Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീലിയേഴും വീശി വാ...മറക്കില്ല ഈ ആലാപനം

പീലിയേഴും വീശി വാ...പീലിവിടർത്തി നിൽക്കുന്നൊരു മയിലിന്റെ ഭംഗിയുള്ള മെലഡി ഗാനമാണിത്. ഈ ഗാനത്തിന്റെ കവർ വേർഷൻ അധികം നമ്മൾ കേട്ടിട്ടില്ലല്ലോ? മലയാളികൾ എന്നെന്നും ഓർമയിൽ സൂക്ഷിക്കുന്ന ഈ പാട്ടിന്റെ കവർ വേര്‍ഷനാണ് ഇത്തവണ മനോരമ ഓൺലൈൻ മ്യൂസിക് ഷോട്സിൽ. ഒരു ഇംഗ്ലിഷ് ഗാനവും കൂടി ചേർത്താണ് രാജലക്ഷ്മിയും സയനോരയും ഈ പാട്ട് പാടിയിരിക്കുന്നത് എന്നതിനാൽ അത് കേൾവിക്ക് വേറിട്ടൊരു അനുഭവമാകും. 

എത്ര കേട്ടാലും മതിവരാത്ത ഈ പാട്ടിന്റെ ഈണം ലളിതവും അതുപോലെ സങ്കീർണവുമാണ്. സയനോരയുടെ ഗിത്താര്‍ തന്ത്രികളുടെ മാത്രം പശ്ചാത്തലത്തിൽ രാജലക്ഷ്മി ഈ പാട്ട് അതിമനോഹരമായാണ് പാടിയിരിക്കുന്നത്. ഈ ഗാനത്തിന്റെ ഭാവസാന്ദ്രതയെ രാജലക്ഷ്മി പൂർണമായും ഉൾ‌ക്കൊണ്ടു പാടിയിരിക്കുന്നു.പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. ബിച്ചു തിരുമലയുടെ വരികൾക്ക് കണ്ണൂർ രാജനാണ് ഈണമിട്ടത്. കെ.എസ് ചിത്രയാണ് ഈ പാട്ട് ആലപിച്ചത്.

മനോരമ ഓൺലൈനിന്റെ ആദ്യ സംഗീത പരിപാടിയാണ് മ്യൂസിക് ഷോട്സ്. രാജലക്ഷ്മിയും സയനോരയുമാണ് പാട്ടുകളുമായി ആദ്യ മ്യൂസിക് ഷോട്സിന്റെ ഭാഗമായത്. മലയാളത്തിലെ ഏറ്റവും മികച്ച കുറേ മെലഡി ഗാനങ്ങളാണ് ഇതുപോലെ വ്യത്യസ്തമായ രീതിയിൽ ഇരുവരും ചേർന്നു പാടുന്നത്. പൂങ്കാറ്റേ പോയി ചൊല്ലാമോ എന്ന പാട്ടാണ് ആദ്യം പുറത്തുവിട്ടത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ പാട്ടു നേടിയതും.