Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷരാവിൽ മഴവിൽ മനോരമയിൽ ‘ജയരാഗങ്ങൾ’

അനന്തപുരിയുടെ ആഘോഷ രാവ് മിനിസ്ക്രീനിലെത്താൻ ഇനി രണ്ടു ദിനം മാത്രം! പാട്ടിന്റെ ലോകത്ത് 20 വർഷം പൂർത്തിയാക്കിയ സംഗീത സംവിധായകൻ എം. ജയചന്ദ്രനെ ആദരിക്കുവാൻ മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ജയരാഗങ്ങൾ’ സംഗീതനൃത്തനിശ മഴവിൽ‌ മനോരമ 31 ന് രാത്രി 10.30 മുതൽ പ്രേക്ഷകരിലെത്തും. ശ്രേയാ ഘോഷാലും യേശുദാസും വിജയ് യേശുദാസും പാട്ടുമായി ഒരേ വേദിയിലെത്തുന്ന പ്രത്യേകത മുതൽ മനംമയക്കുന്ന പാട്ടും നൃത്തവും ഹാസ്യവും ചേർന്ന ആഘോഷരാവെന്ന അഭിപ്രായം നേടിയ പരിപാടിയാണ് ടിവി സ്ക്രീനുകളിലെത്തുന്നത്.

ഇരുപത് വർഷം എം. ജയചന്ദ്രൻ സൃഷ്ടിച്ച മെലഡികളിലൂടെ സംഗീതപ്രതിഭകൾ സഞ്ചരിച്ച രാവ്. ആ പാട്ടുകൾക്ക് നൃത്തച്ചുവടുകളുമായി ചലച്ചിത്ര ലോകത്തെ നർത്തകരും ഒപ്പം കൂടിയ രാവ്, ഫ്യൂഷൻ ലോകത്തിന്റെ ത്രസിപ്പിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകാൻ സ്റ്റീഫൻ ദേവസി-ബാലഭാസ്കർ-കരുണാമൂർത്തി എന്നീ പ്രതിഭാത്രയങ്ങളെത്തിയ രാവ്, നർമക്കൂട്ടുകളുടെ പുത്തൻ വിഭവങ്ങൾ തനതുശൈലിയിൽ പകർന്ന് ടിനി ടോമും സുരാജ് വെഞ്ഞാറമൂടും ഒന്നുചേർന്ന രാവ്, ഇങ്ങനെ ഒട്ടേറെ അമൂല്യനിമിഷങ്ങളാണ് ജയരാഗസന്ധ്യയിൽ ഉണ്ടായിരുന്നത്.

ജയരാഗങ്ങൾ ചിത്രങ്ങളിലൂടെ

ഹിന്ദി ഫ്യൂഷനും മലയാളം പാട്ടുകളുമായി ജയരാഗങ്ങൾ വേദി ശ്രേയാ ഘോഷാൽ കീഴടക്കി. ജയരാഗങ്ങളിലൂടെ വിജയ് യേശുദാസ് ഹരിചരൺ, സുജാത, ശ്വേത മോഹൻ, വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, ശ്രീറാം, സുദീപ്, രാജലക്ഷ്മി എന്നിവരെല്ലാം വേദിയിൽ പാട്ടായി ഒഴുകി. സംവിധായകനും സിനിമാ നിർമാതാവുമായ എം. രഞ്ജിത്തിന്റെ സംവിധാനത്തിൽ സംഘടിപ്പിച്ച നാലുമണിക്കൂർ നീണ്ട കലാസന്ധ്യയിൽ നർത്തകരും അണിചേർന്നു. റിമയും രമ്യ നമ്പീശനും ഇഷാ തൽവാറും അൻസിബയും ഇനിയയും മൃദുല മുരളിയും മണിക്കുട്ടനും ജയരാഗങ്ങളുടെ ഭാവത്തിനും ചടുലതയ്ക്കുമൊപ്പം വേദിനിറച്ചു. പാട്ടിനൊപ്പം നൃത്തത്തിനൊപ്പം വർണങ്ങളേയും പ്രകാശത്തേയും കൂട്ടിക്കലർത്തിയ ലേസർ ഷോ കാഴ്ചയുടെ പുതിയ അനുഭവം സമ്മാനിക്കും.

jayaragangal-mazhavil

ജയരാഗസന്ധ്യയുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത മത്സരത്തിൽ വിജയിയായ അന്ന ബേബിയുടെ പാട്ട് സംഗീതം ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് പുത്തൻ പ്രതിഭയുടെ അനുഭവം പകരും. മനോരമ ഓൺലൈൻ ന്യൂക്ലിയസ് പ്രോപ്പർട്ടീസിന്റെ പിന്തുണയോടെയും കല്യാൺ ജൂവലേഴ്സ്, കെഎസ്എഫ്ഇ എന്നിവരുടെ സഹകരണത്തോടെയും സംഘടിപ്പിച്ച പരിപാടിയാണിത്. നവംബർ 28ന് തിരുവനന്തപുരത്തെ അൽസാജ് കൺവെൻഷണൽ സെന്ററിലാണ് ജയരാഗങ്ങൾ അരങ്ങേറിയത്.