Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല നേരം, പിസ്താ ഗാനം ഇനി ലോകം മുഴുവൻ പാടും

pistah-song-ipl

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പിറവിയെടുത്ത ‘പിസ്താ’ ഗാനം ഇനി ലോകം മുഴുവന്‍ ഏറ്റുപാടും. ഐപിഎല്‍ ഫാന്‍ ഫണ്‍ പ്രോമോ സോങായതോടെയാണ് പിസ്താ ഗാനം രാജ്യന്തര പ്രശസ്തിയിലേക്ക് ഉയരുന്നത്. കിന്നാരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ ഗാനം 2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ‘നേര’ത്തിനു വേണ്ടി റീക്രീയേറ്റ് ചെയ്തിരുന്നു. ‘നേര’ത്തിലൂടെ ‘പിസ്താ’ ഗാനം ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. പാട്ടിന്‍റെ പിന്നണി കഥകളിലൂടെ...

‘കിന്നാരം ചൊല്ലി ഐപിഎല്ലിലേക്ക്...’

സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ 1983-ല്‍ പുറത്തിറങ്ങിയ കിന്നാരത്തിലൂടെയാണ് ‘പിസ്ത’ ഗാനത്തിന്‍റെ പിറവി. സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെയാണ് ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ എഴുതിയത്. ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് രവീന്ദ്രനും. 

എന്നാല്‍ ‘പിസ്ത’ ഗാനത്തിന്‍റെ അണിയറ ശില്‍പ്പി സാക്ഷാല്‍ ജഗതി ശ്രീകുമാറാണ്. മുന്‍കൂട്ടി നിശ്ചയിച്ച് രൂപപ്പെടുത്തിയതല്ല ഈ ഗാനം. ചിത്രത്തിലെ ഒരു ഹാസ്യരംഗത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യാദ്യചികമായി ഉണ്ടായതാണ് ഗാനം. മലയാളത്തിലെ ഏറ്റവും ടൈമിങുള്ള നടനില്‍ നിന്നുണ്ടായ ഏറ്റവും ടൈമിലിയായ ഗാനം എന്നു തന്നെ പറയാം. നിമിഷങ്ങള്‍ കൊണ്ടാണ് ‘പിസ്ത’യുടെ പിറവി. 

വര്‍മ്മാജി എന്ന സംഗീത സംവിധായകനായിട്ടാണ് ജഗതി ചിത്രത്തില്‍ വേഷമിടുന്നത്. വര്‍മ്മാജിയുടെ രസകരമായ പാട്ട് ട്യൂണിങ് സെക്ഷനുകള്‍ക്കിടയിലാണ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ‘ഓട്ട പാത്രത്തില്‍ ഞണ്ടു വീണാല്‍’, ‘പിസ്താ’ ഗാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.  ഹാര്‍മോണിയത്തിന്‍റെ അകമ്പടിയോടെ വര്‍മ്മാജി ‘പിസ്താ’ ഗാനം നീട്ടി പാടുമ്പോള്‍ പിന്നണിയില്‍ തബലയില്‍ താളം തീര്‍ത്തത് സാക്ഷാല്‍ മാള അരവിന്ദനും.

വര്‍മ്മാജി റ്റു വര്‍മ്മ 

ജഗതിയുടെ ‘പിസ്താ’ ഗാനം കൂടുതല്‍ ജനകീയമാകുന്നത് 2013ല്‍ പുറത്തിറങ്ങിയ നേരത്തിലൂടെയാണ്.  ചിത്രത്തിന്‍റെ പ്രൊമോഷന്‍ സോങായും ചിത്രത്തിലെ ഒരു ചേയിസിങ് രംഗത്തിന്‍റെ പശ്ചാത്തലത്തിലുമാണ് പാട്ട് കടന്നുവരുന്നത്. നേരത്തിന്‍റെ എഡിറ്റിങിനിടെ യാദ്യചികമായിട്ടാണ് ‘പിസ്താ’ ഗാനം സിനിമയുടെ ഭാഗമായി മാറുന്നത്. അതിന്‍റെ കഥ സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍ തന്നെ പറയും. 

‘‘സിനിമയിലെ പ്രധാനപ്പെട്ട ഒരു ചേയ്സിങ് രംഗത്തിന്‍റെ എഡിറ്റ് കഴിഞ്ഞ് പശ്ചാത്തലം സംഗീതം ചെയ്യാന്‍ ഞാന്‍ ഇരിക്കുകയാണ്. മൂന്നു മിനിട്ട് നിര്‍ത്താതെ ഓട്ടമാണ് ആ സീനില്‍. ആ സീനിനു ബിജിഎം കൊടുത്തിട്ട് എനിക്ക് തൃപ്തിയാകുന്നില്ല. രണ്ടു ദിവസം അതുകൊണ്ട് ഇരുന്നു. ഒടുവില്‍ ഞാന്‍ അല്‍ഫോണ്‍സിനോട് പറഞ്ഞു ‘മച്ചാ ബിജിഎം മാത്രം കൊടുത്താല്‍ ഈ സീന്‍ നല്ല ബോറായിരിക്കും, ഒരു പാട്ട് വന്നാല്‍ നന്നാകുമെന്നും പറഞ്ഞു’. അങ്ങനെയാണ് പാട്ടിനെക്കുറിച്ച് ആലോചിക്കുന്നതും ‘പിസ്ത’യില്‍ എത്തി നിന്നതും.    അല്‍ഫോണ്‍സിന്‍റെ കോളജ്മേറ്റായിരുന്നു ശബരീഷ് വര്‍മ്മ അദ്ദേഹത്തിന്‍റെ കലാലയ ജീവിതകാലത്ത് സ്ഥിരമായി മൂളിയിരുന്ന ഗാനമായിരുന്നു ജഗതി ശ്രീകുമാറിന്‍റെ ‘പിസ്താ’. ജഗതിയുടെ പിസ്താപാട്ടിനൊപ്പം എക്സ്ട്രാ വരികള്‍ എഴുതി ചേര്‍ത്തതും പാടിയതും ശബരീഷാണ്. ശബരിയുടെ പവര്‍ സിംഗിങ് തന്നെയാണ് പാട്ടിന്‍റെ ഹൈലൈറ്റ്. ഇത് ഐപിഎല്ലിന്‍റെ പ്രോമോ സോങാക്കുന്ന കാര്യം നേരത്തെ അറിയില്ലായിരുന്നു. ടിവിയിലും ഐപിഎല്ലിന്‍റെ ഓഫിഷ്യല്‍ ഫേയ്സ്ബുക്ക് പേജിലും പാട്ട് കേട്ട് ഞാന്‍ ഞെട്ടിയിരിക്കുയാണ്. പാട്ടിന്‍റെ ഡിജിറ്റല്‍ റൈറ്റ്സുള്ള ഹംങ്കാമ വഴിയാണ് പാട്ട് ഐപിഎല്ലിന്‍റെ ഭാഗമായിരുക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.’’ ഒരുപാട് സന്തോഷം തോന്നുന്നു രാജേഷ് കൂട്ടിചേര്‍ത്തു.

ഇനി ‘പിസ്താ’ ഗ്ലോബല്‍

നേരത്തിനു വേണ്ടി റീക്രീയേറ്റ് ചെയ്ത ‘പിസ്ത’ വെര്‍ഷ്വനാണ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. അതുകൊണ്ട് തന്നെ ജഗതിക്കൊപ്പം പാട്ടിന്‍റെ സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍, എക്സ്ട്രാ വരികളെഴുതി തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പാടി അത് ഹിറ്റാക്കി മാറ്റിയ ശബരീഷ് വര്‍മ്മ, സര്‍വ്വോപരി അത് എഡിറ്റ് ചെയ്തു സൂപ്പറാക്കിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്നിവര്‍ക്കു കൂടി അവകാശപ്പെടതാണ് ഈ വിജയം. 

ചെന്നൈയായിരുന്നു ‘നേര’ത്തിന്‍റെ ലൊക്കേഷന്‍. മലയാളത്തിനൊപ്പം തമിഴിലും ഒരേ സമയം ചിത്രീകരണം നടന്ന ചിത്രം കൂടിയാണ് നേരം. അതുകൊണ്ടു തന്നെ ചിത്രത്തിലെ ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും തമിഴ് സംഗീതത്തിന്‍റെ സ്വാധീനം ഉണ്ടായി. തമിഴ് ഫോക്ക് മ്യൂസിക്കിനൊപ്പിച്ച് ചടുലമായ സംഗീതമാണ് രാജേഷ് ഈ ഗാനത്തിനു വേണ്ടി ഒരുക്കിയത്. പാട്ടിന്‍റെ നാടന്‍ശൈലി തന്നെയാണ് അതിനെ ഇത്രയെറെ ജനകീയമാക്കുന്നതും. ‘നേര’ത്തിന്‍റെ റിലീസിങ് സമയത്ത് തന്നെ പിസ്താ പാട്ടിന്‍റെ ആരധകര്‍ പാട്ടിനൊപ്പം വ്യത്യസ്തമായ ന്യത്തചുവടുകള്‍ ഒരുക്കി വ്യത്യസ്ത വെര്‍ഷ്വനുകളൊരുക്കി യൂട്യൂബില്‍ അപ്പ് ലോഡ് ചെയ്തിരുന്നു. ‘പിസ്ത’യുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഫാന്‍സ് വെര്‍ഷ്വനും ഏറെ ആരാധകരുണ്ട്.

ഔദ്യോഗികമായി ഐപിഎല്ലിന്‍റെ ഭാഗമാകുന്നതോടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അതീതമായി ‘പിസ്താ’ ഗാനം ആവേശത്തിലാഴ്ത്തുമെന്നു തീര്‍ച്ച.

Your Rating: