Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസ്വാഗതം അദ്നാൻ സമി

Adnan-Sami

ആർഡി ബർമൻ ലണ്ടനിൽ ഒരു കച്ചേരി നടത്താനെത്തുമ്പോൾ പത്തുവയസുകാരനായ കുഞ്ഞ് സംഗീത പ്രേമിയുണ്ടായിരുന്നു കാണികളുടെ കൂട്ടത്തിൽ. ലോകം കണ്ട സംഗീത പ്രതിഭകൾ പാടാനെത്തിയ ആ വേദിയിൽ അത്ഭുത‌ം കൂറിയ കണ്ണുകളുമായി നിന്ന അവന് അന്നവിടെയെത്തിയ ഒരു പാട്ടുകാരിയുമായി കുറച്ചു നേരം സംസാരിച്ചിരിക്കുവാനായി. അവരുടെ വാക്കുകളാണ് പിന്നീടവന്റെ ജീവിതത്തെ നിർവചിച്ചത്. അവനെ പാട്ടുകാരനാക്കിയത്. ആ സംഗീതജ്ഞയുടെ പേര് ആശാ ഭോസ്‌ലേ...ആ പത്തുവയസുകാരൻ അദ്നൻ സമി. അദ്നൻ സമിക്കുളള ഇന്ത്യൻ പൗരത്വം ഇന്നുമുതൽ പ്രാബല്യത്തിൽ വരുമ്പോൾ നമ്മളൊരു കാര്യമറിയണം കുറേ സംഗീത ആൽബങ്ങൾ ചെയ്തു തന്നതു മാത്രമല്ല സമിയും ഇന്ത്യയും തമ്മിലുള്ള ബന്ധം.

ഔപചാരികതയുടെ വാക്കുകളിലൂടെ ഇന്ന് ഇന്ത്യയുടെ ഭാഗമായ സമി ഇന്ത്യൻ മനസുകളിലൊരിക്കലും പാകിസ്ഥാൻ‌കാരനായിരുന്നില്ല. സമിയുടെ ജീവിതത്തെ കുറിച്ച് അറിയുന്നതിനു മുൻപ് ഇന്ത്യൻ സംഗീതവുമായി ആ ജീവിതം എത്രത്തോളം അടുത്തിരിക്കുന്നുവെന്ന് മനസിലാക്കണം. ഇലക്ട്രിക് പിയാനോയിൽ ആദ്യമായി ഇന്ത്യൻ ശാസ്ത്രീയ സംഗീതം വായിച്ച സംഗീതജ്ഞനാണ് സമി. സ്കൂൾ അവധിക്കാലത്ത് അമ്മയുടെ നാടായ ഇന്ത്യയിലെത്തിയപ്പോൾ പണ്ഡിറ്റ് ശിവകുമാർ ശർമയ്ക്കു കീഴിൽ സംഗീത പഠനമാരംഭിച്ചു.

പാകിസ്ഥാൻകാരനായ അച്ഛനും ഇന്ത്യക്കാരിയായ അമ്മയ്ക്കും ഓഗസ്റ്റ് 15 1973ൽ ലണ്ടനിലാണ് അദ്നാൻ സമി ജനിക്കുന്നത്. പതിനാലിലേറെ രാജ്യങ്ങളിൽ പാക് അംബാസിഡറായി പ്രവർത്തിച്ച പിതാവിനൊപ്പം സഞ്ചരിച്ചതാകും ജീവിതത്തെ ഇത്രയും വിശാലമായി കാണുവാനും ആരും പാടിത്തരാത്ത ഈണങ്ങൾ കൂട്ടിച്ചേർക്കുവാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ലണ്ടനിലെ പ്രശസ്തമായ കിങ്സ് കോളെജിൽ നിന്ന് വിദ്യാഭ്യാസം നേടിയെ ശേഷം പൂർണമായും സംഗീതത്തിന്റെ ലോകത്തേക്ക്. പട്ടിണി ബാധിച്ച എത്യോപയ്ക്ക് വേണ്ടി പതിനാറാം വയസിലെഴുതിയ പാട്ടിന് യുണിസെഫിന്റെ അംഗീകാരം. ആശാ ഭോസ്‌ലെയ്ക്കൊപ്പം കഭീ തോ നസർ മിലാവോ എന്ന ആൽബത്തിലൂടെ അദ്നൻ സാമി ഇന്ത്യക്ക് സമ്മാനിച്ചത് എക്കാലത്തേയും സുന്ദരമായ കുറേ പ്രണയഗീതങ്ങൾ. ഈ ആൽബത്തിന്റെ രണ്ട് മില്യൺ കോപ്പികളാണ് ഇന്ത്യയിൽ മാത്രം വിറ്റഴിഞ്ഞത്. അനിൽ മെഹ്ത ചിത്രീകരിച്ച ഗോവിന്ദയും അദിതി ഗോവിത്രികറുമൊക്കെ അഭിനയിച്ച ആ വീഡിയോ സോങുകൾ ഇന്ത്യൻ സംഗീത ചരിത്രത്തിന്റെ ഭാഗമാണ്. 2002ൽ പെപ്സിയുടെ ഇന്ത്യൻ അംബാസിഡറായി ഈ ഗായകൻ. വശ്യമായ സംഗീതവുമായി അതിർത്തിക്കപ്പുറത്തു നിന്ന് ഒരുപാട് പേർ ഇന്ത്യയിലേക്കെത്തിയിട്ടുണ്ട്. എങ്കിലും ഇന്ത്യൻ മനസുകളോടിത്രയേറെ അടുത്ത മറ്റൊരു സംഗീതജ്ഞനല്ല. ഇത് വെറുതെ പറഞ്ഞതല്ല, പാക് ദിനപത്രമായ ഡാൺ എഴുതിയതാണിത്.

അസഹിഷ്ണുതയുടെ മൂടുപടം അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന കാലത്ത് താൻ ഇന്ത്യൻ മണ്ണിന്റെ ഭാഗമാകുമെന്ന് അദ്നാൻ സമി ചിന്തിച്ചിരിക്കില്ല. നിറഞ്ഞ ചിരിയോടെ ഇതെന്റെ പുതുവർഷ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാകും. അദ്നൻ സമി ഇന്ത്യൻ പൗരത്വത്തിനുള്ള കാത്തിരിപ്പിലാണെന്ന ഒരുപക്ഷേ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും അജ്ഞാതമായിരിക്കാം. കാരണം അവർക്കേറ്റു പാടാൻ അനവധി സുന്ദരമായ ഗാനങ്ങൾ സമി പാടിക്കൊടുത്തിട്ടുണ്ട്. സമിയെന്ന പേര് കേട്ടാസ്വദിച്ച ഒരുകൂട്ടം നല്ല ഗാനങ്ങളെ പോലെ ചേര്‍ത്തുവയ്ക്കുന്നതുകൊണ്ടാകാം അത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.