Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അൻപതു വിരലുകൾ...

mani-iyer പാലക്കാട് മണി അയ്യർ

മൃദംഗമുണ്ടായതു പാലക്കാട് മണി അയ്യർക്കു വേണ്ടിയായിരുന്നെന്ന് ആ മാന്ത്രികവിരൽപ്പെരുക്കങ്ങൾ ഒരിക്കലെങ്കിലും ആത്മാവിലേറ്റുവാങ്ങിയവർക്ക് അറിയാം. ഒരു വാദ്യവും ഒരു കലാകാരനോടും ഇത്രമേൽ ഇണങ്ങിയിട്ടുണ്ടാവില്ല. മണി അയ്യർ കൊട്ടിക്കയറിയ ഉയരങ്ങളിലേക്കു ചെന്നെത്തുക ദുഷ്കരം. അതുകൊണ്ടാണ് ‘കലിയുഗനന്ദി’യെ മറികടക്കാൻ കെൽപ്പുള്ള വിരലുകളൊന്നും മൃദംഗത്തിൽ പതിയാതെ പോയത്.

ഹരികഥാകാലക്ഷേപകലാകാരനായിരുന്നു അച്ഛൻ ശേഷഭാഗവതർ. നല്ലൊരു മൃദംഗവാദകൻ കൂടിയായിരുന്നു അദ്ദേഹം. അമ്മ അനന്താംബാളിനും മൃദംഗം വഴങ്ങുമായിരുന്നു. പഴയന്നൂർ ക്ഷേത്രത്തിൽ നിന്നുയർന്ന വാദ്യമേളങ്ങൾ കേട്ടാണു മണി വളർന്നത്. ആറുവയസ്സുള്ളപ്പോൾ ചാത്തപുരം സുബ്വയ്യരുടെ കീഴിൽ മൃദംഗം പഠിക്കാൻ തുടങ്ങി. ഒൻപതാം വയസ്സിലായിരുന്നു അരങ്ങേറ്റം. പക്കമേളങ്ങൾക്കു വായിക്കാൻ പോകുമായിരുന്ന മണി ലോകത്തെ ആദ്യമായി വിസ്മയത്തിലേക്ക് ഉയർത്തിയതു പന്ത്രണ്ടാം വയസ്സിലായിരുന്നു. സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് ആ കുട്ടി മൃദംഗം വായിച്ചപ്പോൾ സദസ്സ് തരിച്ചിരുന്നുപോയി. അതുപോലൊന്ന് അവർ ആദ്യമായി കേൾക്കുകയായിരുന്നു. ചെമ്പൈയ്ക്കൊപ്പം മണിയെ കച്ചേരിയിൽ പങ്കെടുപ്പിക്കാൻ പകുതിമനസ്സു മാത്രമുണ്ടായിരുന്ന സംഘാടകർ ഒടുവിൽ സ്വർണപ്പതക്കം സമ്മാനിച്ചാണു യാത്രയാക്കിയത്.

പതിനഞ്ചാം വയസ്സിൽ തഞ്ചാവൂർ വൈദ്യനാഥയ്യരുടെ ശിഷ്യനായി ചേർന്നു. മൃദംഗത്തിൽ പിന്നെയങ്ങോട്ടു മണിമുഴക്കമായിരുന്നു. പാലക്കാട് ടി.എസ്. മണി അയ്യരില്ലാത്ത കച്ചേരികൾ ആലോചിക്കാനാവാത്ത അവസ്ഥ. ‘ആകാശത്തിനു സമാനം ആകാശം, സമുദ്രത്തിനു സമാനം സമുദ്രം, മണി അയ്യർക്കു സമാനം മണി അയ്യർ’ എന്നു ശെമ്മാങ്കുടി ശ്രീനിവാസയ്യർ പറഞ്ഞതിൽ എല്ലാമുണ്ട്. അക്കാലത്തെ പുകൾപെറ്റ സംഗീതജ്ഞർക്കെല്ലാമൊപ്പം മൃദംഗത്തിൽ മണി അയ്യരുണ്ടായിരുന്നു. ചെമ്പൈ, ശെമ്മാങ്കുടി, അരിയാക്കുടി, എം.ഡി. രാമനാഥൻ...ആ നിര നീളുന്നു. ശുദ്ധസംഗീതത്തിന്റെ ഉപാസകനായിരുന്നു അദ്ദേഹം. മൈക്ക് സംഗീതത്തിന്റെ തനിമ ചോർത്തിക്കളയുമെന്ന് അദ്ദേഹം കരുതി. സദസ്സിലെ പല തരക്കാരെയും ഒരുപോലെ രസിപ്പിക്കാൻ പോന്ന വൈവിധ്യവും ശേഷിയും മണി അയ്യർക്കുണ്ടായിരുന്നു. 1940ൽ തിരുവിതാംകൂർ മഹാരാജാവ് അദ്ദേഹത്തെ ആസ്ഥാനവിദ്വാനായി തിരഞ്ഞെടുത്തു. 1966ൽ സംഗീതകലാനിധി പട്ടവും 1979ൽ പത്മഭൂഷൺ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. പേരും പ്രശസ്തിയുമുണ്ടായപ്പോഴും മണി അയ്യർ ഒരിക്കലും മാറിയില്ല. ഖദർ മുണ്ടും ഷർട്ടും കൂടെയൊരു ചെറിയ വേഷ്ടിയും..അതുമതിയായിരുന്നു മഹാനായ ഈ സംഗീതജ്ഞന്.

രാഷ്ട്രപതിയുടെ പുരസ്കാരം വാങ്ങാൻ ഈ വേഷത്തിലാണോ പോകുന്നതെന്നു പുരികം ചുളിച്ചവരോട് മണി അയ്യർ പറഞ്ഞത്, എനിക്കു പുരസ്കാരം ലഭിച്ചതു സംഗീതത്തിനാണ്, വേഷവിധാനത്തിനല്ല എന്നായിരുന്നു. മൃദംഗം നന്നായി വായിക്കുക മാത്രമല്ല നന്നായി കൊണ്ടുനടക്കുകയും ചെയ്ത മറ്റൊരാളുണ്ടാവില്ല. മൃദംഗം തുണിയിൽ കെട്ടി കൊണ്ടുപോകുന്ന രീതി അദ്ദേഹം പിന്തുടർന്നില്ല. തുണികൾ ചുറ്റി ബാഗിലാക്കിയാണ് അദ്ദേഹം കച്ചേരികൾക്കു മൃദംഗം കൊണ്ടുപോയിരുന്നത്. ഒന്നിലധികം മൃദംഗങ്ങൾ കൂടെയുണ്ടാകുമായിരുന്നു. ഓരോ മൃദംഗത്തെയും ഓരോ നിറത്തിലുള്ള തുണികൾ കൊണ്ടാണ് പൊതിഞ്ഞിരുന്നത്. വെറുതെ കാണുന്നിടത്തെല്ലാം മൃദംഗം വയ്ക്കുമായിരുന്നില്ല. കടലാസോ തുണിയോ വിരിച്ചു ഭദ്രമാക്കിയശേഷം അതിനു മുകളിലാണ് മൃദംഗം വച്ചിരുന്നത്. വാദ്യത്തോടുള്ള അർപ്പണവും സ്നേഹവും അദ്ദേഹം ഒരിക്കലും കൈവിട്ടുകളഞ്ഞില്ല. പലതരത്തിലുള്ള മൃദംഗങ്ങൾ നിർമിക്കാനും മണി അയ്യർ ഉൽസാഹം കാണിച്ചു. മണ്ണിൽ വരെ അദ്ദേഹം മൃദംഗം തീർത്തു. പല വലിപ്പത്തിൽ, പല മരങ്ങൾ കൊണ്ടുള്ള മൃദംഗങ്ങൾ. മദ്ദളത്തിന്റെയും തിമിലയുടെയും ചെണ്ടയുടെയും താളങ്ങളെ അദ്ദേഹം മൃദംഗത്തിലേക്ക് ആവാഹിച്ചുവരുത്തുമായിരുന്നു. 1975ൽ പൊതുപരിപാടികൾ അവസാനിപ്പിച്ച്, കൃഷ്ണമൂർത്തി ഫൗണ്ടേഷനു കീഴിലുള്ള ഋഷിവാലി സ്കൂളിൽ സംഗീതം പഠിപ്പിച്ചു കഴിയാൻ മണി അയ്യർ തീരുമാനിച്ചു. സംഗീതപ്രേമികൾക്കു തീരാനഷ്ടമായിരുന്നു അത്. പലരും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.

ഒടുവിൽ തമിഴ്നാട് സംഗീത അക്കാദമി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന പുരസ്കാരചടങ്ങിൽവച്ച് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ മണി അയ്യരുടെ മനസ്സു മാറ്റി. പൊതുപരിപാടികളിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിൽ തനിക്കു പരിഭവമുണ്ടെന്നും സംഗീതാസ്വാദകരുടെ അവസ്ഥയോർത്ത് അങ്ങ് തീരുമാനം തിരുത്തണമെന്നുമായിരുന്നു എംജിആറിന്റെ അഭ്യർഥന. ഇതേത്തുടർന്ന് മൃദംഗമാന്ത്രികൻ കച്ചേരികളിലേക്കു തിരികെയത്തി. സംഗീതേതിഹാസങ്ങൾക്കൊപ്പം മൃദംഗം വായിച്ച അദ്ദേഹം പുതിയ തലമുറയ്ക്കൊപ്പവും വലിപ്പചെറുപ്പങ്ങൾ പരിഗണിക്കാതെ വായിച്ചു. ടൈഗർ വരദാചാര്യർ ഒരിക്കൽ പറഞ്ഞു: ‘‘സാധാരണസമയങ്ങളിൽ മണി അയ്യർക്ക് മറ്റെല്ലാവരെയും പോലെ പത്തുവിരലുകളാണുള്ളത്. എന്നാൽ അദ്ദേഹം മൃദംഗം വായിച്ചുതുടങ്ങിയാൽ അൻപതുവിരലുകളുണ്ടോ എന്നു തോന്നിപ്പോകും’’. ചെമ്പൈ ലോകത്തിനു പരിചയപ്പെടുത്തിയ അന്നുതൊട്ട് 1981 മേയ് 30ന് ഈ ലോകത്തു നിന്നു പോയ്മറയുവോളം കുനിയാത്ത ശിരസ്സോടെ, മങ്ങാത്ത പ്രതിഭയോടെ അദ്ദേഹം മൃദംഗത്തിൽ പെയ്തു. പാലക്കാട് ടി.എസ്. മണിഅയ്യരുടെ ഓർമകൾക്കു മരണമില്ല, മൃദംഗമുള്ളിടത്തോളം.