Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിവിയുടെ സംഗീതത്തിൽ എആർ റഹ്മാൻ പാടുമോ?

AR Rahman, GV Prakash Kumar

അമ്മാവനായ എ ആർ റഹ്മാന്റെ സംഗീതത്തിന് കീഴിൽ ശങ്കറിന്റെ ജന്റിൽമാൻ എന്ന സിനിമയിൽ പാട്ടുപാടിക്കൊണ്ട് സംഗീത ജീവിതം ആരംഭിച്ച ആളാണ് ജിവി പ്രകാശ് കുമാർ. തുടർന്ന് സംഗീതസംവിധായകനായി എത്തി ഹിറ്റ് ഗാനങ്ങൾ തമിഴകത്തിന് സമ്മാനിച്ച ജിവി സംഗീതം പകരുന്ന അമ്പതാമത്തെ ചിത്രമാണ് ആറ്റ്ലി സംവിധാനം ചെയ്യുന്ന പേരിടാത്ത വിജയ് ചിത്രം.

തന്റെ അമ്പതാമത്തെ ചിത്രത്തിൽ തന്റെ അമ്മാവൻ എആർ റഹ്മാനെക്കൊണ്ട് പാട്ടുപാടിക്കാനൊരുങ്ങുകയാണ് ജിവി. റഹ്മാനുമായി ചർച്ചകൾ കഴിഞ്ഞെന്നും ഔദ്യോഗിക വിവരം ഉടൻ പുറത്തുവിടുമെന്നുമാണ് ചിത്രത്തോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ. ജിവിയുടെ ചിത്രത്തിൽ റഹ്മാൻ പാടുകയാണെങ്കിൽ ഇത് ആദ്യമായിട്ടായിരിക്കും മറ്റൊരാളുടെ സംഗീതത്തിൽ എആർ റഹ്മാൻ പാടുന്നത്. ചിത്രത്തിന് വേണ്ടി ദേശീയപുരസ്കാര ജേതാവ് ഉത്തര ഉണ്ണികൃഷ്ണൻ പാട്ടുപാടുന്നുണ്ടെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു.

ആറ്റ്ലി ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഷൂട്ടിങ് ജൂലൈയിൽ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. നേരത്തെ ആറ്റ്ലിയും പ്രകാശും ഒന്നിച്ച രാജാ റാണിയിലെ പാട്ടുകൾ സൂപ്പർ ഹിറ്റുകളായിരുന്നു. ആ ഹിറ്റ് ചരിത്രം ആവർത്തിക്കാൻ ഈ കൂട്ടുകട്ടിന് ആകുമെന്ന് തന്നെയാണ് നിർമ്മാതാക്കൾ കരുതുന്നത്. ഉടൻ പുറത്തിറങ്ങുന്ന വിജയ്യുടെ പുലിയ്ക്ക് ശേഷമെത്തുന്ന ചിത്രമായിരിക്കും ആറ്റ്ലി സംവിധാനം ചെയ്യുന്നത്. വിജയ് അഭിനയിക്കുന്ന 59 –ാമത്തെ ചിത്രമാണിത്. ഇളയദളപതി പോലീസായി എത്തുന്ന ചിത്രത്തിൽ സാമന്ത പ്രഭു, ആമി ജാക്സൺ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

2004 ൽ പ്രശാന്തിനെ നായകനാക്കി ത്യാഗരാജൻ സംവിധാനം ചെയ്യാനുദേശിച്ച ചിത്രത്തിലാണ് ജിവി പ്രകാശിന് ആദ്യമായി സ്വതന്ത്ര സംവിധായകനാവാൻ അവസരം ലഭിച്ചത്. എന്നാൽ ആ സിനിമ പൂർത്തിയാക്കാതെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2006 ൽ പുറത്തിറങ്ങിയ വെയിൽ ആണ് ജി വിയുടെ ആദ്യ സിനിമ. ആയിരത്തിൽ ഒരുവൻ, മദ്രാസ് പട്ടണം, ആടുകളം, മയക്കം എന്നാ, പരദേശി, തലൈവ, രാജാറാണി തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ സംഗീതസംവിധായകനാണ് ജി വി പ്രകാശ്. 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 25 സിനിമയ്ക്ക് സംഗീതം നൽകിയ ജി വിയുടെ അടുത്ത 25 സിനിമകൾ വെറും രണ്ട് വർഷം കൊണ്ടാണ് തികഞ്ഞത് എന്നത് ശ്രദ്ധേയമാണ്.