അൽഫോൺസ് പുത്രന്റെ പ്രേമത്തിലൂടെ സൂപ്പർഹിറ്റ് നായികയായി മാറിയ താരമാണ് മഡോണ സെബാസ്റ്റിയൻ. സസ്‌പെൻസ് കഥാപാത്രമായി എത്തി ജോർജിന്റെ സ്വന്തം സെലിനായി മാറിയ മഡോണ സെബാസ്റ്റ്യൻ മികച്ചൊരു ഗായികകൂടിയാണ്. രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെ പാട്ടുകാരിയായി അരങ്ങേറ്റം കുറിച്ച മഡോണ വീണ്ടും പാടുന്നു. തൊട്ടാവാടി എന്ന ചിത്രത്തിന് വേണ്ടിയാണ് മഡോണ പാടുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് മഡോണ പാടുന്ന വിവരം പുറത്തുവിട്ടത്.
എന്നാൽ ഗാനത്തിനെപ്പറ്റിയുടെ കൂടുൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല. റഫീക്ക് അഹമ്മദ് എഴുതുന്ന വരികൾക്ക് ഈണം നൽകുന്നത് സിജോ ജോണാണ്. ഒരു സ്‌മോൾ ഫാമിലി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മിയ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് തൊട്ടാവാടി. ഒരു മോഡേൺ പെൺകുട്ടി വിവാഹജീവിത്തിലേയ്ക്ക് കടക്കുന്നതോടെ പൂർണ്ണമായും ഒരു വീട്ടമ്മയായി മാറുന്നതും അവൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുമാണ് തൊട്ടാവാടിയുടെ ഇതിവൃത്തം.
ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയയെ കൂടാതെ നന്ദു, മനോജ് കെ ജയൻ, കോട്ടയം നസീർ, ടി ജി രവി, തമിഴ് നടൻ ജയപ്രകാശ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ദർശിനി കോൺസെപ്റ്റ്‌സിന്റെ ബാനറിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.