Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടുമതിവരാതെ ഈ പാട്ടുകൾ

top-malayalam-songs-recently

ഒന്നു തിരിഞ്ഞു നോക്കിയാൽ ഇനിയും നമ്മുടെ വർത്തമാനങ്ങളിൽനിന്നു മാഞ്ഞുപോയിട്ടില്ലാത്ത കുറേ ചലച്ചിത്രങ്ങളുണ്ട്. ആ ചിത്രങ്ങളെ നമുക്കിടയിൽ സജീവമാക്കിനിർത്തുന്ന കാരണങ്ങളിലൊന്ന് അവ‌യിലെ മനോഹരമായ പാട്ടുകളാണ്. വർഷത്തിന്റെ പാതി കടന്നുപോകുമ്പോൾ ഒന്നുകൂടി ഓർത്തെടുക്കാം കേൾവിയിൽ മായാതെ നിൽക്കുന്ന ചില ചലച്ചിത്രഗാനങ്ങളെ. 2015 ജൂൺ മാസത്തിനു ശേഷം മലയാളത്തിലിറങ്ങിയ സിനിമകളിലെ ഏറ്റവുധികം ശ്രദ്ധനേടിയ ഗാനങ്ങളെ. 

മലരേ നിന്നെ കാണാതിരുന്നാൽ...

പൂവു പോലെ സുന്ദരമായിരുന്നു പ്രേമം എന്ന സിനിമയും അതിലെ ഈണങ്ങളും. പ്രത്യേകിച്ച്, മലരേ നിന്നെ കാണാതിരുന്നാലെന്ന പാട്ട്. ശബരീഷ് വർമ കുറിച്ച് രാജേഷ് മുരുഗേശൻ ഈണമിട്ട ഗാനമാണിത്. പോയ വർഷം വിജയ് യേശുദാസിന്റെ സ്വരത്തിൽ കേട്ട മനോഹരമായ ഗാനങ്ങളിലൊന്നും ഇതുതന്നെയാണ്. യുട്യൂബിൽ കഴിഞ്ഞ ജൂണ്‍ 20നാണ് ഈ വിഡിയോ എത്തിയത്. ഇതുവരെ ഒരു കോടിയിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ഈ പാട്ടു നമ്മൾ കേട്ടത്. 

മുക്കത്തെ പെണ്ണ്...

എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ...എന്ന പാട്ടും പ്രണയഗീതങ്ങൾക്കിടയിലേക്കങ്ങനെയൊരു വെള്ളരിപ്രാവു പോലെ ചിറകടിച്ചു പറന്നു കയറി. അറബിയിലും ഹിന്ദിയിലും മലയാളത്തിലുമെഴുതിച്ചേർത്ത പ്രണയാർദ്രമായ വരികൾ കണ്ണുനനയിച്ചു. ഇരുവഴിഞ്ഞിപ്പുഴയുടെ കരയിലെ, ഒന്നുചേരാനാവാതെ പോയൊരു പ്രണയത്തെക്കുറിച്ചു പറഞ്ഞ ചിത്രം, എന്നു നിന്റെ മൊയ്തീനിലെ ഗാനമാണിത്. ആ പ്രണയം പോലെ കടലാഴമുള്ള പാട്ട്. മനസിനടിത്തട്ടിൽനിന്നങ്ങനെ നിർത്താതെ മുഴങ്ങുന്ന പാട്ട്. മഖ്ബുൽ മൻസൂൽ എന്ന നവാഗതൻ ഗോപിസുന്ദറിനൊപ്പം അഞ്ചു മിനിറ്റു കൊണ്ടാണ് ഈ പാട്ട് എഴുതിത്തീർത്തത്. മൻസൂൽ പാടിയപ്പോൾ, അന്നോളം കേൾക്കാത്തൊരു സ്വരത്തിന്റെ വശ്യതയും ഈണവും മലയാളിയുടെ ചിന്തയെ ഹരംപിടിപ്പിച്ചു. 

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

ഒരു കുഞ്ഞുസ്വരത്തിന്റെ ഭാവഭേദങ്ങളിൽ കേട്ട പാട്ട്. മുറ്റത്തെ കുഞ്ഞുമുല്ലയിൽ വിരിഞ്ഞ പൂവിന്റെ സുഗന്ധം പോലെ നമുക്കൊപ്പം കൂടിയിട്ടു കുറേയായി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നാദിർഷ ഈണമിട്ട പാട്ട് ശ്രേയാ ജയദീപ് ആണ് ആലപിച്ചത്. ഏച്ചുകെട്ടലുകളില്ലാത്ത വരികളും ശ്രേയയുടെ നിഷ്കളങ്കമായ ആലാപനവും സുന്ദരമായി അത് വെള്ളിത്തിരയിൽ അവതരിപ്പിച്ച മീനാക്ഷിയും പ്രേക്ഷകരുടെ സ്നേഹമേറെ നേടി. അമര്‍ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഗാനമാണിത്.

ഹേമന്ദമെൻ കൈക്കുമ്പിളിൽ

ഹേമന്ദത്തിലെ നിലാവു പോലെ സുന്ദരമാണ് കൊഹിനൂർ എന്ന ചിത്രത്തിലെ ഈ ഗാനം. ഏറെ നാളായി കേൾക്കാൻ കാത്തിരുന്നതുപോലെ ഈ മെലഡിയെ പാട്ടിഷ്ടക്കാർ നെഞ്ചോടു ചേർത്തു. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് രാഹുൽ രാജ് ഈണമിട്ട പാട്ടിൽ വിജയ് യേശുദാസിന്റെ ആലാപനഭംഗി തുളുമ്പുന്നുണ്ട്. തന്റെ മലയാളം പാട്ടുകളിൽ വിജയ്ക്കു പ്രിയപ്പെട്ടതാണ് ഇത്. 

മുത്തേ പൊന്നേ പിണങ്ങല്ലേ

ജീവിതത്തിൽ ആദ്യമായി അഭിനയിക്കുന്ന  സിനിമ. അതിൽത്തന്നെ സ്വന്തമായി രചിച്ച് ഈണമിട്ട പാട്ടു പാടി അഭിനയിക്കാൻ സാധിക്കുക. അത് ആസ്വാദകർ ഏറ്റെടുക്കുക. തിരുവനന്തപുരം തമ്പാനൂരിൽ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടു തൊഴിലാളിയായ സുരേഷിന് മലയാള സിനിമ കാത്തുവച്ചത് ഈ സൗഭാഗ്യമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സുരേഷ് പത്തുവർഷം മുൻ‌പ് കുറിച്ച ഈ പാട്ട് ആക്‌ഷൻ ഹീറോ ബിജുവെന്ന ചിത്രത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഇടുക്കി

മഞ്ഞു പുതച്ചെത്തുന്ന മഴയുള്ള നാട്, കൺനിറയെ കാണുവാൻ പൂക്കളും പുഴകളും മലകളും ശലഭങ്ങളുമുള്ള മലനാട്. അതാണ് ഇടുക്കി. ആ ഇടുക്കിയെക്കുറിച്ചാണ് മഹേഷിന്റെ പ്രതികാരത്തിൽ റഫീഖ് അഹമ്മദ് എഴുതിയത്. മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകുന്ന പെണ്ണാണ് ഇടുക്കിയെന്നായിരുന്നു കവി എഴുതിയത്. ബിജിബാൽ ഈണമിട്ടു പാടിയ പാട്ട് സമകാല മലയാളസിനിമാ ഗാനങ്ങളിൽ വേറിട്ടുനിൽക്കുന്നു. പാട്ടിന്റെ ദൃശ്യങ്ങളും ജീവസ്സുറ്റതായിരുന്നു. ചിത്രത്തിനൊപ്പം ഈ പാട്ടും ഹിറ്റായി.

പൂക്കൾ പനിനീർപൂക്കൾ

ഇന്നലെകളിലെ ചലച്ചിത്ര ഗാനങ്ങൾക്ക് മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സൗന്ദര്യം പകർന്ന സംഗീത സംവിധായകനാണ് ജെറി അമൽ ദേവ്. ഇരുപതുവർഷത്തിനു ശേഷം അദ്ദേഹം മലയാളത്തിലേക്കു മടങ്ങിവന്നത് ഈ പാട്ടിലൂടെയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് ഈണമിട്ടു തുടങ്ങിയ സംഗീത ജീവിതത്തിൽ വന്ന വലിയ ഇടവേളയ്ക്കു വിരാമമിട്ടതും പൂക്കളെക്കുറിച്ചു പാടിയ പാട്ടാണെന്നത് യാദൃശ്ചികത. ലളിത സംഗീതത്തിന്റെ ഭംഗിയറിയിച്ച പാട്ടിന് പനിനീർപൂക്കളുടെ നിർമലത പകർന്ന വരികൾ സന്തോഷ് വർമയുടേതാണ്. പാടിയതോ, ദാസേട്ടനും വാണി ജയറാമും. 

എന്റെ ജനലരികിലിന്ന്

മലയാളിയുടെ ചിന്തകളെല്ലാം ഒരുപാട് മോഡേണായിരിക്കാം. പ്രണയത്തിലും നവീനത കടന്നുകൂടിയിരിക്കാം. പക്ഷേ തനിനാടൻ പ്രണയചിന്തകളെക്കുറിച്ചെഴുതിയ ഈ വരികൾ മലയാളി അത്രയേറെ ഇഷ്ടത്തോടെയാണ് നെഞ്ചോടു ചേർത്തത്. തന്റെ ജനലരികിൽ വിരിഞ്ഞ ജമന്തിപ്പൂവാണ് പ്രണയിനിയെന്ന് ചിന്തിച്ച മനസിന്റെ പാട്ട് ഭാവഗായകന്റെ സ്വരത്തിൽ കേട്ടപ്പോൾ മറ്റെല്ലാം മറന്ന് കാതോർത്തിരുന്നു നാം. സു സു സുധി വാത്മീകത്തിലെ ഈ ഗാനം രചിച്ചത് സന്തോഷ് വർമയാണ്. 

പുഴുപുലികൾ പക്കി പരുന്തുകൾ

ലളിതവും ശക്തവുമായ കവിതകൾ എപ്പോഴും ജനകീയമായിട്ടുണ്ട്. പ്രത്യേകിച്ച് അവ ചലച്ചിത്രങ്ങളിലൂടെയാണ് കേട്ടതെങ്കിൽ. അൻവർ അലി രചിച്ച് നടൻ വിനായകൻ ഈണമിട്ട ഈ പാട്ട് ചിന്തകളിലേക്കു തുളച്ചുകയറി. കമ്മട്ടിപ്പാടമെന്ന ചിത്രത്തിലേതാണീ ഗാനം. സമൂഹത്തിന്റെ ലംബമാനമായ വളർച്ചയ്ക്കിടയിൽ അരികു ചേർക്കപ്പെട്ടുപോയവന്റെ ഉൾവിളിയെക്കുറിച്ചുള്ള വരികൾക്ക് ശബ്ദത്തിലൂടെ പ്രൗഢിയേകിയത് സുനിൽ മത്തായിയും സാവിയോ ലാസുമാണ്. 

തിരുവാവണി രാവ്

ഈ വരുന്ന ഓണനാളിൽ നമ്മളൊരുപക്ഷേ ഏറ്റവുമധികം കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങളിലൊന്നാകുമിത്. തിരുവാവണി രാവു പോലെ ഭംഗിയുള്ള പാട്ട് ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലേതാണ്. ഉണ്ണി മേനോന്റെയും സിത്താരയുടെയും സ്വരങ്ങളൊന്നുചേർന്ന ഗാനം കുറിച്ചത് മനു മഞ്ജിതാണ്. ഷാൻ റഹ്മാന്റെ ഈണത്തിൽ പിറന്ന പാട്ടിലെ ദൃശ്യങ്ങളും ഏവർക്കുമിഷ്ടമായി. 

പശ്യതി ദിശി ദിശി

പശ്യതി ദിശി ദിശി...എന്ന തുടക്കം പോലെ അൽപം ക്ലേശകരമാണീ  പാട്ടിന്റെ വരികൾ. പക്ഷേ മധുശ്രീ നാരായണന്റെ സ്വരസൗന്ദര്യത്തിൽ ഈ പാട്ട് ആ അകൽച്ചയെ മായ്ച്ചുകളഞ്ഞു. മധുശ്രീക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിക്കൊടുത്തത് പാട്ടിന്റെ കൂടി ആലാപനത്തിനാണ്. പാട്ടിന് ഈണമിട്ടതിന് അച്ഛൻ രമേശ് നാരായണൻ മികച്ച സംഗീത സംവിധായകനായെന്ന അപൂർവതയുമുണ്ട്.. 

പുതിയ സിനിമകളില്‍ നല്ല പാട്ടുകളുണ്ടാകുന്നില്ലെന്ന് പലരും പരിഭവം പറയാറുണ്ട്. അത്തരം പരാതികൾക്കിടയിലും, കേട്ടുകൊണ്ടേയിരിക്കാൻ നമ്മെ കൊതിപ്പിക്കുന്ന പാട്ടുകളാണിത്.