Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹനവീണയ്ക്കൊപ്പം ലോകം ചുറ്റുന്ന മലയാളി

ernakulam-paully-varghese പോളി വർഗീസ്

സിത്താറിന്റെയും സരോദിന്റെയും വീണയുടെയും ഭാവങ്ങളെ ഒരുമിപ്പിച്ച മോഹനവീണയുടെ ഉപാസകൻ. മോഹനവീണയുടെ മോഹസംഗീതവുമായി ലോകം മുഴുവൻ സഞ്ചരിക്കുന്ന വ്യക്തിത്വം. കേരളീയർക്ക് അത്ര പരിചയമില്ലെങ്കിലും പോളി വർഗീസ് എന്ന സംഗീതജ്ഞൻ മലയാളിയാണെന്നത് അഭിമാനിക്കാവുന്ന വസ്തുത. മോഹനവീണ രൂപപ്പെടുത്തിയ വിശ്വമോഹൻഭട്ടിന്റെ പ്രിയ ശിഷ്യരിലൊരാളായ ഇദ്ദേഹം ബാങ്ക് എംപ്ലോയിസ് ആർട്സ് മൂവ്മെന്റിന്റെ(ബീം) നേതൃത്വത്തിൽ ഒരുക്കിയ കച്ചേരിക്കു വേണ്ടിയാണു കൊച്ചിയിലെത്തിയത്. ലോകത്തു മോഹനവീണ വായിക്കുന്ന അഞ്ചുപേരിൽ ഒരാളായ തൃശൂർ വലപ്പാട് സ്വദേശിയായ ഇദ്ദേഹം സംസാരിക്കുന്നു.

∙കൂടെപ്പിറപ്പായി പാട്ട്

ചെറുപ്പം മുതൽ ഉള്ളിൽ സംഗീതമുണ്ട്. അതു കുടുംബത്തിൽനിന്നു പകർന്നു കിട്ടിയതാണ്. വിപ്ലവഗാനങ്ങളും പഴയ ഹിന്ദി, ഹിന്ദുസ്ഥാനി ഗാനങ്ങളുമെല്ലാം നിറഞ്ഞുനിന്ന വീടു പകർന്നുതന്നതാണു സംഗീതം. എട്ടാം വയസ്സിൽ വീടിനു സമീപത്തുള്ള രാവുണ്ണി ഭാഗവതരുടെ അടുത്തു സംഗീതം പഠിക്കാൻ ചേർന്നു. ഒൗപചാരിക തുടക്കം അവിടെനിന്ന്. പത്താംക്ലാസ് വരെ പലപ്പോഴായി പാട്ടുപഠിത്തം. പത്താംക്ലാസിനു ശേഷം കലാമണ്ഡലത്തിൽ പ്രവേശനം തേടി. മൃദംഗമായിരുന്നു വിഷയം. ആറുവർഷത്തെ പഠനം. വിഷയം മൃദംഗമായിരുന്നെങ്കിലും സംഗീതത്തിന്റെ പലവഴികളും അഭ്യസിച്ചു. ശാസ്ത്രീയ സംഗീതവും കഥകളി സംഗീതവുമെല്ലാം പഠിക്കുന്നതു കലാമണ്ഡലം കാലത്താണ്.

∙മോഹനവീണയുടെ മോഹസ്വരം

കലാമണ്ഡലത്തിലെ പഠനകാലത്ത് 1984ലാണു ദൂരദർശനിൽ മോഹനവീണക്കച്ചേരി ആദ്യമായി കേൾക്കുന്നത്. പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ അവതരണം കണ്ടതോടെ ഇഷ്ടമായി. അദ്ദേഹത്തിന്റെ കീഴിൽ പഠിക്കുക എന്നതു സ്വപ്നമായി. കലാമണ്ഡലത്തിനു ശേഷം ബംഗാളിൽ വിശ്വഭാരതിയിൽ ഉപരിപഠനത്തിനു പോകുന്നതും അതിന്. അവിടെ ഹിന്ദുസ്ഥാനി സംഗീതവും രബീന്ദ്ര സംഗീതവും പഠിച്ചു. ബാവുൾ ഗായകർക്കൊപ്പം അലഞ്ഞു. ഇതിനിടെ വിശ്വമോഹൻ ഭട്ടിന്റെ കച്ചേരി കൊൽക്കത്തയിൽ നടക്കുന്നുവെന്നറിഞ്ഞ് അവിടെയെത്തി. അങ്ങനെയാണ് അദ്ദേഹത്തെ നേരിൽക്കാണുന്നത്.

∙ഗുരുസന്നിധിയിൽ

വിശ്വമോഹൻ ഭട്ടിനെ കണ്ടു കാര്യങ്ങൾ പറഞ്ഞു. മറ്റു പലരിൽ നിന്ന് അദ്ദേഹം എന്നെക്കുറിച്ച് അറിഞ്ഞിരുന്നു. എന്റെ കയ്യിലുള്ള ഗിറ്റാർ വായിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഗിറ്റാറിൽ ഹിന്ദുസ്ഥാനി രാഗം വായിച്ചുകേൾപ്പിച്ചു. അദ്ദേഹത്തിനു തൃപ്തിയായതോടെ രാജസ്ഥാനിൽ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെല്ലാൻ നിർദേശിച്ചു. അങ്ങനെ കൊൽക്കത്തയിൽ നിന്നു ജയ്പ്പൂരിലേക്ക്. വർഷങ്ങൾ നീണ്ട പഠനം.

∙സംഗീതമാണു യാത്ര

മോഹനവീണയ്ക്കൊപ്പമുള്ള യാത്ര ആരംഭിച്ചിട്ട് 20 വർഷത്തിലേറെയായി. നീണ്ട യാത്രകളും അലച്ചിലുകളുമാണ് സംഗീതമായി പുറത്തെത്തുന്നത്. പുതിയ തലമുറയ്ക്കു നിശബ്ദതയിൽ ഒളിഞ്ഞുകിടക്കുന്ന സംഗീതം പരിചയമില്ല. മോഹനവീണ പഠിക്കണമെന്ന മോഹവുമായി ഒട്ടേറെപ്പേർ എത്തുന്നുണ്ടെങ്കിലും സാധിക്കാതെ വരുന്നത് ഇതുൾപ്പെടെയുള്ള കാരണങ്ങൾകൊണ്ടാണ്. ഒട്ടേറെ രാജ്യങ്ങളിൽ യാത്ര ചെയ്തു. വിയന്നയിൽ മൊസാർട്ട് സംഗീതമൊരുക്കിയ ചേംബറിൽ സംഗീതം അവതരിപ്പിച്ചതും ചൈനയിലെ ഓപ്പറ സംഗീതജ്ഞർക്കൊപ്പം സംഗീതവിരുന്നൊരുക്കിയതുമെല്ലാം മറക്കാനാകാത്ത അനുഭവം. ലോകോത്തര പ്രതിഭകളായ ജെഫ് പീറ്റേഴ്സൺ, പീറ്റർ ഹഗ് എന്നിവർക്കൊപ്പമെല്ലാം പ്രവർത്തിക്കാൻ സാധിച്ചതും വലിയ നേട്ടം.

പഠനം ഇനിയും പൂർത്തിയായിട്ടില്ലെന്നു പോളി വർഗീസ് പറയുന്നു. ‘45 വയസ്സായി. അൻപതു വയസ്സുവരെ പരിശീലനം തന്നെയാണ്. അതിനു ശേഷമാകും എന്റെ ഏറ്റവും മികച്ച സംഗീതം പുറത്തെത്തുക’ അദ്ദേഹം വ്യക്തമാക്കി. പുതുതലമുറ സംഗീത‍ജ്ഞരെക്കുറിച്ചു പല പരാതികളുമുണ്ട് പോളിക്ക്. അനുകരണമാണു കലയെന്നു പലരും തെറ്റിധരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അനുകരണമല്ല, ഉള്ളിലുള്ള അനുഭവങ്ങളുടെ സ്വന്തം വ്യാഖ്യാനമാണു കലയെന്ന് പോളിയുടെ വാക്കുകൾ. ബാവുൾ സംഗീതവും രബീന്ദ്ര സംഗീതവും സൂഫി സംഗീതവുമെല്ലാം നന്നായി ആലപിക്കുന്ന പോളി ഇരുപതിലേറെ സംഗീതോപകരണങ്ങൾ വായിക്കും.

ഒൻപതു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനറിയാം. ഇദ്ദേഹമെഴുതിയ കവിതകളുടെ പരിഭാഷ മദ്രാസ് സർവകലാശാലയിൽ പാഠപുസ്തകമാണ്. നാടക, ഡോക്യുമെന്ററി മേഖലയിൽ സജീവമായ ഇദ്ദേഹം മോഹനവീണയിൽ കർണാടക സംഗീതക്കച്ചേരി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത വർഷം ചെന്നൈയിലാകും അവതരണം. അഞ്ചു വയസ്സുകാരി മകൾ മിത്രയും പിതാവിന്റെ പാതയിൽ സഞ്ചാരം ആരംഭിച്ചുകഴിഞ്ഞു. പത്രപ്രവർത്തകനായിരുന്ന വർഗീസ് മേച്ചേരിയുടെയും ആലീസിന്റെയും ഇളയ മകനാണു പോളി വർഗീസ്

∙മോഹനവീണ

ഹവായിയൻ ഗിറ്റാറിൽ നിന്നാണു മോഹനവീണയുടെ രൂപഭേദം. ഗിറ്റാറിൽ വീണ ചേർത്തുവച്ചതു പോലെയുള്ള ഉപകരണം. 20 തന്ത്രികളുണ്ട്. ആദ്യത്തെ നാലെണ്ണം മെലഡി സ്ട്രിങ്സ്. ശേഷമുള്ള അഞ്ചെണ്ണം ചിക്കാരി(താളം) സ്ട്രിങ്സ്. ബാക്കിയുള്ള സ്ട്രിങ്സിനു തരഫ് എന്നാണു പേര്. ആദ്യത്തെ 20 സ്ട്രിങ്സിനോടു രണ്ടെണ്ണം കൂടി പോളി കൂട്ടിച്ചേർത്തിട്ടുണ്ട്. മോഹനവീണയുടെ ഈണം പരുവപ്പെടാൻ തന്നെയെടുക്കും വർഷങ്ങൾ. നിലവിലുള്ള അഞ്ച് മോഹനവീണയും നിർമിച്ചതു വിശ്വമോഹൻ ഭട്ട് തന്നെ.

Your Rating: