ ചെയ്തത്. മോഹൻലാലിനെ തന്നെയാണ് എം  ജി ശ്രീകുമാർ പാട്ടിന്റെ വിഡിയോ കാണിച്ചത്. 

‘വിഡിയോ ലാലിനു വളരെയധികം ഇഷ്ടപ്പെട്ടു. ഇതുപോലൊരു പാട്ട് പുലിമുരുകനിലുണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു എന്നു പറയുകയും ചെയ്തു’. എം ജി ശ്രീകുമാർ പറഞ്ഞു. ലാലിന് പാട്ട് ഏറെയിഷ്ടപ്പെട്ടുവെങ്കിലും ദൃശ്യങ്ങൾ കുറേ കൂടി ചേർക്കണമെന്നുണ്ടായിരുന്നു. ഇതിനേക്കാൾ നല്ല ഷോട്സുകൾ ഞങ്ങളുടെ കയ്യിലുണ്ട്. പാട്ട് സംവിധായകൻ വൈശാഖിനെ ഏൽപ്പിച്ചാൽ മതി കൂടുതൽ ദൃശ്യങ്ങൾ ചേർത്ത് എഡിറ്റ് ചെയ്ത് തരാമെന്നു പറഞ്ഞു. അങ്ങനെയാണ് വിഡിയോ ഇത്രയും രസകരമായത്. നല്ല പ്രതികരണവും കിട്ടുന്നുണ്ട്. ഏറെ സന്തോഷം. പുലിമുരുകനില്‍ മോഹൻലാലിന്റെ ആക്ഷനൊക്കെ കണ്ടപ്പോഴേ ചിന്തിച്ചതാ ഇങ്ങനെയൊരു വിഡിയോ. എം ജി ശ്രീകുമാർ പറഞ്ഞു. 

പുലിമുരുകന്‍ എന്ന മോഹൻലാല്‍ ചിത്രത്തെ കുറിച്ചോർക്കുമ്പോൾ  നരൻ എന്ന സിനിമയും അറിയാതെ ഓർമകളിൽ വരും. കാടിനോടും പുഴയോടുമൊക്കെ ചേർന്നു നിന്ന് മോഹൻലാൽ സാഹസിക രംഗങ്ങൾ അവതരിപ്പിക്കുന്നു രണ്ടു ചിത്രങ്ങളിലും. പുലിമുരുകനിലേതു പോലെ തകർപ്പൻ ഗാനങ്ങളായിരുന്നു നരനിലും ഉണ്ടായിരുന്നു. പ്രേത്യേകിച്ച് നരനിലെ വേൽ മുരുകാ ഹരോ ഹര എന്ന ഗാനം എം ജി ശ്രീകുമാർ പാടിയ ഏറ്റവും മികച്ച അടിപൊളി ഗാനങ്ങളിലൊന്നു കൂടിയാണ്. പുലിമുരുകനായി ആ ഈണത്തിൽ പാടുമ്പോഴും അതേ അനുഭൂതി തന്നെ. 

Your Rating: