Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖാവിന്റെ പിതൃത്വവും മാതൃത്വവും അവകാശപ്പെട്ട് ആരും വരേണ്ട; സാം മാത്യു

sam-arya സാം മാത്യു, ആര്യ ദയാല്‍

സഖാവിന്റെ പിതൃത്വവും മാതൃത്വവും അവകാശപ്പെട്ട് ആരും വരേണ്ടെന്ന് കവി സാം മാത്യു. . സോഷ്യൽമീഡിയയിലൂടെ വൈറലായ സഖാവ് കവിത സാമിന്റേതല്ലെന്ന് വെളിപ്പെടുത്തലുമായി ഒറ്റപ്പാലം സ്വദേശിയായ പ്രതീക്ഷ ശിവദാസ് എത്തിയതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

സഖാവ് തന്റെ സൃഷ്ടിയാണെന്നും അതിന്റെ അവകാശവാദവുമായി ആരും വരേണ്ടെന്നും സാം മാത്യു. വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ തന്നെയാണ് പ്രതീക്ഷ സഖാവ് എന്ന കവിതയുടെ അവകാശവാദവുമായി എത്തിയിരിക്കുന്നത്. ഇതിനെതിരെ നിയമനടപടിക്ക് താൻ പോകുന്നുണ്ടെന്നും സാം വെളിപ്പെടുത്തി.

കവിത വൈറലായ ശേഷം പ്രതീക്ഷയുടെ സഹോദരൻ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. രണ്ടായിരത്തി പതിനഞ്ചിൽ പ്രതീക്ഷ എഴുതിയ കവിതയാണ് സഖാവ് എന്നാണ് അന്ന് തന്നോടു പറഞ്ഞത്. അതു തമാശയായി തള്ളിക്കളയുകയായിരുന്നു. അതിനുശേഷമാണ് പ്രതീക്ഷയുടെ പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

ഞാൻ ഈ വരികളെഴുതുന്നതു 2012 ഡിസംബറിലാണ്. ജയ്ക്. സി. തോമസിന്റെ സമരം പശ്ചാതലത്തിലാണ് സഖാവ് കവിത എഴുതുന്നത്. ജയ്കിന്റെ സമരത്തോടെ ക്യാംപസിൽ രാഷ്ട്രീയം നിരോധിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച് എന്നും ക്യാംപസിലെ മരങ്ങളിൽ പ്രതിഷേധ വാക്യങ്ങൾ നിറച്ച പോസ്റ്ററുകൾ ഞാനും എന്റെ സുഹൃത്ത് സജീവൻ ഐസക്കും ഒട്ടിക്കുമായിരുന്നു.

എല്ലാ ദിവസവും ക്യാംപസിലെ മരങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടും. ‘മരത്തെ കെട്ടിപ്പിടിക്കാതെ അതിൽ പോസ്റ്റർ ഒട്ടിക്കാനാവില്ലല്ലോ...’ സാം ചിരിക്കും. എല്ലാദിവസവും അങ്ങനെ കെട്ടിപിടിക്കുന്ന വ്യക്തിയോട് മരത്തിന് പ്രണയം തോന്നാം എന്ന ചിന്തയിൽ നിന്നാണ് സഖാവ് കവിത പിറക്കുന്നത്.

എനിക്ക് പ്രണയം തോന്നിയ പെൺകുട്ടിക്കാണ് ആദ്യമായി ഈ കവിത നൽകിയത്. എന്നാൽ അവൾ ആ പ്രണയം കാണാതെ പോയി. അതോടെ എസ്.എഫ്.ഐയുടെ സ്ഥിരം വേദികളിൽ ഈ കവിത പാടാൻ തുടങ്ങി. സിഎംഎസ് കോളജ് മാഗസിനായ ‘ഉയിർപ്പി’ൽ ആ വർഷം തന്നെ കവിത അച്ചടിച്ചു വന്നു. ഒരു കോളജ് മാഗസിനിൽ പ്രത്യക്ഷപ്പെട്ട വരികൾ എന്നതിൽ കവിഞ്ഞ പ്രാധാന്യമൊന്നും അന്നതിനു ലഭിച്ചില്ല. ഒരിക്കൽ സുഹൃത്തുക്കളിലാരോ കവിത മൊബൈലിൽ റിക്കോഡ് ചെയ്തു, വാട്സ്ആപ്പ് കാലത്ത് കവിത കൂടുതലായി പ്രചരിക്കുകയായിരുന്നു.

പ്രതീക്ഷ എന്ന പെൺകുട്ടിയെ എനിക്ക് അറിയുക പോലുമില്ല. കൊളജ് കാലഘട്ടത്തിൽ ഞങ്ങൾ കൂട്ടുകാർ ഒന്നിച്ചിരിക്കുന്ന സമയത്ത് ഞാൻ പാടിയ കവിതകളുടെ വീഡിയോ അവരുടെ മൊബൈലിലുണ്ട്. എന്റെ ഇരുപതാമത്തെ വയസ്സിലാണ് ഈ കവിത ഞാൻ എഴുതുന്നത്. എന്റെ ബാലിശമായ രചനകളിലൊന്നാണ് സഖാവ്. അത് നാലുവർഷം കഴിഞ്ഞ് വൈറലായത് അതിലും വലിയ തമാശ. ഞങ്ങളിരുന്നു കവിത ചൊല്ലിയ മരത്തണലുകൾ ഒന്നും ഇപ്പോഴില്ല. ഈ കവിത ചർച്ചയാക്കുന്ന സമയത്ത് അത് ചർച്ചയായിരുന്നെങ്കിൽ ഇന്ന് ആ മരങ്ങളെങ്കിലും ക്യാംപസിൽ അതുപോലെ തന്നെ ഉണ്ടായേനേം.

ഞാൻ ഇതിനു മുമ്പും കവിതകളെഴുതിയിട്ടുണ്ട്. ഒഴിവുകാലം, പൂമാനം, ഒറ്റമരം, വിദൂരം നഗരം, വിട നീ, ചുരുൾ, ഇരിപ്പടം എന്നിവ ഞാൻ എഴുതിയ ഏതാനും കവിതകളാണ്. സഖാവ് കവിത എന്റേതു തന്നെയാണെന്ന് സി.എം.എസിൽ ആ കാലഘട്ടത്തിൽ പഠിച്ച ആരോടു ചോദിച്ചാലും പറയും. സഖാവിന്റെ പിത‍ത്വവും മാതൃത്വവും പറഞ്ഞുകൊണ്ട് ഒരാളും വരേണ്ടെന്ന് സാം വ്യക്തമാക്കി.

കോട്ടയത്തിരുന്നു സാം എഴുതിയ വരികൾ വർഷങ്ങൾക്കു ശേഷം സാമിനെ അറിയാത്ത ആര്യാ ദയാൽ എന്ന പെൺകുട്ടി തലശേരിയിൽ ഇരുന്നു ചൊല്ലി ഫെയ്സ്ബുക്കിൽ പോസ്റ്റ‌് ചെയ്തു. നാലു വർഷം അധികമാരും ശ്രദ്ധിക്കാതെ പോയ ‘സഖാവ്’ എന്ന ക്യാംപസ് കവിത ഫെയ്സ്ബുക്കിലും വാട്സാപ്പിലുമെല്ലാം വൈറലാകുന്നത് അങ്ങനെയാണ്.