Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻ സിത്താര നായകനാകുന്നു

mohan-sitara

സംഗീത സംവിധായകൻ മോഹൻസിത്താര  ‘രാമൻ ഇഫക്‌ട്‌’ എന്ന ചെറുസിനിമയിൽ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നു. നവാഗതനായ കിരൺ മോഹൻദാസാണ്‌ ചിത്രത്തിന്റെ സംവിധാനവും ചിത്രസംയോജനവും നിർവഹിക്കുന്നത്‌. 

ഉൾക്കാട്ടിൽ താമസിക്കുന്ന മൂന്നു കർഷകകുടുംബത്തിന്റെ ജീവിതഗന്ധിയായ കഥയാണ്‌ രാമൻ ഇഫക്‌ടിലൂടെ പറയുന്നത്‌. ഉൾക്കാട്ടിൽനിന്ന്‌ മലഞ്ചരക്ക്‌ വിൽക്കാനായി നഗരത്തിലേക്കുപോയ മകൻ രാമുവിനെ കാത്തിരിക്കുകയാണ്‌ പരമു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന്‌  പരമുവും ബന്ധുക്കളും രാമുവിനെ തേടി ഉൾക്കാട്ടിലൂടെ അലയുന്നതാണ്‌ രാമൻ ഇഫക്‌ടിന്റെ ഇതിവൃത്തം.

മോഹൻസിത്താര പരമുവിന്റെ വേഷവും ഭാര്യ കൗസുവായി ജിജി യോഗിയും രാമുവായി ആബേൽ ഗോമസും അഭിനയിക്കുന്നു. പരേതനായ നടൻ സന്തോഷ്‌ ജോഗിയുടെ ഭാര്യയാണ് ജിജി യോഗി.  ഉത്തര ജയൻ, സുനിൽ ബി. മേനോൻ, അജയ്‌ഘോഷ്‌, രാജേഷ്‌ മേനോൻ, ശ്രീകാന്ത്‌ എന്നിവരും പ്രധാനകഥാപാത്രങ്ങൾക്ക്‌ വേഷപ്പകർച്ച നൽകുന്നു.

രാജേഷ്‌ അരവിന്ദാണ്‌ ചീഫ്‌ സിനിമാട്ടോഗ്രാഫർ, സോണിജോസഫും ധനേഷ്‌കൃഷ്‌ണയും ചേർന്നാണ്‌ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്‌.  ധനേഷ്‌കൃഷണയും ആബിദ്‌ അറബിയും ചേർന്ന് ചിത്രം നിർമിക്കുന്നു.

ശബ്‌ദമിശ്രണം: റിച്ചാർഡ്‌. കോസ്റ്റ്യും ആൻഡ് മേക്കപ്പ് : വിജീഷ്‌ വേണു.