Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാനിനു നൽകിയ വാക്കു പാലിക്കാനായില്ല: ഷാൻ റഹ്മാൻ

shan-johnson-and-shan-rahman

പാതി മുറിഞ്ഞുപോയ പാട്ടുപോലെ ഷാൻ ജോൺസൺ അകാലത്തിൽ പൊലിഞ്ഞു പോയപ്പോൾ സുഹൃത്തുക്കളുടേയെല്ലാം മനസിൽ ബാക്കിയാവുന്നത് അവളുടെ പുഞ്ചിരിക്കുന്ന മുഖമാണ്. ഷാൻ ജോൺസന്റെ അവസാന ഫേസ്ബുക്ക് കുറിപ്പും ഒരു ഷാനിനെക്കുറിച്ചായിരുന്നു. മരിക്കുന്നതന്റെ തലേന്ന് സംഗീതസംവിധായകനും സുഹൃത്തുമായ ഷാൻ റഹ്മാനെക്കുറിച്ചും ഒപ്പം ചെയ്ത ഗാനത്തെക്കുറിച്ചും അവൾ ഫേസ് ബുക്കിൽ കുറിച്ചു. റിലീസാവാനിരിക്കുന്ന വേട്ട എന്ന ചിത്രത്തിന് വേണ്ടി ഹിന്ദി ഗാനമെഴുതാനായതിന്റെ സന്തോഷമായിരുന്നു ആ വാക്കുകളിൽ. എന്നാൽ ഇടയ്ക്കുവച്ച്് നിലച്ചുപോയ ഗാനം പോലെ ഒാർമയായി മാറിയ കൂട്ടുകെട്ടിനെക്കുറിച്ച് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ സംസാരിക്കുന്നു.

എനിക്ക് അനുജത്തിക്കുട്ടിയായിരുന്നു ഷാൻ. എപ്പോഴും ഉൗർജസ്വലയായ പെൺകുട്ടി. നന്നായി ഹിന്ദി എഴുതും എന്നറിഞ്ഞാണ് തിരയിൽ ഗാനമെഴുതാൻ ക്ഷണിച്ചത്. അതിനുശേഷം പ്രെയിസ് ദ ലോഡിലെത്തി. ഗാനം കംപോസ് ചെയ്ത് ഫോണിൽ കൂടി അയച്ചു കൊടുക്കുകയായിരുന്നു. ചെന്നൈയിലായിരുന്നു അവൾ താമസിച്ചിരുന്നത്. അതുകൊണ്ട് എപ്പോഴും നേരിൽ കാണാൻ സാധിച്ചിരുന്നില്ല. റെക്കോഡിങ്ങിന് ചെന്നൈയിൽ നിന്നും അവളെത്തിയിരുന്നു. അവസാനമായി അവളെക്കണ്ടതും അന്നു തന്നെയാണ്.

ഞങ്ങളുടെ പേരിലും സാമ്യമുണ്ടായിരുന്നു. അച്ഛനെപ്പോലെ സംഗീതം ചെയ്യണമെന്നതായിരുന്നു ഷാനിന്റെ വലിയ ആഗ്രഹം. പാടാനും ഒരുപാട് ഇഷ്ടമായിരുന്നു. വിയോഗ വാർത്തയറിഞ്ഞത് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ്. ആദ്യം വിശ്വസിച്ചില്ല. സത്യമാവരുതേ എന്നായിരുന്നു പ്രാർഥന. പിന്നീട് വിനീത് (വിനീത് ശ്രീനിവാസൻ) വിളിച്ചാണ് നീ അറിഞ്ഞില്ലേ എന്ന് ചോദിക്കുന്നത്. അവളുടെ നിശ്ചല ശരീരം കാണാൻ പോയില്ല. കാണാൻ സാധിക്കില്ല. വ്യക്തിപരമായി അടുപ്പമില്ലാത്തവരുടെ സംസ്കാര ചടങ്ങുകൾക്കുപോലും പോവാറില്ല. അത് താങ്ങാനുള്ള കരുത്തില്ലാത്തതു കൊണ്ടാണ്. അപ്പോൾ ഷാനിന്റെ കാര്യത്തിന് ഒട്ടും പോകാൻ കഴിയില്ല. അവൾക്ക് ഇത്തരമൊരു അസുഖമുണ്ടെന്നൊന്നും അറിയില്ലായിരുന്നു. ഞങ്ങൾ കാണുമ്പോഴെല്ലാം പാട്ടുകളെക്കുറിച്ചാണ് സംസാരിച്ചിരുന്നത്.

പാലിക്കാനാകാതെ പോയ ഒരു വാക്ക് ഞാനവൾക്കു നൽകിയിരുന്നു. എന്റെ സംഗീതത്തിൽ ഒരുപാട്ട് പാടണമെന്ന് ഷാനിന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഒരു വർഷം വളരെ കുറച്ച് സിനിമകൾക്ക് മാത്രമാണ് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ പാട്ടുകാർക്ക് അവസരം കുറവായിരിക്കും. എന്നോട് പാടണമെന്ന് ആഗ്രഹം പറയുമ്പോൾ ഞാൻ പറയുമായിരുന്നു നിന്റെ ശബ്ദത്തിനു യോജിച്ച ഒരു പാട്ട് വരേട്ടേന്ന്. ഇൗ വർഷം അത് യാഥാർഥ്യമായേനെ. പക്ഷേ ഇടയ്ക്കു വച്ച് ആ മധുരസംഗീതം നിലച്ചു പോയി. ഷാനിന്റെ വാക്കുകൾ ഇടറി.