Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോപി സുന്ദറിന്റെ ചാർലി സംഗീതം

charlie

സംഗീത സംവിധാനം-ഗോപീ സുന്ദർ എന്ന ടൈറ്റിൽ ചലച്ചിത്രങ്ങളിലേറ്റവുമധികം കണ്ട വർഷമായിരുന്മു 2015. ഹൃദ്യമായ ഈണങ്ങളെന്ന് കേഴ്‌വിക്കാരനെക്കൊണ്ട് പറയിക്കുവാൻ വ്യത്യസ്തമായ ഈണങ്ങളിലൂടെ അവരുടെ മനസിലേക്ക് അനായാസം കടന്നുചെല്ലുവാൻ അദ്ദേഹത്തിനു സാധിച്ചു. മുക്കത്തെ പെണ്ണെന്ന പാട്ടിനു ശേഷം വീണ്ടും ഗോപീ സുന്ദർ പാട്ടുപ്രേമികളുടെ ശ്രദ്ധ തന്റെ ഈണങ്ങളിലേക്ക് ചേർത്തുവയ്ക്കുകയാണ് ചാർളിയിലൂടെ. ദുൽഖർ സൽമാനും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പുറത്തിറങ്ങിയ അഞ്ചു പാട്ടുകളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ആ പാട്ടുകളിലേക്ക്...

അകലെ

മാൽഗുഡി ശുഭ ഏറെക്കാലത്തിനു ശേഷം മലയാളത്തില്‍ പാടാനെത്തിയത് ഗോപീ സുന്ദറിന്റെ ഈ പാട്ടിനാണ്. ചാർളിയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട പാട്ടും ഇതുതന്നെ. അകലങ്ങളകലെ നിന്നെ തീർത്തും അനൗപചാരികത നിറഞ്ഞ പാട്ട്. മാൽഗുഡി ശോഭയുടെ അനുകരണങ്ങൾക്കതീതമായ ശബ്ദവും അവരുടെ മലയാളം ഉച്ഛാരണവും പാട്ടിന് വൈവിധ്യം നൽകുന്നു. ഉടുക്കു കെട്ടി കാട്ടിലേക്ക് നടന്നു നീങ്ങുമ്പോൾ ആരോ പാടുന്ന പാട്ട്. കാടിനെ കുറിച്ചോർമിപ്പിക്കുന്ന സംഗീതം. ആഫ്രിക്കൻ സംഗീതവും നമ്മുടെ നാടൻ സംഗീതത്തിന്റെ ഈണങ്ങളും കൂട്ടിക്കലർത്തിയ പാട്ട്. അകലെയെന്ന പാട്ട് ഒരുപാടകലേക്ക് മനസിനെ കൊണ്ടുപോകുന്നു. വരികൾ കുറവാണെങ്കിലും പാട്ടിന് ഭംഗിയേറെയാണ്. മലയാളമറിയാത്ത മാൽഗുഡി ശുഭക്ക് അധികം വരികളൊന്നും പാടേണ്ടി വന്നിട്ടില്ല. അകലെയെന്ന വാക്കിന് ശബ്ദവ്യതിയാനങ്ങൾ വരുത്തിയത് തന്നെയാണ് പാട്ടിന്റെ ആകർഷണീയമായ ഘടകങ്ങളിലൊന്ന്. വരികളെന്തെന്നറിയാൻ അൽപം പാടുപ‌െടുമെങ്കിലും ഓർക്കസ്ട്രയുടെ അമിതോപയോഗമില്ലാത്തത് പാട്ടിനെ വേറിട്ട് നിർത്തുന്നു.

malgudi-sobha-in-charlie ദുൽഖർ സൽമാൻ, മാൽഗുഡി ശുഭ, ഗോപീ സുന്ദർ

പുതുമഴയായ്*

മഴത്തുള്ളി പോലുള്ള ശബ്ദത്തിൽ ശ്രേയാ ഘോഷാൽ പാടിയ പാട്ട്. പുതുമഴയായ്.. ചിറകടിയായി...സുന്ദരമായ പ്രണയഗീതമാണ്. ശ്രേയയുടെ ശബ്ദത്തിന്റ മനോഹാരിതയെ തഴുകി കടന്നുപോകുന്ന ഓർക്കസ്ട്ര. ശ്രേയയുടെ മലയാളം പാട്ടുകളിലേക്കിതാ മറ്റൊരു മെലഡി കൂടി. ചാർളിയിലെ ഈ പാട്ട് കേൾക്കുമ്പോൾ പ്രകൃതി അപൂർവമായി തരുന്ന ചില ദൃശ്യങ്ങളെ പ്രണയം തുളുമ്പുന്ന മനസോടെ നാം നോക്കിനിന്നു പോകും.

പുതുമഴയായ് എന്ന പാട്ട് ദിവ്യ എസ് മേനോൻ എന്ന ഗായികയും പാടിയിട്ടുണ്ട്. ശ്രേയയാണോ ദിവ്യയാണോ നന്നായി പാടിയതെന്നു പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം രണ്ടും രണ്ടുതരം ശബ്ദമാണ്. ദിവ്യ നന്നായി പാടിയിട്ടുമുണ്ട്. ശ്രേയയുടേത് മൃദുലമായ ശബ്ദമാണെങ്കിൽ ദിവ്യയുടേത് കുറേകൂടി തീക്ഷണമാണ്. രണ്ടു തരം കേഴ്‍‌വിക്കാരേയും ആകർഷിക്കാൻ പാകത്തിലുള്ള പാട്ടാണിത്.

ഒരു കരിമുകിലിന്

ജയ് ഹോയിലെ പാട്ടുകാരന്റെ നാലാമത്തെ മലയാളം പാട്ടാണിത്. മലയാളിയല്ലെന്ന പോരായ്മകൾ പാട്ടിലധികമില്ല. പടവുകൾ ഓടിക്കയറുന്ന പോലുള്ള സംഗീതം വിജയ്‌യുടെ ശബ്ദത്തെ എടുത്തുകാണിക്കുന്നു. ശബ്ദത്തിൽ വരുത്തിയ വ്യതിയാനങ്ങൾ അതിമനോഹരം. ഴ, റ, ര എന്നിങ്ങനെ മലയാളിയല്ലാത്ത പാട്ടുകാരനെ കുടുക്കുന്ന വാക്കുകളെ വിജയ് പ്രകാശ് അതിജീവിച്ചുവെന്നു പറയാം. ഈണത്തിലെ ഉയർച്ച താഴ്ചകളിൽ വിജയ്‌യുടെ ശബ്ദം മാറുന്നത് നല്ല കേഴ്‌വി സുഖം തരുന്നു. ഓർക്കസ്ട്രയിൽ തീർത്തും വ്യത്യസ്തമായ ഈണക്കൂട്ടുകളാണ് ഗോപീ സുന്ദർ ഒരുക്കിവച്ചിരിക്കുന്നത്.

Vijay Prakash, Gopi Sunder, Dulquer വിജയ് പ്രകാശ്, ഗോപീ സുന്ദർ, ദുൽഖർ സൽമാൻ

പുലരികളോ

സാക്സോഫോണിന്റെ മനോഹരമായ സംഗീതവഴിയിലൂടെ നമുക്ക് പാട്ടിലേക്കെത്താം. പിന്നെ ശക്തിശ്രീ ഗോപാലനും മഖ്ബുൽ മൻസൂറും ചേർന്നു പാടിയ പാട്ടിലേക്കെത്താം. പുലരികളോ എന്ന ഗാനം ആരംഭിക്കുന്നതിങ്ങനെയാണ്. പാട്ടിലേക്ക് ശ്രോതാവിനെയെത്തിക്കാൻ പോന്ന സാക്സോഫോൺ ഈണം. മുക്കത്തെ പെണ്ണെന്ന പാട്ടുപാടിയ മഖ്ബൂൽ മൻസൂറിന്റെ ശബ്ദം അതിവിദഗ്ധമായി ഗോപീ സുന്ദർ ഈ പാട്ടിലും ഉപയോഗിച്ചിരിക്കുന്നു. പ്രസരിപ്പുള്ള ശബ്ദത്തിൽ ശക്തിശ്രീ പാടുമ്പോൾ കേട്ടിരിക്കുന്നവരുടെ മനസിനെ പാട്ടുവഴികളിലൂടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു മഖ്ബൂലിന്റെ ശബ്ദം.

Gopi Sunder ഗോപീ സുന്ദർ

സ്നേഹം നീ നാഥാ

ക്രിസ്മസ് കാലത്ത് കേൾക്കാനൊരു മനോഹരമായ ക്രിസ്തീയ ഭക്തിഗാനവും ചാർളിയിലുണ്ട്. രാജലക്ഷ്മി പാടിയ പാട്ടിനൊപ്പം സഞ്ചരിക്കുവാൻ ഒപ്പം ചേർത്ത വയലിൻ നാദം പള്ളിമണി മുഴങ്ങുന്ന ഒരു അന്തരീക്ഷം മനസിലേക്കെത്തിക്കുന്നു. രാജലക്ഷ്മിയുടെ ശബ്ദവും പാട്ടിന് നന്നായി ഇണങ്ങുന്നു.

ds-gopi ദുൽഖർ സൽമാൻ,ഗോപീ സുന്ദർ

ഒരു ചിത്രത്തിൽ തന്നെ ഒന്നിനോടെന്ന് ഏറെ അകലം പാലിക്കുന്ന ഈണങ്ങളെ ചേർക്കാനുളള ഗോപീ സുന്ദറിന്റെ വൈദഗ്ധ്യം ഒന്നുകൂടി തെളിഞ്ഞുകണ്ട പാട്ട്. ഓർക്കസ്ട്രയുടെ അലർച്ചയില്ലാത്ത ഒരുപിടി നല്ല ഈണങ്ങൾ. ഓരോ പാട്ടിന്റെയും മനസറിഞ്ഞ് ഗോപീ സുന്ദർ തിരഞ്ഞെടുത്ത വാദ്യോപകരണങ്ങളെല്ലാം അസാമാന്യ ചേർച്ചയുള്ളവയായി. അതു തന്നെയാണ് ചാർളിയിലെ പാട്ടുകളുടെ ഏറ്റവുമ വലിയ പ്രത്യേകതയും. ചാർളിയിലെ പാട്ടുകൾ കേൾക്കാനിരിക്കുന്ന കേഴ്‌വിക്കാരന്റെ മനസിലേക്ക് വൈവിധ്യമാർന്ന പാട്ടുകൾ സമ്മാനിക്കുകയാണ് ചാർളി‌യിലെ പാട്ടുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.