Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുട്യൂബിൽ പാട്ട് അപ്‍ലോഡ് ചെയ്ത വീട്ടമ്മയ്ക്ക് സംഭവിച്ചത്

jacintha-morris ജസീന്ത മോറിസ്, മ്യൂസികൽ വിഡിയോയിൽ നിന്നെടുത്ത ചിത്രം

പാട്ടു പാടാനും കേൾക്കാനും ആർക്കാണ് ഇഷ്ടമല്ലാത്തത്. പ്രായം എത്ര ചെന്നാലും അതിനു മാറ്റമൊന്നും വരില്ല. ജസീന്ത മോറിസെന്ന വീട്ടമ്മയും അങ്ങനെ തന്നെ. അതുകൊണ്ടാണ് ഇവരും ഒരു മ്യൂസികൽ വിഡിയോ ചെയ്തത്. പക്ഷേ യുട്യൂബിൽ പോസ്റ്റ് ചെയ്തതോടെ കളി മാറി. ജസീന്ത ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് ജീവിതത്തിൽ സംഭവിച്ചത്. ജസീന്തയുടെ ദുരനുഭവം ദേശീയ മാധ്യമങ്ങൾ വരെ വാർത്തയാക്കി. 

Is Suzainne Sinner ? എന്ന പേരിൽ ജസീന്ത മോറിസ് വിഡിയോയാക്കിയത് തന്റെ ജീവിതം തന്നെയായിരുന്നു. മധ്യവയസ് പിന്നിട്ട ഒരു സ്ത്രീയുടെ ജീവിതത്തെ കുറിച്ചുള്ള കവിതയാണ് ആൽബമായി മാറിയത്. ജസീന്തയും സുഹൃത്തുക്കളും തന്നെയായിരുന്നു അഭിനയിച്ചതും. എന്നാൽ വിഡിയോ യുട്യൂബിലെത്തിയതോടെ സംഗതി കാര്യമായി. അശ്ലീലം നിറഞ്ഞ കമന്റുകളായിരുന്നു വിഡിയോയ്ക്ക് താഴെ നിറഞ്ഞത്. അവസാനം വിഡിയോ പിൻവലിക്കേണ്ടി വന്നു. എന്നിട്ടും ജസീന്തയെ വിടാൻ ഭാവമുണ്ടായിരുന്നില്ല വിമർശന വീരൻമാർക്ക്. ഡൗൺലോഡ് ചെയ്ത വിഡിയോ ഫേസ്ബുക്കിൽ പലരും അപ്‍ലോഡ് ചെയ്തു വീണ്ടും. സൈബർ ആക്രമണം തുടരുകയാണിപ്പോഴും.

ഫേസ്ബുക്കിലെ ചില പോസ്റ്റുകൾ പ്രധാനമായും പോസ്റ്റ് ചെയ്തിരിക്കുന്നത് പാകിസ്ഥാൻ കേന്ദ്രമായ ഫേസ്ബുക്ക് പേജുകളിലാണ്. താഹിർ ഷാ എന്ന പാക് ഗായകന്റെ ഏയ്ഞ്ചൽ എന്ന പാട്ടിന്റെ ഇന്ത്യൻ വേർഷൻ എന്നാണ് ഈ ഗാനം വിശേഷിപ്പിക്കപ്പെട്ടത്. ചില ഓൺലൈൻ സൈറ്റുകളിൽ ഇക്കാര്യം പറഞ്ഞുകൊണ്ട് വാർത്ത വരെ വന്നു. പാകിസ്ഥാനിൽ നിന്നും ഗായികയ്ക്ക് പഴി കേൾക്കേണ്ടി വന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വാട്സ് ആപ്പും ഫേസ്ബുക്കും വഴി സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ക്രീൻ ഷോട്ട് അടക്കം അയച്ചതോടെ എന്തുചെയ്യണമെന്ന് അറിയാതെയായി പോയി. കമന്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യണമെന്നു കൂടി അറിയില്ലായിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഒരു ഗാനം എഴുതി പാടി അഭിനയിച്ചത്. ഒരിക്കലും നെഗറ്റീവ് പബ്ലിസിറ്റിക്കോ യുട്യൂബ് വഴിയുള്ള ഹിറ്റിന് വേണ്ടിയോ ആയിരുന്നില്ല ഇങ്ങനെ ചെയ്തതെന്ന് ജസീന്ത ഒരു ദേശീയ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥയാണ് അമ്പത്തിരണ്ടുകാരിയായ ജസീന്ത. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഒ.രാജഗോപാലാണ് ജസീന്തയുടെ ആൽബം പ്രകാശനം ചെയ്തത്.

യുട്യൂബിലെത്തുന്ന സർഗ സൃഷ്ടികളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ആവശ്യത്തിലധികം വിമർശിക്കുന്ന സാമൂഹിക വൈകൃതത്തിന്റെ ഇരയാണ് ഈ വീട്ടമ്മയും. കൂടാതെ നെറ്റ് ലോകത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുതെന്ന മുന്നറിയിപ്പും നൽകുന്നു ഈ സംഭവം. 

Your Rating: