Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞു മകള്‍ക്കൊപ്പമിരുന്ന് അച്ഛന്റെ പാട്ട്; തരംഗമായി വിഡിയോകൾ

santhosh-wilson

അച്ഛനും ഈ കുഞ്ഞു മകളും നല്ല പാട്ടുകാരാണ്. അച്ഛനരികെ ചേർന്നിരുന്ന് ഇസബെല്ല പാടുന്നതു കേട്ടാൽ മിന്നാമിനുങ്ങിന്റെ മൂളിപ്പറക്കലിനു കാതോർക്കുന്ന പോലെ തോന്നും. യുട്യൂബിൽ രണ്ടാളുടേയും ഒരുപാടു വിഡിയോകളുണ്ട്. ഒത്തിരിപ്പേർ ഒരു നൂറാവർത്തി കേട്ട പാട്ടുകൾ. 

അഞ്ചു വയസ്സുകാരി ഇസബെല്ലയും അച്ഛൻ സന്തോഷ് വില്‍സണുമാണ് ഈ പാട്ടു കൂട്ടുകാർ. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടാണ് അച്ഛനും മകളും ചേർന്ന് ഏറ്റവുമൊടുവിൽ പാടിയത്. ഫെയ്സ്ബുക്കിൽ ഈ പാട്ട് 10 ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. 

ഇസബെല്ല പാടുന്നതു കേട്ടാൽ അച്ഛൻ പഠിപ്പിച്ച് ഒത്തിരി വട്ടം പ്രാക്ടീസ് ചെയ്യിച്ചെടുത്ത പോലെയേ തോന്നൂ. പക്ഷേ ഇങ്ങനെ ഒരുപാട് ആളുകളിലേക്കു പാട്ടുമായി ചെന്നെത്താൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് സന്തോഷ് നൽകുന്നതു കുഞ്ഞു മകൾക്കാണ്.  

‘കുഞ്ഞിലേ മുതൽ‌ക്കേ പാട്ട് അവൾക്ക് ഒരുപാടിഷ്ടമായിരുന്നു. ഒരു പാട്ടു കേട്ട് ഇഷ്ടപ്പെട്ടാൽ തനിയെ അതിരുന്നു പഠിച്ചു പാടിക്കോളും. നമ്മൾ നിർബന്ധിക്കുകയോ പാടുവാൻ പറയുകയോ വേണ്ട. വിഡിയോ എടുക്കാനും അതുകൊണ്ടുതന്നെ ബുദ്ധിമുട്ടിയില്ല. ഇപ്പോൾ അഞ്ചു വയസേയുള്ളൂ അവൾക്ക്. കർണാട്ടിക് സംഗീതം പഠിക്കുന്നുണ്ട് അവൾ. മൂന്നു വയസ്സു തൊട്ടേ അവൾ പാടുന്ന വിഡിയോകൾ എടുക്കാൻ തുടങ്ങി. എന്റെ വീട്ടിൽ ഞാനും സഹോദരങ്ങളും നന്നായി പാടും. പ്രഫഷണൽ ഗായകരൊന്നുമല്ല ആരും. ജോലിയൊക്കെയായി ബാംഗ്ലൂരിൽ സെറ്റിൽ ചെയ്തപ്പോൾ തിരക്കായി. എങ്കിലും പാട്ട് ഒപ്പം കൊണ്ടുപോയി. ഇസബെല്ല കൂടി പാടുവാൻ‌ തുടങ്ങിയപ്പോൾ അതിനു കുറേക്കൂടി നിറം വന്നു. മകളുടെ ഉത്സാഹമാണ് ഇതൊക്കെ സാധ്യമാക്കിയത്. യുട്യൂബിൽ പാട്ടു കേട്ട് ഒത്തിരി പേർ വിളിച്ചിരുന്നു. കുറേ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. പാടിയ പാട്ടുകളെല്ലാം ഇത്രയേറെ ആളുകളിലേക്കെത്തിയെന്നോ ഒന്നും ഇസബെല്ലയ്ക്ക് അറിയില്ല. ഇപ്പോഴും ഇഷ്ടപ്പെട്ട പാട്ടു കേട്ടാൽ തനിയെ പഠിച്ച് പാടിക്കോളും നമ്മളും അതിനൊപ്പം പാടിപ്പോകും.’- സന്തോഷ് പറയുന്നു. 

Your Rating: