Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാതീതം ഇൗ സുപ്രഭാതം

subbalakshmi.jpg.image.784.410

എക്കാലത്തെയും സുന്ദരമായ സുപ്രഭാതമാണ് എം.എസ്. സുബ്ബലക്ഷ്‌മി. സൗമ്യമധുരമായ പ്രാർഥനാസുപ്രഭാതത്തിലൂടെ എത്രയോ പേരെ ആ സംഗീതവിദുഷി ഇന്നും ശുഭദിനങ്ങളിലേക്കുണർത്തിക്കൊണ്ടേയിരിക്കുന്നു. ഇന്ന്, ഈ ജന്മശതാബ്ദി ദിനത്തിലും അനേകായിരങ്ങൾ ആ സുപ്രഭാതം കേട്ടാണല്ലോ ഉണർന്നത്.

എംഎസ് – കർണാടകസംഗീത മാധുര്യത്തിന് ഇരട്ടി മധുരമായി കടന്നുവന്ന ആ മഹാഗായിക. ഇന്നും പ്രഭാതത്തെ വിളിച്ചുണർത്തുന്നു, ഭക്തിയെ സുഗന്ധപൂരിതമാക്കുന്നു, നമ്മുടെ യാത്രകളെ തന്റെ സംഗീതത്തോടൊപ്പമുള്ള സഹയാത്ര നൽകി രാഗസുന്ദരമാക്കുന്നു, വിദേശത്തുള്ള ഇന്ത്യക്കാരെ നാടുമായി അടുപ്പിക്കുന്നു, കണ്ണുകളിൽ നീരുണ്ടെന്നും നമ്മളെ ഓർമപ്പെടുത്തുന്നു...

അദ്ഭുതമല്ലേ? അതെ. കാലാതീതമായ സംഗീതവിസ്മയമാണ് എം.എസ്. സുബ്ബലക്ഷ്‌മി. തംബുരുശ്രുതിയും ശബ്ദവും ഏതെന്നു വേർതിരിച്ചെടുക്കാ‍ൻ സാധിക്കാത്തവണ്ണം ശ്രുതിശുദ്ധമാണ് എംഎസിന്റെ പാട്ട്. രാഗാലാപനം ഹ്രസ്വവും ഭാവം നിറഞ്ഞതും. നീട്ടിവലിച്ചുള്ള ആലാപനം നന്നെ കുറവ്. ചിട്ടയോടുകൂടിയ പാഠാന്തരത്തിലാണു കീർത്തനങ്ങൾ പാടാറുള്ളത്.
പ്രതാപകാലത്തും കീർത്തനങ്ങൾ പഠിക്കുവാൻ അവർ മഹാനായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ സമീപിക്കുവാൻ ഒട്ടും മടികാണിച്ചില്ല.

ഏതാണ്ട് 2500 കൃതികൾ എംഎസിനു മനഃപാഠമായിരുന്നത്രേ. പല കൃതികളും പഠിക്കുവാൻ ഇന്നും വിദ്യാർഥികൾ എംഎസിന്റെ ശൈലിയെയാണ് അനുകരിച്ചു പോരുന്നത്. അനുകരിക്കുവാൻ കഴിയുന്ന ശൈലി എന്നതുതന്നെ ഒരു അനുഗ്രഹം. ചില ബാണികൾക്ക് ഈ പ്രത്യേകതയുണ്ട്. ‘ബാണി’ എന്നതു കർണാടക സംഗീതത്തിന്റെ തുടർച്ചയെ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ്.

എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി എന്നിവരുടെ ശൈലിയെ പിന്തുടർന്ന് വിദ്യാർഥികൾക്കു കർണാടക സംഗീതത്തിന്റെ പടികൾ ചവിട്ടിക്കയറാൻ എളുപ്പമാണ്. ചില ബാണികൾ അനുകരിക്കുവാൻ പറ്റാത്തവിധം ശൈലീകൃതമാണ്. എം.ഡി. രാമനാഥൻ, ഫ്ലൂട്ട് മഹാലിംഗം എന്നിവർ ഈ കൂട്ടത്തിൽപ്പെടും.

എംഎസിന്റെ സ്വീകാര്യത എത്രമാത്രം ഇതിനു സഹായകമായി എന്നു പറയേണ്ടതില്ലല്ലോ. ഗായികയുടെ ‘നല്ല ശബ്ദം’ എന്നുള്ളത് ഒരു വരദാനം മാത്രമായിട്ടാണു പലരും സങ്കൽപിച്ചിട്ടുള്ളത്. വരദാനം തന്നെ. എന്നാൽ, ഈ ദാനം തന്ന ശബ്ദത്തിന്റെ സൗകുമാര്യവും നിയന്ത്രണവും ഭാവതീക്ഷ്ണതയും നിരന്തരസാധകം ഒന്നുകൊണ്ടു മാത്രം ഗായിക സൃഷ്ടിച്ചെടുക്കുകയാണു ചെയ്യുന്നത്.

എംഎസിന്റെ അക്ഷരസ്ഫുടത, ഗമക പ്രയോഗം, സാഹിത്യത്തിനു പ്രാധാന്യം നൽകുംവിധം പദങ്ങൾ മുറിക്കുന്നത്, ആലാപന മാധുര്യം എന്നിവ കഠിന പ്രയത്നവും ഇച്ഛാശക്തിയുംകൊണ്ടു സ്വായത്തമാക്കിയതാണ്. പലർക്കും നിസ്സാരമായി തോന്നാവുന്ന കാര്യങ്ങളാണ് ഈ സവിശേഷതകൾ. എന്നാൽ, ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നവർക്ക് ഇതു മനസ്സിലാവും, തീർച്ച.

സംഗീതത്തിന്റെ ഉള്ളിലെ ഈ മനോഹാരിതയാണ് എംഎസിനെ സ്തോത്രങ്ങളിലേക്കും സഹസ്രനാമങ്ങളിലേക്കും എത്തിച്ചത്. അതീവ ഹൃദ്യമായി എംഎസ് അവ ആലപിക്കുകയും ചെയ്തു. ഭക്തിയുടെ പര്യായമായി എംഎസിനെ ആളുകൾ വാഴ്ത്തുവാൻ ഇതു കാരണവുമായി.

ശകുന്തളയായും മീരയായും സിനിമയിലും കൂടി എംഎസ് പ്രത്യക്ഷപ്പെട്ടപ്പോൾ അവരുടെ സംഗീതത്തിനു ജനമനസ്സുകളിലേക്ക് എളുപ്പം കയറിച്ചെല്ലാൻ സാധിച്ചു. ഒട്ടേറെ അംഗീകാരങ്ങൾ തേടി എത്തിയപ്പോഴും സംഗീതത്തോടുള്ള ഭക്തിയിൽ മുഴുകിയിരിക്കുവാനാണ് എംഎസ് ഇഷ്ടപ്പെട്ടത്. അധികമൊന്നും മിണ്ടാതെ ഒരു ഓരം പറ്റി, അവർ പാടിപ്പോന്നു. എനിക്കു പറയാനുള്ളതു സംഗീതത്തിൽ കൂടി പറയുന്നുണ്ട് എന്നുപോലും പറയാൻ അവർ മെനക്കെട്ടില്ല.

ബുദ്ധിമുട്ടുകളും വിവേചനങ്ങളും നേരിടേണ്ടി വന്ന ഗായികയായിരുന്നു എംഎസ്. പക്ഷേ, ആ നെ‍ഞ്ചിലെ കനൽ ആരും അറിഞ്ഞിരുന്നില്ല. അവർ പറഞ്ഞതുമില്ല. ഒരിത്തിരി കയ്പു പോലും എംഎസ് നമുക്കു വിളമ്പിയിട്ടുമില്ല. തന്നതു ത്രിമധുരം മാത്രം.

എംഎസിന്റെ ഓർമകൾ സിഡിയായും ഗ്രന്ഥങ്ങളായും കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളായും ഫോട്ടോ പ്രദർശനങ്ങളായും തപാൽ സ്റ്റാംപുകളായും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴും,നമ്മുടെ ദിവസങ്ങൾ ശുഭ പ്രഭാതങ്ങളിലൂടെ സംഗീതാത്മകമായി വിടരുമ്പോഴുമൊക്കെ സംഗീതം സ്നേഹം മാത്രമാണ് എന്നു നമ്മൾ തിരിച്ചറിയുന്നു. ആ സ്നേഹലക്ഷ്മിക്ക് ഈ ശതാബ്ദിവേളയിൽ സഹസ്രപ്രണാമം.

Your Rating: