Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനകൾക്കിടയിലും പുഞ്ചിരിച്ച രാധിക

g-venugopal-radhika-thilak

ശാലീനത്വമുള്ള സ്വരവുമായി ഒട്ടേറെ നല്ല ഗാനങ്ങൾ പാടിത്തന്ന ഗായിക രാധിക തിലക് വിടവാങ്ങിയിട്ട് ഒരാണ്ടു തികയുകയാണ്. കാൻസർ ബാധയെ തുടർന്നായിരുന്നു ആ അപ്രതീക്ഷിത മടക്കം. ലളിതമായ, ആത്മീയത്വമുള്ള സ്വരത്തിലൂടെ എത്രയോ ഗാനങ്ങൾ നമുക്കായി പാടിത്തന്നിട്ടുണ്ട് ഈ ഗായിക. ചലച്ചിത്ര സംഗീതത്തിനോടൊപ്പം സ്റ്റേജ് ഷോകളിലും ടിവി പരിപാടികളിലുമൊക്കെ നിറസാന്നിധ്യമായതിനു രാധിക. പാട്ടു രംഗത്ത് സജീവമായതിനു പിന്നാലെ ഒരു വലിയ ഇടവേളയായിരുന്നു അവരുടെ സംഗീത ജീവിതത്തില്‍. എവിടെയാണ് ഈ പാട്ടുകാരി എന്ന ചോദ്യങ്ങൾക്കിടയിലായിരുന്നു രാധികയുടെ മരണവാർത്ത എത്തിയതും. പെട്ടെന്നങ്ങ് നിലച്ചു പോയൊരു കുയിൽ നാദമാണീ പാട്ടുകാരി എന്നു പറയുന്നതും അതുകൊണ്ടാണ്. 

"വേദനകൾക്കിടയിലും പുഞ്ചിരിച്ചയാൾ എന്നാണ് ഗായകൻ ജി വേണുഗോപാൽ രാധിക തിലകിനെ കുറിച്ചു പറയുന്നത്. രാധികാ തിലകിന്റെ ചലച്ചിത്ര സംഗീത ജീവിതത്തിലെ ഏറ്റവും നിർണായകമായ ഗാനം മായാമഞ്ചലിൽ ഒപ്പം പാടിയിരിക്കുന്നത് ജി. വേണുഗോപാലാണ്. പറവൂർ സഹോദരിമാരുടെയും പിന്നണി ഗായകരായ സുജാത ജി വേണുഗോപാൽ എന്നിവരുടെയും അടുത്ത ബന്ധുവാണ് രാധിക. 

എന്റെ അടുത്ത ബന്ധു കൂടിയാണ് രാധിക. ഭക്തിഗാനങ്ങളായിരുന്നു രാധിക ആദ്യ കാലങ്ങളിൽ അധികവും പാടിയിരുന്നത്. അന്നേരത്താണ് എനിക്കൊപ്പം ഗാനമേളകളിൽ പാടുവാനെത്തിയത്. ആ സ്വരം പോലെ സൗമ്യമായിരുന്നു വ്യക്തിത്വത്തിലും ആ കുട്ടി. എപ്പോഴും പുഞ്ചിരിച്ച് നല്ല വർത്തമാനങ്ങളുമൊക്കെയായി. എപ്പോഴും പോസിറ്റീവ് ആയി സംസാരിക്കുന്നയാൾ. ഭർത്താവിനൊപ്പം ദുബായിലായിരുന്നു കുറേ കാലം. പക്ഷേ അന്നും പാട്ട് ഒപ്പം കൂട്ടിയിരുന്നു. പാട്ടുകൾ പാടി പഠിക്കുവാൻ ഏറെയിഷ്ടമുള്ള ആളുമായിരുന്നു. വല്ലപ്പോഴും കാണുമ്പോഴും പാട്ടു പഠിത്തതെ കുറിച്ചും കുറേ കൂടി പാടണം എന്നതുമൊക്കെയായിരുന്നു പറയാറ്. അസുഖം പുറം ലോകത്തിന് അത്രയ്ക്ക് അറിയില്ലായിരുന്നുവെങ്കിലും ഞങ്ങൾ ബന്ധുക്കൾക്കെല്ലാം അതിന്റെ തീവ്രത വ്യക്തമായിരുന്നു. അവസാനം ഞാൻ കാണുമ്പോൾ അത് ആ മുഖത്തുണ്ടായിരുന്നു. അസുഖം എത്രമാത്രം രാധിക ബാധിച്ചെന്ന് അറിയാമായിരുന്നു. പക്ഷേ അസുഖത്തിന്റെ വേദനയോ സങ്കടമോ ഒന്നും പുറമേ കാണിക്കുവാൻ രാധിക ഇഷ്ടപ്പെട്ടിരുന്നില്ല. അന്നേരവും ചിരിച്ച് തമാശയൊക്കെ പറഞ്ഞാണ് സംസാരിച്ചതും....എപ്പോഴും അങ്ങനെ തന്നെയായിരുന്നു. രാധിക മരിച്ച ദിവസം നാട്ടിലുണ്ടായിരുന്നില്ല... ആ ചിരിക്കുന്ന മുഖം മാത്രമാണിന്നും മനസിൽ. ജി വേണുഗോപാൽ പറഞ്ഞു."

ലളിത ഗാനരംഗത്തെ കുയിൽ നാദമെന്നാണ് രാധികയെ കുറിച്ച് ആദ്യം തന്നെ പറയേണ്ടത്. എത്ര കേട്ടാലും നമുക്ക് കൊതിതീരാത്ത കുറേയേറെ മെലഡികൾ രാധിക ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും ആ ആലാപന ഭംഗിയെ ഏറ്റവുമധികം കേട്ടത് ലളിതഗാനങ്ങളിലൂടെയായിരുന്നു. ഇരുന്നൂറിലധികം ലളിതഗാനങ്ങൾ രാധിക ആലപിച്ചു. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, കൈതപ്പൂ മണമേന്തേ ചഞ്ചലാക്ഷി, മനസിൽ മിഥുന മഴ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ തുടങ്ങി മനോഹരമായ സിനിമാ പാട്ടുകളും അവര്‍ പാടിത്തന്നു. ഭക്തി ഗാനരംഗമാണ് മറ്റൊന്ന്....തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാദാ...എന്ന പാട്ട് ഉയർന്നു കേൾക്കാത്ത ഒരു സന്ധ്യ പോലും കടന്നുപോകുന്നില്ലല്ലോ... നിറഞ്ഞു കത്തുന്ന മെഴുതിരിയുടെ കാന്തിയുള്ള സ്വരമുള്ള ഗായിക അകാലത്തിൽ മടങ്ങിയപ്പോൾ നഷ്ടമായതും ഇതുപോലുള്ള പാട്ടുകളാണ്.