Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്ന് കാത്തിരുന്നുമായി ശ്രേയ വേദിയിൽ

shreya-jr

കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു പോയി കടവത്ത് ആരുമില്ലാതെയുമായി. കാലവും അതിന്റെ വേഷമാടിത്തീർത്ത് കടന്നുപോയി. ആ പ്രണയം മാത്രം പെരുമഴയത്തങ്ങനെ നിന്നു. ഒന്നുചേരാൻ...എന്നു നിന്റെ മൊയ്തീൻ അപൂർവ പ്രണയത്തിലൂടെ ഒരു പെണ്ണിന്റെയും ചെക്കന്റെയും കഥപറഞ്ഞ ചിത്രമായിരുന്നു. കാഞ്ചനമാലയുടെയും മൊയ്തീന്റെയും കഥ. പക്ഷേ പ്രണയത്തിനപ്പുറം, സ്നേഹിച്ചവനെ സ്വന്തമാക്കുവാൻ കാഞ്ചനമാല നടത്തിയ പകരംവയ്ക്കാനില്ലാത്ത കാത്തിരിപ്പാണ് പ്രേക്ഷകന്റെ മനസിനെ വേട്ടയാടിയത്. അന്നും ഇന്നും.

ആ കാത്തിരിപ്പിന്റെ ആഴത്തെ മനസിലേക്കിങ്ങനെ ആഴ്ത്തിയിറക്കിയതിൽ കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ടിന്റെ പങ്ക് ചെറുതല്ല. ഒരു ചലച്ചിത്രത്തിൽ സംഗീതാവിഷ്കാരത്തിന് എത്രമാത്രം സ്വാധീനം ചെലുത്താനാവും എന്നുള്ളതിന് ഈ അടുത്ത കാലത്ത് നമ്മൾ കണ്ട ഏറ്റവും ശക്തമായ ഉദാഹരണമാണ് ഈ ഗാനം. എം ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ഗാനത്തിലൂടെ ലഭിക്കുമ്പോൾ ആ ചിന്ത കൂടുതൽ ബലപ്പെടുന്നു.

shreya-mj ശ്രേയാ ഘോഷാലും എം ജയചന്ദ്രനും ജയരാഗങ്ങളുടെ വേദിയിൽ

ശ്രേയയുടെ ആലാപന മാധുര്യമാണ് ഇതിലെടുത്തു പറയേണ്ട കാര്യങ്ങളിലൊന്നും. അവരുടെ ആലാപന ഭംഗിയെ മലയാളി വീണ്ടും വീണ്ടും എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്നതിനുള്ള കാരണങ്ങളിലൊന്നും ഇതു തന്നെ. ഓരോ പാട്ടും പഠിച്ചെടുക്കാൻ അവർ കാണിക്കുന്ന ക്ഷമയും സമർപ്പണവും പലവട്ടം എഴുതിയിട്ടുണ്ട്. കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ടിന്റെ ഓരോ വരികൾക്കും കാലത്തെ കവരുന്ന സ്വാധീനമുണ്ട്. അത്തരൊത്തിലൊരു പാട്ട് പാടുമ്പോള്‍ എപ്പോഴത്തേയും പോലെയല്ല, അതിന്റെ ഒരുപാടിരട്ടി ശ്രമം വേണം. പാട്ടിന്റെ റെക്കോർഡിങിന് ശ്രേയ അങ്ങനെ തന്നെയാണ് പരിശ്രമിച്ചത്.

ഇന്നത്തെ കാലത്ത് സംഗീത സംവിധായകൻ ഒരിടത്തും പാട്ടു പാടുന്നയാളും എഴുതുന്നയാളും റെക്കോർഡിങും വേറൊരിടത്തും എന്ന രീതിയാണല്ലോ പലപ്പോഴും. പക്ഷേ ഇവിടെ എം ജയചന്ദ്രനെന്ന ഗുരുവിനടുത്തിരുന്ന് ഓരോ വാക്കിന്റെ അർഥവും അതിന് വരുന്ന ഈണത്തിന്റെ രീതിയുമെല്ലാം ഒരു തുടക്കക്കാരിയെ പോലെ പഠിച്ചെടുത്താണ് ശ്രേയ ആലപിച്ചത്. ആ തീക്ഷ്ണ ശ്രമത്തിന്റ ഫലവും ആ പാട്ടിലുണ്ട്. പിന്നീട് ജയരാഗങ്ങളുൾപ്പെടെയുള്ള വേദികളില്‍ ശ്രേയ ആ പാട്ട് ലൈവായി പാടിയപ്പോൾ‌ അത് വ്യക്തമാകുകയും ചെയ്തു. ചലച്ചിത്ര ഗീതത്തിലെ കാതലായ മൂന്നു വ്യക്തികൾ, സംഗീത സംവിധായകന്‍, എഴുത്തുകാരൻ അത് പാടുന്നയാൾ, ഒരേ തലത്തിൽ നിൽക്കുന്ന പ്രതിഭകളായാല്‍ ആ സംഗീതത്തിന്റെ ഉള്‍ത്തലങ്ങൾ ആത്മാവിനുള്ളിൽ കുടിയിരിക്കും എന്നു പറഞ്ഞു തരുന്നു.

വിങ്ങലും മൗനവും ഇടകലർന്ന കാത്തിരിപ്പിന്റെ ഛായയ്ക്ക് ഈണം നൽകിത്തുടങ്ങിയത് ആ വികാരങ്ങളെ ഉൾക്കൊണ്ടു തന്നെ. കാത്തിരുന്നു കാത്തിരുന്നു ...എന്ന് ശ്രേയ ഘോഷാൽ പാടിത്തുടങ്ങും മുൻപുള്ള ഹമ്മിങ് ശ്രദ്ധിച്ചു നോക്കൂ. പിടഞ്ഞുണർന്ന വയലിൻ തന്ത്രികൾ പിന്നാലെയും. തെന്നി തെന്നി കണ്ണിൽ‌ മാഞ്ഞു പോകുന്ന പ്രിയതമനെ കാണാനുള്ള കൊതിക്കും, തിര പോലെയുള്ള അവനെ തിരയുന്ന പെൺമനസിന്റെ ആകാംക്ഷയും റഫീഖ് അഹമ്മദ് വരികളായി എഴുതിപ്പിടിപ്പിച്ചപ്പോൾ ആ ഇടങ്ങളിൽ പ്രതീക്ഷയുടെ കണം വിടരുന്ന ഈണക്കൂട്ടുകൾ ചേർത്തുനൽകി എം ജയചന്ദ്രൻ. കാത്തിരിപ്പിന്റെ ആഴവും പ്രതീക്ഷയും അതിനിടയില്‍ മനസിൽ വന്നുപോകുന്ന വികാര വിചാരങ്ങളേയും കവിയും സംഗീത സംവിധായകനും ആലപിച്ച ഗായികയും ഒരുപോലെ ഉൾക്കൊണ്ടു. സംഗീതവും സാഹിത്യവും ഒന്നിനോടൊന്നു മനോഹരമായി ഇഴചേർന്നു ഇവിടെ. ചലച്ചിത്രത്തിലെ ഏറ്റവും കാതലായ ഭാഗത്തെ നാലു മിനുട്ട് പതിമൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഈ പാട്ട് അതിസുന്ദരമാം വിധം പ്രേക്ഷകനോട് സംവദിച്ചു.

Your Rating: