Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബ്ദമില്ലാതായപ്പോഴും പാടിച്ച റഹ്മാൻ

madhubala-min-mini-a-r-rahman

ഇളയരാജ മിൻമിനിയാക്കിയ മിനി ജോസഫെന്ന ആലുവക്കാരി തമിഴിലും മലയാളത്തിലും പാടി നിറയുന്ന കാലം. ചെന്നൈയിൽ കീ ബോർഡിസ്റ്റ് ആയിരുന്ന ദിലീപ് ശേഖറെന്ന ചെറുപ്പക്കാരൻ മിൻമിനിയെ കാണുന്നത് റെക്കോർഡിങ് സ്റ്റുഡിയോകളിലാണ്. ഇടയ്ക്കു പരസ്യ ചിത്ര സംഗീതവും നിർവഹിച്ചിരുന്ന അദ്ദേഹം മിൻമിനിയെകൊണ്ട് ചില ജിംഗിൾസുകൾ പാടിക്കുകയും ചെയ്തു. ഹിറ്റുകളായ ആ ജിംഗിൾസുകളുടെ രസമറിഞ്ഞാണു ‘റോജ’ എന്ന തന്റെ സിനിമയിൽ സംഗീതമൊരുക്കാൻ സംവിധായകൻ മണിരത്നം മതം മാറ്റത്തെ തുടർന്നു റഹ്മാനായി മാറിയ ദിലീപിനെ വിളിക്കുന്നത്. വൈരമുത്തുവിന്റെ സുന്ദരമായ വരികളിൽ കൊഞ്ചലഴകിന്റെ ഈണം പകർന്ന ആദ്യഗാനം പാടാൻ റഹ്മാൻ തിരഞ്ഞെടുത്തതു മിൻമിനിയെ. ‘ചിന്ന ചിന്ന ആസൈ.. ചിറകടിക്കും ആസൈ...’ എന്ന ആ ഗാനം റെക്കോർ‍ഡ് ചെയ്തത് 1992 ജനുവരി 24ന്. ഇന്ത്യൻ ചലച്ചിത്ര സംഗീത രംഗം തന്നെ മാറ്റിമറിച്ച ആ പാട്ടിനു മറ്റന്നാൾ 25 വയസ്. എ.ആർ. റഹ്മാൻ യുഗത്തിന്റെ രജത ജൂബിലി. 

കാൽ നൂറ്റാണ്ടിനിടെ ഇന്ത്യൻ സംഗീതത്തിന്റെ ആഗോള മേൽവിലാസമായി മാറിയ റഹ്മാന്റെ കന്നി ഗാനം മിൻമിനിക്കും മഹാ ഭാഗ്യമായി. 1988ൽ സിനിമാ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച മിൻമിനിയുടെ 182-ാമത്തെ സിനിമാ ഗാനമായിരുന്നു ‘ചിന്ന ചിന്ന ആസൈ..’. പക്ഷേ 181 പാട്ടുകളും നൽകാത്ത പേരും പെരുമയുമായിരുന്നു ആ ഗാനം ഗായികക്കും സമ്മാനിച്ചത്. മിൻമിനി എന്ന പേരിന്റെ സംഗീത മേൽവിലാസമായി മാറി ആ പാട്ട്. 

‘അന്ന് പാടുമ്പോൾ പാട്ട് ഇത്രയേറെ ഹിറ്റാവുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ എല്ലാ പ്രതീക്ഷകളേയും തെറ്റിക്കുന്ന തരത്തിൽ ജനം അത് ഏറ്റെടുത്തു. എവിടെ പോയാലും എല്ലാവർക്കും ആ പാട്ടു മതി. പിന്നീട് തെലുങ്ക്, ഹിന്ദി ഭാഷകളിലും അതേ പാട്ടു തന്നെ പാടി. ആ പാട്ടിന്റെ ശിൽപികളെ ആദരിക്കുന്നതിനു മാത്രമായി ചെന്നൈയിൽ വലിയ ചടങ്ങു പോലും സംഘടിപ്പിച്ചു. പക്ഷേ ആ പാട്ടിന് 25 വയസായെന്നു മാത്രം വിശ്വസിക്കാനാവുന്നില്ല’- റഹ്മാൻ യുഗത്തിന്റെ പിറവി കേട്ട ശബ്ദ മാധുര്യത്തിൽ മിൻമിനി ആ പാട്ടൊർമ പങ്കുവയ്ക്കുന്നു. 

വരി മാറിയ ആസൈ 

1988ൽ സ്വാഗതം എന്ന ചിത്രത്തിൽ കെ.എസ്.ചിത്രയ്ക്കു വേണ്ടിയുള്ള പാട്ടിന്റെ ട്രാക്ക് പാടാൻ പോയ മിൻമിനിയുടെ ട്രാക്ക് തന്നെ ഒറിജിനൽ ഗാനമാക്കാമെന്ന് സംഗീത സംവിധായകൻ രാജാമണി നിശ്ചയിച്ചിടത്താണ് മിൻമിനി എന്ന പിന്നണി ഗായികയുടെ പിറവി. പക്ഷേ ഗായകൻ പി.ജയചന്ദ്രന്റെ ശുപാർശ അനുസരിച്ച് മിൻമിനിയെ ചെന്നൈയിലേക്കു വിളിച്ചു വരുത്തിയ ഇളയരാജയാണ് അവസരങ്ങളുടെ വലിയ ലോകം തുറന്നു നൽകിയത്. ചെന്നൈയിലെത്തി പാടിക്കേട്ട ശബ്ദം ബോധ്യപ്പെട്ടതിനെ തുടർന്ന് ആ ദിവസം തന്നെ ആദ്യ ഗാനവും പാടിച്ചു രാജ. വിക്രം ആദ്യമായി നായകനായ ‘മീര’ എന്ന സിനിമയിലെ ലവ്വണ.. ലവ് എന്ന ഗാനം റെക്കോർ‍ഡ് ചെയ്തത് ഇന്നേക്കു 26 വർഷം മുൻപ് ജനവരി 22ന്. മിനിയെ മിൻമിനിയെന്നു പേരും മാറ്റിയ ഇളയരാജ കൂടുതൽ അവസരങ്ങൾക്കായി ചെന്നൈയിൽ താമസമാക്കാനും നിർദേശിച്ചു. അതിനു ശേഷം ഒരു വർഷം കഴിഞ്ഞായിരുന്നു ചിന്ന ചിന്ന ആസൈയുടെ പിറവി. എം.കെ.അർജുനൻ ഉൾപ്പടെയുള്ളവരുടെ സംഗീത സംവിധാന സഹായിയായിരുന്ന ആർ.കെ.ശേഖറിന്റെ മകനായ എ.ആർ.റഹ്മാന്റെ ആദ്യ ഗാനത്തിന് കൂട്ടായുണ്ടായിരുന്നത് അർജുനൻ മാഷാണെന്നു മിൻമിനി ഓർക്കുന്നു. 

‘സാലിഗ്രാമിൽ ഞങ്ങൾ താമസിച്ചിരുന്നു വീട്ടിൽ വന്നു റഹ്മാന്റെ സ്റ്റുഡിയോയിൽ അത്യാവശ്യമായി ചെല്ലണമെന്നു നിർദേശിച്ചത് അർജുനൻ മാഷാണ്. ഞാൻ അന്നേരം സ്റ്റുഡിയോയിൽ പാടാൻ പോയിരിക്കുകയായിരുന്നു. മടങ്ങിയെത്തി അമ്മച്ചി മാഷ് വന്ന വിവരം പറയുമ്പോഴും എന്തിനാണെന്ന് എനിക്ക് പിടികിട്ടിയില്ല. ഉടൻ സ്റ്റുഡിയോയിലെത്തി. അപ്പോഴാണ് റോജയിലെ പാട്ടിന്റെ കാര്യം അറിയുന്നത്. റഹ്മാന്റെ അമ്മയാണ് ചിന്ന ചിന്ന ആസൈ.. എന്ന വരികൾ പറഞ്ഞു തന്നത്. പാട്ടിന്റെ ഈണം കീ ബോർഡിൽ വായിച്ചുള്ള മ്യൂസിക് ട്രാക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അർജുനൻ മാഷും റഹ്മാനും കൂടി പാട്ടു പഠിപ്പിച്ചു. വേഗം തന്നെ റെക്കോർഡ് ചെയ്യുകയും ചെയ്തു. അന്ന് സംഗീത ഉപകരണങ്ങൾക്കൊപ്പം തന്നെ പാടി റെക്കോർഡ് ചെയ്യുന്ന രീതിയായിരുന്നു ഏറെയെങ്കിലും ഇവിടെ പാട്ട് മാത്രമായാണു റെക്കോർഡ് ചെയ്തത്. പാടിക്കഴിഞ്ഞതും മണിരത്നവും വൈരമുത്തുവും അടുത്തെത്തി അഭിനന്ദിച്ചു. പക്ഷേ വൈകാതെ ചരണം വീണ്ടും പാടേണ്ടി വന്നു, വരികൾ മാറിയതുകൊണ്ടായിരുന്നു അത്. 

‘ചിന്ന ചിന്ന ആസൈ.. സിറഗടിക്കും ആസൈ.. 

മൂടി വയ്ത്ത ആസൈ.. മുടിന്ത് വയ്ത ആസൈ.. 

വെട്ട വെളിയെല്ലാം വട്ടമിട്ട ആസൈ... 

വെണ്ണിലവ് കൊണ്ട് പട്ടം വിട ആസൈ.. ’ 

എന്നായിരുന്നു ആദ്യ വരികൾ. 

‘ചിന്ന ചിന്ന ആസൈ.. സിറഗടിക്കും ആസൈ.. 

മുത്ത് മുത്ത് ആസൈ.. മുടിന്തു വയ്ത ആസൈ.. 

വെണ്ണിലവ് തൊട്ട് മുത്തമിട ആസൈ..‌ 

എന്നൈ ഇന്ത ഭൂമി സുട്രി വര ആസൈ.. ’ 

എന്നു തിരുത്തിയ വരികളാണ് വീണ്ടും പാടിയത്. വരിമാറിയ ആ പാട്ട് പേര് മാറ്റിയ രണ്ടു പേരുടെ തലവര തന്നെ മാറ്റിക്കുറിച്ചു! 

ചിന്ന ചിന്ന ആസൈ നൽകിയ പെരുമയിൽ റഹ്മാനും മിൻമിനിയും സംഗീത ജീവിതത്തിൽ കുതിച്ചുയരവെയാണ് അപ്രതീക്ഷിതമായി മിൻമിനിക്കു ശബ്ദം നഷ്ടമാവുന്നത്. 1994ൽ ഒരു വേദിയിൽ പാടിക്കൊണ്ടു നിൽകെ ശബ്ദം നഷ്ടപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു. അവസരങ്ങൾ നഷ്ടപ്പെട്ട ആ കഷ്ടകാല സമയത്താണ് ഏറെ വിഖ്യാതമായൊരു റഹ്മാൻ മാജിക് താൻ ആദ്യം കണ്ടറിഞ്ഞതെന്നു മിൻമിനി പറയുന്നു. 

‘അന്നൊക്കെ റഹ്മാൻ നേരിട്ടു തന്നെയാണു വിളിക്കുന്നത്. കറുത്തമ്മ എന്ന സിനിമയിൽ ഒരു പാട്ടു പാടാൻ വരണമെന്നു പറയാൻ വിളിക്കുമ്പോൾ ഞാൻ ശബ്ദം നഷ്ടപ്പെട്ടു വീട്ടിൽ വിശ്രമത്തിലാണ്. ശബ്ദം പോയ കാര്യം അറിയിച്ചപ്പോൾ ‘എന്നിട്ടു നീയിപ്പോൾ എന്നോട് ഹലോ പറഞ്ഞല്ലോ’ എന്നായിരുന്നു മറുപടി. അത്ര ശബ്ദമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ എനിക്ക് അത്രയും ശബ്ദം മതിയെന്നായിരുന്നു മറുപടി . അങ്ങനെ ഞാൻ ചെന്നൈയിലെത്തി. ‘പച്ചക്കിളി പാടും ഊര്..’ എന്ന ഗാനമായിരുന്നു എനിക്ക്. പാടാൻ ആവുമായിരുന്നില്ല. ആ പാട്ടു ഞാൻ പാടിയിട്ടുമില്ല. അദ്ദേഹം പറഞ്ഞതനുസരിച്ച് ഓരോ വാക്കും ഈണത്തിൽ പറയുകയായിരുന്നു. അത് പല ടേക്കായി റെക്കോർഡ് ചെയ്തു ഞാൻ മടങ്ങി. പക്ഷേ പാട്ട് പുറത്തിറങ്ങിയതും ഞെട്ടിപ്പോയി. മിക്സിങ്ങിലെ റഹ്മാൻ മാജിക്കിലൂടെ അതൊരു നല്ല പാട്ടായി രൂപപ്പെട്ടിരിക്കുന്നു. തിരുടാ..തിരുടായിലെ രാസാത്തി... എന്ന ഗാനത്തിനായി ഞാനും സുജാതയും ഗംഗയും ചേർന്നു പാടിയ കോറസും ഇതുപോലെ തന്നെയായിരുന്നു. പല സമയത്ത് പല ഹമ്മിങ് ടേക്കുകളായിട്ടായിരുന്നു റെക്കോർഡിങ്. പാട്ട് വന്നപ്പോഴാണ് അതിങ്ങനെയായിരുന്നുവെന്നു മനസിലായത്’ 

ഇരുപതോളം റഹ്മാൻ ഗാനങ്ങൾ ആലപിച്ച മിൻമിനിയും അദ്ദേഹത്തിന്റെ വിജയ രഹസ്യമായി കാണുന്നത് സംഗീതത്തിലെ സമർപ്പണവും സാങ്കേതിക മികവുമാണ്. ജയലളിതയുടെ വളർത്തു മകൻ സുധാകരന്റെ വിവാഹ സൽക്കാരത്തിനായിരുന്നു റഹ്മാന്റെ ആദ്യ സ്റ്റേജ് ഷോ. അതിലും പങ്കാളിയായിരുന്നു മിൻമിനി. ചിന്ന ചിന്ന ആസൈ തന്നെയായിരുന്നു അവിടേയും ആദ്യ ഗാനം. 

ഇഷ്ട ഗാനം 

താൻപാടിയ റഹ്മാൻ ഗാനങ്ങളിൽ മിൻമിനിക്ക് ഏറെ പ്രിയപ്പെട്ടത് ചിന്ന ചിന്ന ആസൈ, പാക്കാതേ.. പാക്കാതേ.., സിത്തിരൈ നിലവ്.. എന്നീ ഗാനങ്ങളാണ്. മറ്റു റഹ്മാൻ ഗാനങ്ങളിൽ നിന്ന് മിൻമിനി തിരഞ്ഞെടുത്ത പ്രിയഗാനങ്ങൾ. 

∙ മാർഗഴി തിങ്കളല്ലവ... 

∙ നെഞ്ചിനിലേ... 

∙ കണ്ണാളനേ... 

∙ ഉയിരേ...ഉയിരേ.. 

∙ സ്നേഹിതനേ... 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.