Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരാക്രമണം: കച്ചേരികൾ വേണ്ടെന്നു വച്ച് പാക് ഗായകർ

pak-singers-leave-india

മതത്തിനും രാഷ്ട്രീയത്തിനും രാജ്യാതിർത്തികൾക്കുമപ്പുറമുള്ള കലയുടെ ചിറകുകൾക്കു പലപ്പോഴും കെട്ടിട്ടിട്ടുണ്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈരം. അതിർത്തിയിൽ സൈനിക നടപടികൾ ശക്തമായതോടെ വീണ്ടും അതാവർത്തിക്കുകയാണ്. ഇന്ത്യയിൽ നടത്തേണ്ടിയിരുന്ന സംഗീതക്കച്ചേരികളിൽനിന്നു പാക് ഗായകർ പിൻവാങ്ങുകയാണ്; പാതിമനസ്സോടെ. 

ഷഫ്ഖത് അമാനത് അലിയും അതിഫ് അസ്‍ലവുമാണ് ഇന്ത്യയിൽ നടത്തേണ്ടിയിരുന്ന പരിപാടികൾ വേണ്ടെന്നു വച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവിലായിരുന്നു ഷഫ്ഖതിന്റെ കച്ചേരി തീരുമാനിച്ചിരുന്നത്. അതിഫ് അസ്‍ലത്തിന്റെ കച്ചേരി ഒക്ടോബർ 15 നു ഗുർഗാവിലും. അഖില ഭാരതീയ ഹിന്ദു ക്രാന്തി ദളാണ് അതിഫിന്റെ പരിപാടിക്കു വിലങ്ങുതടിയായത്. അതിർത്തിയിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ശക്തമാകുമ്പോൾ സംഗീതക്കച്ചേരി നടത്തുന്നതു ശരിയല്ലെന്നാണ് ഇവരുടെ വാദം. അമാനത് അലിയുടെ പരിപാടിക്കെതിരെ ഭീഷണിയുമായി എത്തിയത് വിശ്വഹിന്ദു പരിഷത്തും ബജ്റങ്ദൾ പ്രവർത്തകരുമായിരുന്നു.

ഇന്ത്യയിലുള്ള പാക് കലാകാരൻമാർ രാജ്യം വിടണമെന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിർമാൺ സേനയും ഭീഷണി മുഴക്കിയിരുന്നു. 

പ്രശസ്ത ഗായകൻ രാഹത് ഫത്തേ അലി ഖാനും ഇന്ത്യ വിട്ടുപോകണമെന്ന് ആവശ്യമുയർന്നിരുന്നു. ലാലീ കീ ശാദി മേം ലഡ്ഡൂ ദീവാന എന്ന ചിത്രത്തിൽ ഇദ്ദേഹം പാടിയ ഗാനം നിർമാതാവ് ഇടപെട്ട് ഒഴിവാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഗുലാം അലി ഇന്ത്യയിൽ നടത്തേണ്ടിയിരുന്ന കച്ചേരികൾ ശിവസേനയുടെ ഭീഷണിയെ തുടർന്നു പിൻവലിച്ചത് വൻ‌ വിവാദമായിരുന്നു. പിന്നീടു ബംഗാളിലും കേരളത്തിലും അദ്ദേഹത്തിന്റെ സംഗീത പരിപാടികൾ സംഘടിപ്പിച്ചാണ് ആ മുറിവുണക്കിയത്.

Your Rating: