Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലതാ മങ്കേഷ്കറെ അത്ഭുതപ്പെടുത്തിയ പാക് ഗായകൻ

lata-aslam ലതാ മങ്കേഷ്കർ, അസ്ലം

അസ്‌ലം താങ്കളെ പോലൊരു പ്രതിഭ ഇനിയും പാടണം...റിക്ഷ ഓടിച്ചു നടക്കേണ്ട ഒരാളല്ല താങ്കൾ...ലതാ മങ്കേഷ്കറെന്ന ഇതിഹാസം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകള്‍ പ്രതിധ്വനിക്കുന്നത് ഇങ്ങനെയാണ്. പാട്ടെന്നാൽ നമുക്കത് ലതാ മങ്കേഷ്കറാണ്. കാലഘട്ടം സമ്മാനിച്ച ഈ സ്വരമാധുരിയിൽ നിന്ന് ഇത്രയും നല്ല വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ആർക്കാണ്. ആ മനസിനെ തൊട്ട ആലാപനം ആരുടേതാണ്.

അയാളൊരു പാകിസ്ഥാനിയാണ്. അങ്ങനെയല്ല പറയേണ്ടത്. മനുഷ്യൻ കെട്ടിത്തിരിച്ച അതിരുകൾക്കപ്പുറം കടന്നുവന്നൊരു പാട്ടനുഭമാണെന്ന് എന്നാണ് പരിചയപ്പെടുത്തേണ്ടത്. അത്രയേറെ സുന്ദരമാണ് ആ ആലാപനം. പേര് മുഹമ്മദ് അസ്‌ലം. തിരക്കുള്ള റോഡരികിൽ തന്റെ ഓട്ടോയിലെ ‍ഡ്രൈവർ സീറ്റിലിരുന്ന് കാമറയിലേക്ക് നോക്കി യാദ് പിയാ കി...എന്ന് പാടുമ്പോൾ ലോകത്തിന് അതെത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമായി മാറുമെന്നോ തന്റെ മനസിനുള്ളിൽ ആ സ്വപ്നം യാഥാർഥ്യമാകുമെന്നോ ഈ സാധാരണക്കാരൻ ചിന്തിച്ചിരിക്കാനിടയില്ല. ആ ശബ്ദവും ആലാപനത്തിലെ ഭാവവും മറ്റെല്ലാത്തിനും മീതെയാണെങ്കിൽ കൂടി.

ലതാജീ തന്നെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത് വായിച്ചപ്പോൾ അസ്‌ലമിന്റെ കണ്ണുനിറഞ്ഞുപോയി. എന്തുകൊണ്ടെന്നാല്‍, എന്നെങ്കിലുമൊരിക്കൽ തന്നിലെ ഗായകനെ ലോകം തിരിച്ചറിയണം, പാട്ടുലോകത്തെ പ്രതിഭകളിൽ നിന്ന് നല്ല വാക്കു കേൾക്കണം. അങ്ങനെയുള്ള കുഞ്ഞു ആഗ്രഹങ്ങളായിരുന്നു അസ്‌ലമിനുണ്ടായിരുന്നത്. പാട്ടിന്റെ ദേവിയെന്ന് താൻ വിളിക്കുന്നയാളിൽ നിന്നു തന്നെ ആ വാക്കുകൾ കേട്ടപ്പോൾ തന്റെ സ്വപ്നം യാഥാർഥ്യമായെന്ന്, തനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനമായെന്ന് അസ്‌ലം പറയുന്നു. ശരിയാണ് സംഗീത ലോകത്ത് പുരസ്കാരങ്ങൾ വാരിക്കൂട്ടി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽ‌ക്കുന്നവർക്ക് പോലും ഈ ആഗ്രഹം ഇപ്പോഴും ബാക്കിയായിരിക്കാം.

അസ്‌ലമിന്റെ സുഹൃത്താണ് പാടുന്ന വിഡിയോ ഫേസ്‌ബുക്കിൽ അ‌പ്‌ലോഡ് ചെയ്തത്. നിമിഷങ്ങൾക്കകമാണ് അത് വൈറലായതും. ലക്ഷക്കണക്കിനാളുകൾ പോസ്റ്റ് ഷെയർ ചെയ്തു. അത് ലതാ മങ്കേഷ്കറിൽ വരെ വന്നെത്തുകയും ചെയ്തു. പാട്ടുലോകത്തെ ആരുമറിയാത്ത മാണിക്യത്തേടി അപൂർവ സമ്മാനമെത്തിയത് അങ്ങനെയായിരുന്നു. ഓട്ടോക്കാരനായ തനിക്ക് എങ്ങനെയാണ് പാടാനാകുക, പാട്ടിനെ കുറിച്ച് എന്തറിവാണുള്ളതെന്നാണ് ആളുകൾ ചിന്തിക്കുക. പക്ഷേ ഇവർക്കാർക്കുമറിയാത്തൊരു കാര്യമുണ്ട്. കുഞ്ഞിലേ മുതൽക്കേ ഞാൻ പാടാറുണ്ട്. ഒരു പാട്ടു കേട്ടിഷ്ടപ്പെട്ടാൽ അതിന്റെ ഈണം തെറ്റാതെ ആ പാട്ടു തീരുന്നതിനു പിന്നാലെ പാടാനെനിക്കാകുമായിരുന്നു. പക്ഷേ ബാല്യത്തിൽ ഇതൊന്നും പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. ഹൈദരാബാദുകാരനാണ് യഥാർഥത്തിൽ അസ്‌ലം. അന്ന് ആരുമറിയാതെ ഉസ്താദ് ഉമീദ് അലി ഖാൻ, ഫത്തേ അലി ഖാൻ എന്നിവരുടെ അടുത്ത് പാട്ടു പഠിക്കാൻ കുറച്ചു നാൾ പോയിട്ടുണ്ട്. പാട്ടു പഠനമൊന്നും അധികനാൾ തുടരാനായില്ല. പക്ഷേ അസ്‌ലം സ്വയം പരിശീലനം തുടർന്നുകൊണ്ടേയിരിക്കുന്നു ഇപ്പോഴും. ഗുലാം അലിഖാൻ, മെഹ്ദി ഹസൻ, ഗുലാം അലി എന്നിവരുടെ പാട്ടുകളാണ് അസ്‌ലമിന്റെ പഠനസഹായി.

പാട്ടാണ് അസ്‍ലമിന്റെ ജീവൻ. 1993ല്‍ രാജ്യത്ത് നടന്ന േദശീയ തല പാട്ടു മത്സരത്തിന്റെ അവസാന ഘട്ടത്തിൽ അസ്‌ലമുമുണ്ടായിരുന്നു. അതൊന്നും പക്ഷേ അസ്‌ലമിന്റെ ജീവിത്തതിൽ നല്ല മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ. താനും തന്റെ പാട്ടും ഇത്രയേറെ മനസുകളുടെ സ്നേഹം നേടിയെങ്കിലും ഇതുവരെയും കാസെറ്റ് കമ്പനികളോ ചാനലുകളോ ഒരു പാട്ടു പാടാനായുള്ള ക്ഷണം നൽകാത്തതിൽ അസ്‌ലമിന് ഒരുപാട് സങ്കടമുണ്ട്. എന്നെങ്കിലും അതും യാഥാർഥ്യമാകുമെന്ന് അസ്‌ലം കരുതുന്നു. അങ്ങനെ തന്നെയാകട്ടേ....വൈകിത്തിരഞ്ഞറിഞ്ഞ ഈ പാട്ടീണം അതീവസുന്ദരമാണ്. അതു കേൾ‌ക്കുവാൻ ലോകം ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

Your Rating: