Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെല്ലിസൈ മന്നന്‍ വിട പറഞ്ഞു

MSV1

ലളിതസംഗീത മാന്ത്രികതകൊണ്ട് തെന്നിന്ത്യൻ സംഗീതലോകത്തെ തന്റെ ആരാധകരാക്കിമാറ്റിയ സംഗീത സംവിധായകൻ എംഎസ് വിശ്വനാഥന്‍ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ ചികിൽസയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 4.30 ഓടെയായിരുന്നു എംഎസ്‌വിയുടെ അന്ത്യം. സംസ്‌കാരം നാളെ രാവിലെ ചെന്നൈയില്‍ നടക്കും. അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീത നൽകുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട് എംഎസ് വി. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അർത്ഥത്തിൽ മെല്ലിസൈ മന്നർ എന്നാണ് തമിഴ് സിനിമാ ലോകത്ത് എംഎസ് വി അറിയപ്പെടുന്നത്.

മലയാളവും തമിഴും കന്നടയും അടക്കമുള്ള തെന്നിന്ത്യൻ സിനിമാസംഗീതത്തിന് എംഎസ്‌വി നൽകിയ സംഭാവനകൾ വളരെ വലുതാണ്. ''ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി'' (ലങ്കാദഹനം), ''നിനയ്ക്ക് തെരിന്ത മനമേ'' (ആനന്ദജ്യോതി), ''ശൊന്നതു നീ താനാ...'' (നെഞ്ചിൽ ഒരു ആലയം), ''ഓടിവാ നിലവേ...'' (ഉയർന്ത മനിതൻ), ''എന്നെ എടുത്ത്, തന്നൈ കൊടുത്ത്...'' (പടകോട്ടി), ''ചിന്നം ചെറുകൺമലർ...'' (പതിഭക്തി), ''മലര്ക്ക് തെന്റെൽ പകൈയാനാൽ...'' (എങ്ക വീട്ടുപിള്ളൈ) ''കൺപൊണ പോക്കിലേ...'' (പണം പടൈത്തവൻ), ''എങ്കേ നിമ്മതി...'' (പുതിയ പറവൈ), ''നിലാവേ എന്നിടം...'' (രാമു), ''നാളാം നാളാം തിരുനാളാം...'' (കാതലിക്ക നേരമില്ലൈ) തുടങ്ങി എത്ര കേട്ടാലും മതി വരാത്ത നിരവധി ഈണങ്ങൾ എംഎസ്‌വിയുടെതായി പിറന്നിട്ടുണ്ട്.

Evergreen Hits of MS Viswanathan

1928 ജൂൺ 24നു പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻനാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായാണ് മനങ്കയത്ത് സുബ്രമണ്യൻ വിശ്വനാഥൻ എന്ന എംഎസ് വിശ്വനാഥൻ ജനിച്ചത്. നാലാം വയസ്സിൽ അച്ഛന്റെ മരണവും ദാരിദ്ര്യവും മൂലം അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും അന്ന് മുത്തച്ഛനാണ് വിശ്വനാഥനെ രക്ഷിച്ചത്. ദാരിദ്രം നിറഞ്ഞ ജീവിതം വിശ്വനാഥനെ സിനിമാതീയേറ്ററിൽ കടല വിൽപ്പനക്കാരനാക്കി. സംഗീതത്തോടുള്ള താൽപര്യം എംഎസ് വിയെ നീലകണ്ഠ ഭാഗവതരിൽ എത്തിച്ചു. അവിടെ നിന്നാണ് എം എസ് വി എന്ന സംഗീതജ്ഞന്റെ പിറവി.

പതിമൂന്നാം വയസിൽ എം എസ് വി തന്റെ ആദ്യ കച്ചേരി നടത്തി. 1952 ൽ പണം എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് സിനിമാസംഗീതലോകത്തേയ്ക്ക് കടക്കുന്നത്. ടി കെ രാമമൂർത്തി എന്ന വയലിൻ വിദ്വാനുമായി ചേർന്ന് വിശ്വനാഥൻ രാമമൂർത്തി എന്ന പേരിലാണ് എംഎസ്‌വി ആദ്യകാലത്ത് ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി നൂറിൽ അധികം ചിത്രങ്ങൾക്ക് ഈ കൂട്ടുകെട്ട് സംഗീതം പകർന്നിട്ടുണ്ട്. 1965 ൽ ഈ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷമാണ് എം എസ് വി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്.

1965 മുതൽ ഏകദേശം 1100 ൽ അധികം സിനിമകൾക്ക് ്അദ്ദേഹം സംഗീതം നൽകിയിടുണ്ട്. തമിഴ്‌സിനിമാലോകത്ത് അതിപ്രശസ്തനായി നിന്ന സമയത്തും എംഎസ്‌വി നിരവധി മലയാള സിനിമകൾക്കുവേണ്ടി സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. 1971 ൽ പുറത്തിറങ്ങി ലങ്കാദഹനം എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് പണിതീരാത്ത വീട്, ജീസസ്, വെല്ലുവിളി, വാടകവീട്, ലോറി, കോളിളക്കം, മർമ്മരം, ഐയ്യർ ദ ഗ്രേറ്റ് തുടങ്ങി നിരവധി മലയാള സിനിമകളിലെ ഗാനങ്ങൾക്ക് എംഎസ് വി ഈണം പകർന്നിട്ടുണ്ട്. ചിട്ടപ്പെടുന്ന ഗാനങ്ങളുടെ മാധുര്യം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച സംഗീതസംവിധായകനാണ് എംഎസ് വിശ്വനാഥൻ. 87-ാം വയസിലും സംഗീതത്തിന്റെ ആ രാഗസൂര്യൻ പൂർണ്ണ തേജസോടെ തിളങ്ങി നിൽക്കുകയാണ്, ഒരിക്കലും വിസ്മൃതിയിലാഴാത്ത നിരവധി ഗാനങ്ങൾ സമ്മാനിച്ച്...

എംഎസ് വിശ്വനാഥൻ ഈണം നൽകിയ പ്രശസ്ത മലയാള ഗാനങ്ങൾ

ഈശ്വരനൊരിക്കൽ വിരുന്നിനുപോയി ( ലങ്കാദഹനം)

അറബിക്കടലിളകിവരുന്നു (മന്ത്രകോടി)

കണ്ണുനീർത്തുള്ളിയെ (പണിതീരാത്ത വീട്)

ആകാശരൂപിണി (ദിവ്യദർശനം)

അമ്പലവിളക്കുകൾ (ദിവ്യദർശനം)

വീണപൂവേ കുമാരാശാന്റെ വീണപൂവേ (ജീവിക്കാൻ മറന്നുപോയ സ്ത്രീ)

ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം)

നിശീഥിനി നിശീഥിനി ( യക്ഷഗാനം)

മുത്തുക്കുടക്കീഴിൽ (രാജയോഗം)

ഹരിവരാസനം (ശബരിമലയിൽ തങ്ക സൂര്യോദയം)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.