Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്.ജാനകിയെ കുറിച്ചുള്ള വാർത്തകൾക്കെതിരെ എസ് പി ബാലസുബ്രഹ്മണ്യം

spb-s-janaki

പ്രശസ്തരുടെ ആരോഗ്യനിലയെ കുറിച്ചു വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ചിലർക്കു ഹരമാണ്. ഇത്തവണ ക്രൂരമായ ഈ വിനോദത്തിന് ഇരയായത് ഇതിഹാസ ഗായിക എസ്.ജാനകിയായിരുന്നു. ജാനകിയമ്മ തീർത്തും ഗുരുതരമായ അവസ്ഥയിലാണെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായെത്തിയിരിക്കുകയാണ് ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.

രാവിലെ മുതൽ എസ്.ജാനകിയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് ചില വർത്തമാനങ്ങൾ കേട്ടിരുന്നു. ഇക്കാര്യം അറിയുവാൻ ഞാൻ അവരെ വിളിച്ചിരുന്നു. അവർ സുഖമായിരിക്കുന്നു. മുൻപത്തേക്കാളും ആരോഗ്യവതിയുമാണ്. ഇതേ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം കള്ളമാണ്. എസ്പിബി ഫെയ്സ്ബുക്കില്‍ കുറിച്ചു. മറ്റുള്ളവരുടെ വേദനകളെ ആഘോഷിക്കുന്നവര്‍ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു ഗായകന്റെ എഴുത്ത്. ജാനകിയമ്മയ്ക്ക് ദീർഘായുസും അദ്ദേഹം നേർന്നു.

എഴുപത്തിയെട്ടുകാരിയായ ഗായിക സംഗീത രംഗത്തു നിന്ന് വിരമിക്കുന്ന വാർത്തകൾക്കു പിന്നാലെയാണ് ഗുരുതരാവസ്ഥയിലാണെന്നുള്ള കാര്യം ഓൺലൈൻ വഴി പ്രചരിച്ചത്. ആറു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിനാണ് പ്രായാധിക്യം കാരണം ഗായിക വിരാമമിട്ടത്. തന്റെ ആഗ്രഹം പോലെ ആവോളം പാടിയെന്നും ഇനി വിശ്രമിക്കണം എന്നുമായിരുന്നു ജാനകിയമ്മ പറഞ്ഞത്.