Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വിഡിയോയിലുണ്ട് മലയാളി മങ്ക എങ്ങനെയാകണമെന്ന്

malayali-manka-musical-video

മലയാളി മങ്ക എന്നു കേൾക്കുമ്പോൾ എന്താണ് മനസിലേക്ക് ഓടിയെത്തുന്നത്? കസവു മുണ്ടുടുത്ത് തുളസി കതിർ ചൂടിയ ഒരു പെൺ രൂപം. അല്ലേ? വ്യവസ്ഥാപിതമായിപ്പോയ ആ ചിന്താഗതിയെ പൊളിച്ചടുക്കിക്കൊണ്ടാണ് മലയാളി മങ്ക എന്ന മ്യൂസികൽ വി‍ഡിയോ എത്തുന്നത്. സോഫ്റ്റ്‍വെയർ എഞ്ചിനീയറായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മ്യൂസിക് വിഡിയോ കേരളത്തനിമ പോലെ നമ്മുടെ മനസു നിറയ്ക്കും. ഈണവും വരികളും സ്വരവും അതിനൊപ്പമുള്ള ദൃശ്യങ്ങളും കണിക്കൊന്ന പൂ കാഴ്ച പോലെ ചേലുള്ളത്. 

ഉപ്പൂപ്പാ എന്താണീ മലയാളി മങ്ക എന്നൊരു പെൺകുട്ടി തന്റെ മുത്തച്ഛനോടു ചോദിക്കുന്നതാണ് വിഡിയോയുടെ തുടക്കം. അദ്ദേഹത്തിന്റെ മറുപടിയാണ് വിഡിയോയുടെ ആത്മാവ് എന്നു തന്നെ പറയാം. "അന്റെ ഖൽബാണു മലയാളി മങ്ക" എന്നാണ് ആ ഉപ്പൂപ്പ കുഞ്ഞുമകളോടു പറയുന്നത്. കസവുമുണ്ടുടുത്ത് ചന്ദനക്കുറി പൂശി ഒരുങ്ങുന്നതു മാത്രമല്ല, നാടിന്റെ സംസ്കാരം ഉൾക്കൊണ്ടു ജീവിക്കുന്നതും, മതത്തിനും ജാതിക്കും അപ്പുറം ചിന്തിച്ച്  സമൂഹത്തോട് ഇടപഴകുക എന്നതും കൂടിയാണ് മലയാളി മങ്ക എന്ന ആശയത്തിനു പൂർണതയേകുന്നതെന്നാണ് ഈ വിഡിയോ സംവദിക്കുന്നത്. നവതലമുറയുടെ ഈ പുത്തൻ ആശയം നാളേയ്ക്കു വെളിച്ചമാകട്ടേ...

പാട്ടിനോടുള്ള സ്നേഹമാണ് തിരക്കിട്ട ജോലിക്കിടയിൽ ഡിജോയെ വിഡിയോയിലേക്കെത്തിച്ചത്. കേട്ടും കണ്ടും പഴകിയ മലയാളി മങ്ക സങ്കൽപത്തിൽ നിന്നു മാറി നടന്നു വിഡിയോ ചെയ്യാമെന്ന ആശയവും ഇദ്ദേഹത്തിന്റേതു തന്നെ. സഹപ്രവർത്തക മീരാ ആൻ ജോസ് എഴുതി നൽകിയ വരികളെ ഡിജോ തന്നെയാണ് ഈണമിട്ടു പാടിയതും. ഡിജോയുടെ കൂട്ടുകാർ തന്നെയാണു വിഡിയോയുടെ മറ്റെല്ലാ വശങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്. ടിജോ ടോമ്മിയുടെ ഛായാഗ്രഹണത്തിനു പുലർകാലത്തു കാണുന്ന വയലേലയുടെ ചന്തമുണ്ട്. റോണി ജോർജ് ആണ് ഗിത്താറും മ്യൂസികൽ അറേഞ്ച്മെന്റും. എന്തായാലും ഡിജോയുടെയും കൂട്ടുകാരുടെയും മലയാളി മങ്ക ഈ കേരള പിറവി ദിനത്തിൽ കണ്ട ഏറ്റവും വ്യത്യസ്തമായ വിഡിയോകളിലൊന്നാണെന്നതിൽ സംശയമില്ല.