Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഞ്ചനമാലയുടെ വികാരവും സ്വപ്നങ്ങളുമാണ് എന്റെ വരികൾ

rafeeq ahammed

മൊയ്തീനേക്കാൾ എന്നെ സ്വാധാനിച്ചത് കാഞ്ചനമാലയെന്ന വ്യക്തിത്വമാണ്. എന്റെയുള്ളിൽ കയറിക്കൂടിയത് കാഞ്ചനമാലയാണ്. അവരുടെ കാത്തിരിപ്പും ത്യാഗവും സഹനവുമൊക്കെയാണ് എന്റെ മനസിനെ സ്പർശിച്ചത്. അവരുടെ വിചാരവും വികാരവും സ്വപ്നങ്ങളും ഞാൻ സ്വയം ഉൾക്കൊണ്ട്, അതിനനുസരിച്ചാണ് പാട്ടെഴുതിയത്. ആ ജീവിതത്തെ കുറിച്ചുള്ള ചിത്രത്തിന് നല്ല വരികൾ കുറിക്കാനായതിൽ ഒരുപാട് സന്തോഷമുണ്ട്. നല്ല ചലച്ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു ജനങ്ങൾക്കിഷ്ടമാകുകയും യാഥാർഥ്യത്തോട് ചേർന്നു നില്‍ക്കുകയും ചെയ്യുന്ന പാട്ട് എഴുതുവാനായി എന്നതിലും സംതൃപ്തി. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയതിനു ശേഷം റഫീഖ് അഹമ്മദ് എന്ന കവി മനോരമ ഓൺലൈനോട് സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു.

കാത്തിരിപ്പ് എന്നുള്ള വിഷയം സാഹിത്യലോകം ഒരുപാട് ൈകകാര്യം ചെയ്തിട്ടുള്ള ഒന്നാണ്. അത്തരമൊരു വിഷയം വീണ്ടും ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നു. അതും പുതിയ രീതിയിൽ അവതരിപ്പിക്കണമെന്നത് മറ്റൊരു പ്രധാന കാര്യവും. ഇവ രണ്ടും മനസിൽ കരുതിയാണ് എഴുതിയത്. അത് എത്രത്തോളം വിജയിച്ചുവെന്നറിയില്ല. പക്ഷേ അവാർഡ് കിട്ടിയപ്പോൾ അത് അംഗീകരിക്കപ്പെട്ടുവെന്ന് ഞാൻ വിചാരിക്കുന്നു. യഥാർഥത്തിൽ നടന്ന കഥയെ കുറിച്ചുള്ള ചിത്രത്തെ കുറിച്ച് കുറേ കാര്യങ്ങൾ മനസിലാക്കിയിരുന്നു. റഫീഖ് അഹമ്മദ് പറഞ്ഞു. എന്നു നിൻറെ മൊയ്തീൻ എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ടാണ് റഫീഖ് അഹമ്മദിനെ അവാർഡിന് അർഹനാക്കിയത്. എം ജയചന്ദ്രൻ ഈണണിട്ട് ശ്രേയാ ഘോഷാൽ ആലപിച്ച ഗാനമാണിത്.

1999ൽ പിറ്റി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗർഷോമിലൂടെയാണ് റഫീഖ് അഹമ്മദെന്ന കവിയുടെ ചലച്ചിത്ര ഗീതം നാം ആദ്യം കേൾക്കുന്നത്. രമേശ് നാരായണൻ ഈണമിട്ട പറയാൻ മറന്ന പരിഭവങ്ങളെന്ന പാട്ടിനെ ഇന്നും മനസിനുള്ളിൽ നമ്മളങ്ങനെ ചേർത്തുവയ്ക്കുന്നത് ആ വരികൾ അത്രയേറെ ആഴമുള്ളതായിരുന്നുവെന്നതു തന്നെ. റഫീഖ് അഹമ്മദിന് പുരസ്കാരം നൽകി സംസ്ഥാന സർക്കാർ ആദരിക്കുന്നത് ഇത് അഞ്ചാം പ്രാവശ്യമാണ്. 2007ൽ പ്രണയകാലം, 2009ൽ സൂഫി പറഞ്ഞ കഥ, 2010ൽ സദ്ഗമയ, 2012ൽ സ്പിരിറ്റ് എന്നീ ചിത്രങ്ങൾക്കായിരുന്നു ഇദ്ദേഹത്തിന് ഇതിനു മുൻപ് അവാർഡ് കിട്ടിയത്.

Your Rating: