Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിനേക്കാൾ മികച്ച ഗായകൻ താനെന്നു സൽമാൻ!

Shahrukh Khan - Salman Khan ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ

ബോളിവുഡ് സിനിമാലോകത്തെ എന്നത്തെയും സംസാരവിഷയമാണു സൽമാൻ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള കിടമത്സരം. താരരാജാവ് ആരെന്നുള്ള കിടമത്സരം ഇരുവരെയും ഒരുകാലത്തു ശത്രുക്കൾ പോലും ആക്കിയിരുന്നു. ഈയടുത്തകാലത്താണ് ഇരുവരും തമ്മിലുള്ള വൈരാഗ്യമൊക്കെ വെടിഞ്ഞ് വീണ്ടും സൗഹൃദത്തിലായത്. ഇപ്പോഴിതാ അവർക്കിടയിലുള്ള കിടമത്സരം ഒരിക്കൽക്കൂടി ചർച്ചയാവുന്നു.

എന്നാൽ പക്ഷേ ഇക്കുറി ഉരുത്തിരിഞ്ഞിരിക്കുന്ന കിടമത്സരം അഭിനയത്തിന്റേതല്ല മറിച്ച് ഇരുവരുടെയും സംഗീതസിദ്ധിയെക്കുറിച്ചുള്ളതാണ്. മസിൽഖാനായ സൽമാനോ അതോ ബോളിവുഡ് ബാദ്ഷായ്ക്കോ, ആര്‍ക്കാണു മികച്ച സംഗീതാഭിരുചിയുള്ളത്? സൽമാനു തന്നെയെന്ന അവകാശവാദവുമായി ഇതാ സൽമാൻ ഖാൻ തന്നെ രംഗത്ത്.

സൽമാൻ നിർമിക്കുന്ന പുതിയ ചിത്രമായ ഹീറോയുടെ പ്രചാരണ പരിപാടിയ്ക്കിടെയാണ് സല്‍മാൻ തന്റെ അഭിപ്രായം തമാശ രൂപേണ പങ്കുവച്ചത്. സംഭവം ഇങ്ങനെ! പിന്നണിഗായകനായ രാഹത് ഫത്തേഹ് അലിഖാനോടു സൽമാനോ ഷാരൂഖോ ആരാണു മെച്ചപ്പെട്ട പാട്ടുകാരൻ എന്നു ചോദിച്ചപ്പോൾ അദ്ദേഹം വളരെ തന്ത്രപരമായി ഒഴിഞ്ഞുമാറി. സൽമാൻ (മൂളിപാട്ടു) പാടുന്നതു മാത്രമേ കേട്ടിട്ടുള്ളുവെന്നും ഷാരൂഖ് ഇതു വരെ പാടുന്നതു കേട്ടിട്ടില്ലെന്നുമായിരുന്നു ഫത്തേഹ് അലിഖാന്റെ മറുപടി.

ഇതു കേട്ടപ്പോള്‍ വേദിയിലുണ്ടായിരുന്ന സൽമാൻ പറഞ്ഞതിങ്ങനെ- "ഞാനും ഷാരൂഖും തമ്മിൽ പാട്ടുമത്സരം നടത്തിയാൽ അദ്ദേഹത്തിനു തീർച്ചയായും മത്സരത്തിൽ തോൽക്കും. ഒടുവിൽ ഷാരൂഖ് എന്റെ കൈ ഉയർത്തി വിജയിച്ചതായി പ്രഖ്യാപിക്കും."

അഭിനയത്തിൽ ആരാണു മികച്ചതെന്നു പറയുവാൻ ഇതുവരെ എന്തായാലും ആരും മുതിർന്നിട്ടില്ല. മറ്റൊന്നുമല്ല കാരണം കോടിക്കണക്കിനു വരുന്ന ആരാധകരുടെ വിരോധത്തിനും താരത്തിന്റെ അപ്രീതിയ്ക്കും പാത്രമാകണ്ടല്ലോ എന്നു കരുതിയാണ് ആരും ഇതിനു മുതിരാത്തത്. ഇനി വരുന്ന ദിവസങ്ങളിൽ ആരാണു മികച്ച പാട്ടുകാരനെന്നു പറഞ്ഞ് ആരെങ്കിലും രംഗത്തു വരുമോ എന്തോ? കാത്തിരുന്നു കാണുക തന്നെ!