Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴകേ... നിന്നെ കേട്ട് മതിവരുന്നില്ലല്ലോ

premam-song3 മലരേ...പാട്ടിൽ നിന്നൊരു ദൃശ്യം

തെളിമാനത്ത് മഴവില്ല് വിരിഞ്ഞ് നിൽക്കും നേരം ,നീലാകാശത്തിന്റെ മേഘമാലകൾക്കിടയിലിരുന്നാരോ വയലിൻ മീട്ടി. താഴെയിങ്ങകലെയുള്ള പാറക്കൂട്ടങ്ങൾക്കിടയിൽ നിലാവിൻ‌ നിഴലിൽ നിദ്രയിലാണ്ടിരുന്ന വാകപ്പൂക്കൾ പോലും അന്നേരം ഉണർന്നെഴുന്നേറ്റു താളം പിടിച്ചു. അഴകേ എന്നുറക്കെ പാടിയ ആ ഗീതം ഭൂമിയിലെ എല്ലാ അഴകുകളോടുമുള്ള പ്രണയാർദ്രമായ അഭിസംബോധനയായിരുന്നു. അതുകൊണ്ടു തന്നെയാണ് വയലിൻ മാന്ത്രികതയിൽ പിടഞ്ഞുണർ‌ന്ന പാട്ടിന് ഇത്രയേറെ കേഴ്‌വിയെ കീഴടക്കാനായത്. ചിത്രശലഭത്തിന്റെ ഭംഗിയുള്ള നായികയെ നോക്കി താടിക്കാരനായ കാമുകൻ ഉള്ളംതുറന്ന്, പ്രകൃതിയെ സാക്ഷിയാക്കി പാടിയ ഗാനം സ്നേഹിക്കുന്ന മനസുകളുടെയെല്ലാം ഗാനമായി മാറി. പ്രേമമെന്ന ചിത്രം വെള്ളിത്തിരയിലും പിന്നെ പ്രേക്ഷകന്റെ നെഞ്ചിനുള്ളിലും കളിച്ചാടി ഒന്നാം പിറന്നാളിലെത്തുമ്പോൾ താളം പിടിക്കുന്നത് ഈ പാട്ടാണ്....അഴകേയെന്ന വാക്കിന്റെ അഴക് ഈ ഈണത്തിനുള്ളിലാണ് ചാഞ്ഞുറങ്ങുന്നത്....

തെളിമാനം മഴവില്ലിൻ നിറമണിയും നേരം 

നിറമാർന്നൊരു കനവെല്ലിൻ തെളിയുന്ന പോലെ

പുഴയോരം തഴുകുന്നീ തണുനീറൻ കാറ്റും

പുളകങ്ങൾ ഇഴനെയ്തൊരു കുഴലൂതിയ പോലെ

കുളിരേകും കനവിൽ നീ കതിരാടിയ കാലം

മനതാരിൽ മധുമാസം തളിരാടിയ നേരം

അകമരുകും മയിലിണകൾ തുയിലുണരും കാലം

എൻ അകതാരിൽ അനുരാഗം പകരുന്ന .യാമം

അഴകേ....അഴകിൽ തീർത്തൊരു ശിലയഴകേ...

മലരേ എന്നുയിരിൽ വിടരും പനിമലരേ....

2015ല്‍ വിജയ് യേശുദാസിന്റെ സ്വരഭേദ ഭംഗിയില്‍ മലയാളി കേട്ട ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നാണിതെന്നതിൽ സംശയമേതുമില്ല. "വല്ലാത്തൊരു അനുഭവമാണിപ്പോൾ. ഇത്രയും നല്ലൊരു പാട്ടിന്റെ ഭാഗമാകാനും അത് ഒരു കോടിയിലേറെ ജനങ്ങൾ കാണാനുമിടയായി എന്നതൊരു അനുഗ്രഹമായിട്ടാണ് കാണുന്നതെന്നായിരുന്നു വിജയ് യേശുദാസിന്റെ പ്രതികരണം." 

പാട്ടിന്റെ വരികളും ഈണവും ദൃശ്യവും ഒരുപോലെ കണ്ടിരിക്കുന്നവർക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്ന കാഴ്ചയായിരുന്നു മലരേ എന്ന പാട്ട് സമ്മാനിച്ചത്. വേഗത്തിൽ വയലിന്റെ പാച്ചിലിനൊപ്പം പാടിയ പാട്ടിന് ഏറെക്കാലത്തിനു ശേഷം മലയാളി കാത്തിരുന്ന ഒരു ഗീതത്തിന്റെ ചേലായിരുന്നു. രാജേഷ് മുരുഗേശന്റെ സംഗീതം. ശബരീഷ് വർമയുടെ വരികൾ. നവ സംഗീതത്തിന്റെ നിഷ്കളങ്കമായ സാന്നിധ്യവും കവിത്വം തുളുമ്പുന്ന ലളിത സുന്ദരമായ വരികളും ഓർമകളിൽ കുഴലൂതിയങ്ങ് കടന്നുചെന്നത് അതിവേഗത്തിലായിരുന്നു. ഇന്നുമതിന് മാറ്റമേതുമില്ല. യുട്യൂബില്‍ ഒരു കോടി കാഴ്ചക്കാരെയാണ് ഈ പാട്ട് നേടിയെടുത്തത്. മലയാള ഗാനങ്ങളെ സംബന്ധിച്ച് അപൂർവ്വ നേട്ടം. ഒരുപാട് കവർ വേർഷനുകള്‍ പാട്ടിനുണ്ടായതും, വയലിനിലും വീണയിലും പുല്ലാങ്കുഴലിലുമുള്ള നിർത്താതെയുള്ള ഏറ്റുപാടലും എല്ലാം മലരെന്ന പാട്ടിനുള്ള അംഗീകാരമാണ്. പ്രേക്ഷകനും ഈ പാട്ടിന്റെ ഭാഗമാകാൻ കഴിയാതെ പോയ സംഗീതജ്ഞരും മനസിന്റെ ആഴങ്ങളിൽ നിന്നും നൽകുന്ന സ്നേഹമുത്തം. 

വരികളിൽ പിശുക്കു കാട്ടുന്ന പുതിയ കാല ചലച്ചിത്രങ്ങ ഗീതങ്ങള്‍ക്കൊരു അപവാദമായിരുന്നു മലരേ. ശബരീഷ് വർമയുടെ പാട്ടെഴുത്ത് തലയ്ക്ക് പിടിച്ചു മലയാളിയുടെ. വരികൾക്കോരോന്നിനും കരിമേഘങ്ങളെ നോക്കി പീലിവിടർത്തിയാടിയ മയിലിന്റെ ഭംഗിയായിരുന്നു. മലരേ എന്ന് പറയുന്നതിനേക്കാൾ തെളിമാനത്ത് മഴവില്ല് വിരഞ്ഞ നേരം പിറന്ന ഗീതമെന്ന് പറയാൻ ആഗ്രഹിക്കുന്നർ ഏറെയുണ്ട്. മലരേ മാത്രമല്ല, ചിത്രത്തിലെ എല്ലാ പാട്ടുകളും മികച്ചതായിരുന്നു. നമ്മുടെ ഇഷ്ടങ്ങളിൽ കയറിക്കൂടിയവ തന്നെയായിരുന്നു. പാട്ടിനെ തിരച്ചറിയാനുള്ള എളുപ്പത്തിന് അതിന്റെ പേര് മലരേ എന്ന് മാത്രമാക്കി ചുരുക്കിയപ്പോൾ തെളിമാനം മഴവില്ലിൻ നിറമണിയും നേരമെന്ന നല്ലൊരു തുടക്കം എങ്ങോ മാഞ്ഞുപോയെന്ന ചെറിയൊരു സങ്കടവും ഓർക്കാതെ വയ്യ.

 പിയാനോയിലൂടെ വയലിനിലൂടെ പിന്നെ ഒരായിരം വട്ടം കേട്ടാലും കാതിലിങ്ങനെ മഴത്താളം പോലെ അലിഞ്ഞുറങ്ങുന്ന വാദ്യോപകരണങ്ങളിലൂടെ പുതിയൊരു ഈണക്കൂട്ടെഴുതിയ രാജേഷ് മുരുഗേശനും അതുപോലെ തന്നെ. ഗാനരചയിതാവും അതിന് ഈണമിട്ടയാളും പാടിയയാളും ദൃശ്യങ്ങളും ഒരുപോലെ പ്രേക്ഷകന്റെ ഇഷ്ടം നേടിയെടുത്ത അപൂർവ്വത. ഒരായിരം വട്ടം കണ്ടിട്ടും മടുപ്പിന്റെ ചെറുകണിക പോലും നമ്മെ തൊട്ടതേയില്ല. 

തന്റെ കൈക്കുമ്പിളിലിങ്ങനെ പ്രണയിയുടെ മുഖം ചേർത്തുവച്ച് മലരേ നിന്നെ കാണാതിരുന്നാലെന്ന് ഉച്ഛസ്ഥായായിൽ പാടിയപ്പോൾ ഉയർന്നുപൊങ്ങിയത് പ്രേക്ഷകന്റെ മനസുകൂടിയായിരുന്നു. അതിപ്പോഴും അങ്ങനെ തന്നെ മനസിന്റെ ആകാശത്തൂടെയിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുന്ന അരൂപിയായ സംഗീതഭാഷയിൽ മലരേയെന്ന ഗാനവുമുണ്ട്...എന്നുമത് അങ്ങനെ തന്നെയുണ്ടാകും. 

Malare അഴകാണ് നീ...പ്രേമത്തിന്റെ പോസ്റ്ററുകളിലൊന്ന്
Your Rating: