Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരഡികളുടെ രാജാവ് രാജപ്പൻ

vd-rajappan

സാധാരണക്കാരന്റെ നർമ ലോകത്തെ നായകനായിരുന്നു വിഡി രാജപ്പൻ. സിനിമയുെട വെളളിവെളിച്ചത്തിനപ്പുറം സ്വതസിദ്ധമായ കലയുടെ സാധ്യതകൾ തേടി സഞ്ചരിച്ചിട്ടാണ് വി ഡി രാജപ്പൻ കടന്നുപോകുന്നത്. ചുറ്റും കണ്ണോടിച്ച് കണ്ട കാഴ്ചകളെ ഹാസ്യ കഥാപ്രസംഗത്തിലൂടെയും പാര‍ഡി ഗാനങ്ങളിലൂടെയും അവതരിപ്പിച്ച കലാകാരൻ.

വി ഡി രാജപ്പനെ കുറിച്ചോർക്കുമ്പോൾ ഓർമയിലേക്ക് ആദ്യമെത്തുന്നതും ഒട്ടും പകിട്ടുകളില്ലാത്ത വാക്കുകളിൽ അദ്ദേഹം പാടിയ പാരഡി ഗാനങ്ങൾ തന്നെയാണ്. വി സാംബശിവനും കെടാമംഗലവുമെല്ലാം മലയാളത്തിന്റെ കഥാപ്രസംഗ ലോകം അടക്കി വാഴുന്ന കാലത്താണ് വി ഡി രാജപ്പന്റെ കടന്നുവരവ്. നിലയുറപ്പിക്കുവാൻ നന്നേ പാടുപെടുമെന്നറിയാമാരിയുന്നിട്ടും രാജപ്പൻ പിൻമാറിയില്ല. ശബ്ദം കൊണ്ട് അഭിനയിക്കാനുള്ള കഴിവിൽ രാജപ്പൻ ബോധവാനായിരുന്നിരിക്കണം. കഥാപ്രസംഗത്തിനൊപ്പം ഏറ്റവും ജനകീയമായ ചലച്ചിത്രങ്ങളുടെ ഈണങ്ങളിൽ കുറിക്കു കൊള്ളുന്ന വാക്കുകൾ ചേർത്ത് പാരഡിയിറക്കിയതോടെ സമൂഹത്തിന്റെ എല്ലാത്തലത്തിലുള്ളവർക്കും രാജപ്പന്‍ പ്രയപ്പെട്ടവനായി.

മലയാളത്തിലെ പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളുടെ പാരഡികൾ ഇത്രയധികം യാഥാർഥ്യത്തോടെ പാടിയ മറ്റൊരാളില്ല. ടാറിൽ പുതഞ്ഞ അംബാസിഡറും പൊട്ടിയ റോഡും അയലത്തെ പെണ്ണും മാക് മാക് മാക്രിയുമെല്ലാം വി ഡി രാജപ്പന്റെ പാട്ടു ചിന്തകളിൽ കുറിക്കു കൊള്ളുന്നിടങ്ങളിൽ‌ പ്രത്യക്ഷപ്പെട്ടു. പാര‍ഡി എന്ന് കേൾക്കുമ്പോൾ പുച്ഛിച്ചവര്‍ക്കെല്ലാം നല്ല അസല് മറുപടി നൽകുന്ന ഗാനങ്ങൾ. അദ്ദേഹം പാടിയ വരികളേതെങ്കിലുമൊരെണ്ണം കെട്ടുകഥയാണെന്ന് പറയാനാകുമോ? ഒരിക്കലുമില്ല.

പൂമുഖ വാതിൽക്കൽ പുച്ഛിച്ചു നിൽക്കുന്ന പൂതനയാണന്റെ ഭാര്യയെന്നു പാടാനും മൃഗങ്ങളെ പാട്ടുകളിലുൾപ്പെടുത്തി ശക്തമായ സാമൂഹിക വിമർശനം നടത്താനും ഈ കലാകാരന് മടിയില്ലായിരുന്നു. ചികയുന്ന സുന്ദരിയും കുമാരി എരുമയും അയ്യാറെട്ടിൻ നെന്മണിയുമെല്ലാം രാജപ്പന്റെ കഥാപാത്രങ്ങളായി. സാധാരണക്കാരന്റെ പ്രതിനിധിയായി നിന്ന് ചങ്കൂറ്റത്തോടെ പ്രതികരിച്ച, സൗമ്യമായി ചിരിച്ചുകൊണ്ട് അനീതിക്കെതിരെ കൂരമ്പുകൾ പായിച്ച കലാകാരനെയാണ് നമുക്ക് നഷ്ടമായത്.

ഐപാഡുകളും മുൻനിര മ്യൂസിക് സെറ്റുകളും കടന്നുവന്നിട്ടും വീടിന്റെ ഒരറ്റത്ത് കൂട്ടിവച്ചിരിക്കുന്ന കാസെറ്റുകളിൽ ഒരെണ്ണമെങ്കിലും വിഡി രാജപ്പന്റെ പാരഡി ഗാനങ്ങളായിരിക്കും. മുൻനിര ഗായകർ തങ്ങളുടെ പാട്ടു പാടി രാജപ്പന്‍ നശിപ്പിച്ചുവെന്ന് പറഞ്ഞിട്ടും അദ്ദേഹത്തിന്റെ പാട്ടുകളെ മലയാളി അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. എന്നും കേഴ്‌വിക്കാരുമുണ്ടായിരുന്നു. അശ്ലീലച്ചുവയില്ലാത്ത ഈ പാരഡി കാസറ്റുകൾ മലയാളത്തിൽ ചരിത്രമെഴുതിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തെ അതിന്റെ നട്ടെല്ല് വിടാതെ ചേർത്തുപിടിച്ച അപൂര്‍വം കലാകാരൻമാരിലൊരാളാണ് ഇപ്പോൾ വിടപറഞ്ഞത്. പകരം വയ്ക്കാനില്ലാത്ത വിടവാങ്ങൽ...

Your Rating: