Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖാവ് എന്റെ കവിത, സാമിന്റേതല്ല

sam-pratheeksha1

സഖാവ് എന്ന കവിതയെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുകയാണ്. സിഎംസിലെ സാം മാത്യു എഴുതിയ കവിത ഫേസ്ബുക്കിൽ വൈറലായിരുന്നു. സഖാവ് എന്ന കവിതയ്ക്ക് അവകാശവുമായി മറ്റൊരു വിദ്യാർഥിനി ഇപ്പോൾ എത്തിയിരിക്കുകയാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ പ്രതീക്ഷ ശിവദാസാണ് സഖാവ് തന്റെ കവിതയാണെന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്. പ്രതീക്ഷ മനോരമ ഒാൺലൈനോട് സംസാരിക്കുന്നു. 

ഇൗ കവിതയുടെ അവകാശി എന്നു പറയുന്ന ഞാൻ ഒരു തെളികളുമില്ലാതെ ഇത്രയും കാലം എവിടെയായിരുന്നുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്റെ കയ്യിൽ തെളിയിക്കാൻ തെളിവുകൾ ഇല്ല. മന:സാക്ഷിയെ മുൻനിർത്തിയാണ് ഞാൻ വാദിക്കുന്നത്.

ഞാൻ സഖാവ് എന്ന കവിത എഴുതുന്നത് 2013 ൽ എട്ടാം ക്ലാസ് വിദ്യാർഥിയാരിക്കുന്ന കാലത്താണ്. എല്ലാവരും പ്രായത്തിന്റേയും പക്വതയുടേയും പേരിൽ എന്നെ ചോദ്യം ചെയ്യുകയാണ്. എന്റെ ഗുരുക്കന്മാരോട് ചോദിച്ചാൽ പ്രതീക്ഷയെക്കുറിച്ചറിയാൻ കഴിയും. പ്രതീക്ഷയെ വ്യക്തിപരമായി അറിയാവുന്ന ആരും ഞാൻ നുണ പറയുമെന്ന് പറയില്ല.

ഇന്ത്യയിൽ തന്നെ ആദ്യമായി രൂപകൊണ്ട ആർട്സ് ആന്റ് സയൻസ് കോളജിലെ വിദ്യാർഥിയായിരുന്ന സാമിനെ എനിക്ക് അറിയുക പോലുമില്ല. സാമിന് ഒരു പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ട്. തികച്ചും അപരിചിതനാണ് സാം എനിക്ക്. അദ്ദേഹത്തോട് എനിക്ക് യാതൊരു വ്യക്തി വൈരാഗ്യവുമില്ല. പ്ലസ്ടുവിന് പഠിക്കുന്ന എനിക്ക് എന്നേക്കാൾ പ്രായത്തിൽ മൂത്ത സാമിനോട് ഇൗ വിഷയത്തിൽ തട്ടിക്കയറി അവകാശമുന്നയിക്കാൻ എനിക്ക് വട്ടൊന്നുമില്ല. കവിത എന്റേതായതു കൊണ്ട് മാത്രമാണ് ഞാൻ ഫേസ് ബുക്കിൽ തുറന്ന കത്തെഴുതിയത്. 

എന്റ സുഹൃത്തുക്കളാണ് എനിക്ക് വാട്സാപ്പിൽ ഇതിന്റെ ഒാഡിയോ അയച്ചു തരുന്നത്. അവർ പറയുന്നുണ്ടായിരുന്നു അത് സാമിന്റെ കവിതയല്ലെന്ന്. എന്നെ നേരിട്ട് അറിയാവുന്നവരുടെ വിശ്വാസം മാത്രംമതി എനിക്ക്. മലപ്പുറത്ത് പെരിന്തൽമണ്ണയിലാണ് ‍ഞാൻ പഠിക്കുന്നത്. ഹ്യുമാനിറ്റീസാണ് വിഷയം. 

ഭാവനകൾക്ക് അതിർവരമ്പുകളില്ലല്ലോ? എന്റെ ഏട്ടൻ നല്ലൊരു എസ്എഫ്ഐ നേതാവായിരുന്നു. പഠനശേഷം ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. ക്വാളിറ്റി അനലൈസറായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. അതുകൊണ്ടാണ് ഇപ്പോൾ പാർട്ടിയിൽ പ്രവർത്തിക്കാത്തത്. എന്റെ അമ്മ അധ്യാപികയാണ്. അമ്മ ഒരുപാട് പുസ്തകങ്ങൾ വാങ്ങിത്തരുമായിരുന്നു.അതുകൊണ്ടു തന്നെ ഒരുപാട് ഞാൻ വായിക്കുമായിരുന്നു. അതുകൊണ്ടു തന്നെ എന്റെ ചിന്തകൾ വേറിട്ടതായിരുന്നു.

ഒരാളുടെ പൊട്ടൻഷ്യൽ മറ്റുള്ളവർ പ്രായം വച്ച് അളക്കരുത്. 2013ൽ എസ്എഫ്ഐയുടെ സ്റ്റുഡന്റ് മാസികയിലേക്ക് ഞാൻ അയച്ച സഖാവ് എന്ന കവിത അതിൽ അച്ചടിച്ചു വന്നിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ കയ്യിൽ തെളിവുമില്ല. അവിടെ വച്ച് കവിത ലീക്കായതാണെന്നാണ് എനിക്ക് തോന്നുന്നത്. അതേവർഷം അത് സാമിന്റെ പേരിൽ അച്ചടിച്ചു വന്നതായും ഇപ്പോൾ വായിച്ചറിഞ്ഞു. 

ഞാൻ അയച്ച അതേവർഷം തന്നെ എന്റെ കവിതയിൽ ആറുവരികൾ കൂട്ടിച്ചേർത്ത് സിഎംഎസിലെ മാഗസീനിൽ സാമിന്റെ പേരിൽ കവിത പ്രസിദ്ധീകരിച്ചുവെന്ന് ഇത്രയേറെ കൊട്ടിഘോഷിക്കപ്പെട്ടപ്പോഴാണ് ഞാൻ അറിയുന്നത്.സാം നിയമപരമായി നീങ്ങുന്നുവെന്ന് പറഞ്ഞു. നീങ്ങട്ടെ, അവരുടെ കയ്യിൽ കവിത അച്ചടിച്ചതിനു തെളിവുണ്ട്. എന്റെ കയ്യിൽ അച്ചടിച്ച പതിപ്പില്ല. എന്റെ കഴിവിനേയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. 

പ്രതീക്ഷ ഭ്രാന്തിയാണെന്നു പറഞ്ഞുപോലും ഫേസ്ബുക്കിൽ പോസ്റ്റിടുന്നുണ്ട്. സാമിന്റെ ഭാഗത്താണ് ആളുകൂടുതൽ. ചേരി തിരിഞ്ഞാണ് ആക്രമണം. സപ്പോർട്ട് വിത്ത് സാം, സപ്പോർട്ട് വിത്ത് പ്രതീക്ഷ എന്നിങ്ങനെയാണ് ഫേസ് ബുക്ക് കാംപെയ്നുകൾ. എന്റെ കയ്യിൽ തെളിവില്ലാത്തതുകൊണ്ടാണ് ഇത്രയും ദിവസം ഞാൻ മിണ്ടിതിരുന്നത്. ഞാൻ പ്ലസ്ടു വിദ്യാർഥിനിയായതു കൊണ്ടു തന്നെ എന്റെ ഫേസ് ബുക്ക് പേജ് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയായിരുന്നു. ഇത്രയും പോപ്പുലാരിറ്റി ഇൗ കവിതയ്ക്കു കിട്ടിയെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. സത്യാവസ്ഥ മനസിലാക്കാതെയാണ് വിമർശനങ്ങൾ.

ഹൈസ്ക്കൂളിൽ പഠിക്കുന്ന ഒരുകുട്ടിക്ക് ഇത്തരത്തിൽ എഴുതാൻ കഴിയില്ല എന്നുപറയുന്നവരാണ് ഏറെയും. എന്നാൽ എന്നെ വ്യക്തിപരമായി അറിയുന്നവരാരും അങ്ങനെ പറയില്ല.  എന്റെ വിശ്വാസമാണ് എന്റെ മനസാക്ഷി.

Your Rating: