Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീ മായും നിലാവോ...എങ്ങനെ മറക്കും ഈ ഗാനം

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച അഭിനേതാക്കളുടെ ഇന്നലെകൾ നമ്മൾ മലയാളികൾക്ക് പലപ്പോഴും അത്ഭുതമാകാറുണ്ട്. അവർ ഒരുകാലത്ത് മലയാള സിനിമയുടെ ഭാഗമായിരുന്നുവെന്നും ക്ലാസിക് ആയ ചില മുഹൂർത്തങ്ങൾ അവർ സമ്മാനിച്ചിട്ടുണ്ടെന്നും അറിയുമ്പോഴാണ് അങ്ങനെ തോന്നുക. സറീന വഹാബും കമൽഹാസനും അങ്ങനെ നമ്മെ അത്ഭുതപ്പെടുത്തിയവരാണ്. അവർ ഒന്നുചേർന്ന മദനോത്സവവും അതിലെ രാജുവും എലിസബത്തും മലയാളത്തിന്റെ മനസിന്‍ വെള്ളിത്തിരയിലെ രണ്ടു അവിസ്മരണീയ കഥാപാത്രങ്ങളാണ്. മദനോത്സവം എന്ന ആ ചിത്രവും അതിലെ പാട്ടുകളും പ്രണയത്തിന്റെ കാൽപനികതയും കുസൃതിയും വിരഹത്തിന്റെ അടങ്ങാത്ത നോവും മനസിൽ സമ്മാനിച്ച ആവിഷ്കാരങ്ങളാണ്. ഈ സിനിമയിലെ ആ ഗാനമാണ് മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സിൽ സയനോരയും രാജലക്ഷ്മിയും ചേർന്നു പാടുന്നത്. നീ മായും നിലാവോ...എന്ന പാട്ട്.

കാലമെത്ര പിന്നിട്ടിരിക്കുന്നു, പ്രണയത്തിനു പുതിയ നിർവചനങ്ങളും രീതികളും സിനിമയിൽ വന്നുേചർന്നിരിക്കുന്നു. പുതിയ രീതികളിലൂടെയുള്ള ഈ സംഗീത പരിപാടിയിൽ പോലും ഇവർ ഈ പാട്ട് പാടാൻ തെരഞ്ഞെടുത്തതും അത് അത്രയേറെ മനസിൻ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതുകൊണ്ടാണ്. ഇന്നും കേൾക്കുമ്പോൾ പേരറിയാത്ത എന്തോ ഒന്ന് മനസിനു സുഖവും നോവും പകരുന്നതുകൊണ്ടാണ്. ഗിത്താർ വായിച്ചുകൊണ്ട് സയനോര പാടുകയും അതിനൊപ്പം ആർദ്രമായി രാജലക്ഷ്മി ബാക്കിങ് വോക്കൽ നൽകുമ്പോൾ ആ പഴയ ഗാനം പുതുഭാവത്തിൽ ഹൃദയഹാരിയായി കേൾവിക്കാരിലേക്കെത്തുകയാണ്. 

സലിൽ ചൗധരിയുടെ സ്വപ്ന തുല്യമായ ഈണത്തിനു വരികൾ ഓഎൻവിയുടേതായിരുന്നു. പാടിയത് യേശുദാസും. ആ പാട്ടിനെ ഇത്രയേറെ മനോഹരമാക്കിയത് യേശുദാസിന്റെ ആത്മാംശമുള്ള ആലാപനം കൊണ്ടുമാത്രമല്ല. അതിന്റെ കോറസും  അതിമനോഹരമായിരുന്നു. സിനിമയിലെ സന്ദർഭത്തിനനുസരിച്ച് കാലാതീതമായി പാട്ടെഴുതാനുള്ള ഓഎൻവിയുടെ മികവ് പ്രകടമായ പാട്ടിന്റെ ആത്മാവ് ആ കോറസിലും കൂടിയാണ് അനുവാചകരിലേക്കെത്തുന്നത്. ജീവിതത്തിൽ നിന്നു മാഞ്ഞുപോകുന്ന പ്രണയിനിയുടെ വിരഹം, ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി നിലാവ് അകന്നുപോകുന്നതിനേക്കാൾ ആഴമുള്ള നഷ്ടമാണെന്നാണ് പാടുന്നത്. അത് എത്രശരിയാണ്. അല്ലേ? നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടങ്ങളാണല്ലോ മറ്റെന്തിനേക്കാളും നമ്മെ നോവിക്കുന്നത്. പ്രണയം നിലാവു പോലെയാണെന്നും കണ്ടു കൊതിതീരാത്തൊരു രാത്രിയെ വകഞ്ഞു മാറ്റി സൂര്യരശ്മി എത്തുന്നേരും മനസിലുണ്ടാകുന്നൊരു വിങ്ങൽ പോലെയാണ് അത് നഷ്ടപ്പെടുമ്പോൾ എന്നും പറയുന്നതും എഴുതുന്നതും എത്ര അർഥവത്താണെന്ന് ഈ പാട്ടിൽ തന്നെയുണ്ട്. ഈ പാട്ട് മനസിനെ കൊളുത്തിവലിക്കുന്നതും അതുകൊണ്ടാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.