Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടുമതിവരാതെ മരുവാർത്തൈ, സിദിന്റെ സ്വരവും

sid-sriram-stunning-songs

ഒരു രാവിൽ കടലിനക്കരെ നിന്ന്, കറുപ്പു മാറാതെ നിന്നൊരു പുലരിയിൽ അങ്ങകലെയുള്ള മലയുടെ നിഴലിനപ്പുറം നിന്ന് ആരോ ഒരാൾ ഉള്ളംതുറന്നു പാടുന്ന പോലെ....സിദ് ശ്രീറാമിന്റെ സ്വരഭംഗി അങ്ങനെയൊരു അനുഭൂതിയാണ് തീർക്കുന്നത്. പാട്ടിന് കൊടുക്കുന്ന ഭാവഭേദങ്ങൾ‌ക്ക് ഋതുഭേദങ്ങളുടെ ചേലുണ്ട്. ഓരോ പാട്ടിനേയും സിദ് സമീപിക്കുന്ന രീതിയുടെ വിഭിന്നിതയിൽ മരുവാർത്തൈ പേസാതെ...എന്ന ഗാനം നെഞ്ചകങ്ങളെ കീഴടക്കി പായുമ്പോൾ മറ്റൊന്നും പറയാനില്ല. വാക്കുകൾക്കതീതമായ ആലാപന ശൈലിയോട് ഏറെ ഇഷ്ടത്തോടെ പ്രേക്ഷകർ ചേർന്നു നിൽക്കുകയാണ്. 

ഒരു െചറിയ മൂളൽ കൊണ്ടുപോലും കാതുകളെ കീഴ്പ്പെടുത്തിക്കളയുന്ന സ്വരഭംഗിയാണ് സിദിന്. എത്ര കേട്ടാലും മതിവരികയേയില്ല. കടലിലെ അടിയേ ഐ യിലെ എന്നോട് നീ ഇരുന്താൽ‌ നാനും റൗഡി താനിലെ യെന്നൈ മാട്രും 24ലെ മെയ് നിഗരാ അച്ചം എൻബദ് മടമൈയെടായിലെ തള്ളി പോഗാതെ തുടങ്ങി എന്നൈ നോക്കി പായും തോട്ടയിലെ മരുവാർത്തൈ വരെയെത്തിയ സിനിമാ സംഗീത യാത്രയിൽ ഒരെണ്ണം പോലും ആസ്വാദകരുടെ മനസ് കീഴ്പ്പെടുത്താതെ പോയിട്ടില്ല. സിദ് ചെയ്ത സംഗീത ആൽബങ്ങളും കവർ വേർഷനുകളുമായാലും അതുപോലെ തന്നെ. ഒരുപക്ഷേ പുതുതലമുറ ഗായകർക്കിടയിൽ ഇത്രമാത്രം ഇഷ്ടം നേടിയ പാട്ടുകാർ ഉണ്ടാകില്ല. മരുവാർത്തൈ പേസാതെ...എന്ന പാട്ട് കേട്ടുകേട്ടിരിക്കുമ്പോൾ സിദ് ശ്രീറാം എന്ന ഗായകൻ വന്നെത്തുന്നത്  ആ തലത്തിലേക്കാണ്. 

ഏ ആർ റഹ്മാന്റെ കണ്ടെത്തലുകളിലൊരാളാണ് സിദ് ശ്രീറാം. മൂന്നാം വയസു മുതൽ കർണാടിക് സംഗീതം പഠിച്ച, ലോകത്തെ ഏറ്റവും പ്രശസ്തമായ സംഗീത കോളെജായ ബേൿലീയിൽ നിന്നു ബിരുദം നേടിയ, അമേരിക്കയിലും ഇന്ത്യയിലും സംഗീത പരിപാടികളുമായി തിരക്കേറുന്ന, ചേച്ചി പല്ലവി ശ്രീറാമിന്റെ ഭരതനാട്യത്തിനു പാടിക്കൊടുക്കുന്ന സിദ് ശ്രീറാം. റാപും ഹിപ്-ഹോപും നാടൻ സംഗീതവും മെലഡിയും എല്ലാം ഒന്നുചേരുന്നിടമാണ് സിദിൽ നിന്നുയരുന്ന ഓരോ സ്വരകണവും.

കർണാടിക് സംഗീതത്തിനു ചേരുന്ന സ്വരമുള്ള സിദിനെ പോപ് ശൈലിയിലും നാടൻ താളത്തിലും പാടിച്ച് റഹ്മാൻ സംഗീത പരീക്ഷണങ്ങൾ തുടർന്നപ്പോൾ അവിടെ കൂടിച്ചേർക്കപ്പെടുകയായിരുന്നു ഇന്ത്യൻ സംഗീതത്തിന് ഒരു നല്ല പാട്ടുകാരൻ കൂടി.

സ്വന്തമായി ചിട്ടപ്പെടുത്തിയ ഒരു പാട്ട് റഹ്മാന് മെയിൽ അയയ്ക്കുമ്പോള്‍ ഒരിക്കലും സിദ് പ്രതീക്ഷിച്ചിരുന്നില്ല അത് അദ്ദേഹം കാണുമെന്നു പോലും. പക്ഷേ കുറച്ചു മാസങ്ങൾക്കു ശേഷം തന്നെ വന്നു കാണാൻ പറഞ്ഞു റഹ്മാൻ സിദിനോട്. അമേരിക്കയിൽ നിന്നു പറന്നിറങ്ങി പാടിയത് കടൽ എന്ന ചിത്രത്തിലെ അടിയേ എന്ന പാട്ട്. തനി നാടൻ താളത്തിലുള്ള പാട്ടിനെ ഉറച്ച സ്വരത്തിൽ സിദ് പാടി. പിന്നെ അച്ചം എൻബദ് മടമൈയെടായിലെ തള്ളി പോഗാതെ. പോയവർഷത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനമായിരുന്നു അത്. റഹ്മാന്റെ കെ എം സ്റ്റുഡിയോയിൽ മെലഡിയിൽ പാടി വച്ച പാട്ട് പിന്നെയും ഒന്നു കൂടി പാടി. പോപ് ശൈലി ഇഴചേർത്ത മറ്റൊരു ഏ ആർ റഹ്മാൻ മെലഡിയായി ആ ഗാനം മാറി. രണ്ടാമതും റെക്കോർഡ് ചെയ്തതിന്റെ പിറ്റേ ദിവസം ഗാനം പുറത്തിറങ്ങുകയും ചെയ്തു. സിദ് ഏ ആർ റഹ്മാന്റെ മാജിക് അടുത്തറിഞ്ഞ നിമിഷങ്ങൾ. അതിനേക്കാൾ ഈ ഗായകനെ വിസ്മയിപ്പിച്ചു പ്രേക്ഷകരുടെ പ്രതികരണം. താമര എഴുതിയ പാട്ടിന്റെ വരികൾ പോലൊരു അനുഭൂതിയാണ് പാട്ട് സംഗീത ആരാധകരിൽ തീർത്തത്.  സിദിന്റെ സ്വരവും.

ഒരിക്കലും അവസാനിക്കാത്ത സംഗീത പരീക്ഷണങ്ങളുടെ ഏ ആർ റഹ്മാൻ എന്ന മനുഷ്യന്റെ മനസും അദ്ദേഹത്തിന്റെ സ്റ്റുഡിയോകളും. അവിടെ ഒന്നുകൂടി പിറക്കാനായി എന്നതാണ് സിദ് ശ്രീറാമിന്റെ പ്രസക്തി. അങ്ങനെയുള്ളവരെല്ലാം ഇന്ത്യൻ സംഗീതത്തിന്റെ അവിഭാജ്യ ഘടകമായി തീർന്നിട്ടുമുണ്ട്. എന്നെ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ മരുവാർത്തൈ എന്ന പാട്ടിന്റെ സംഗീത സംവിധായകൻ ആരെന്ന് ഇനിയും സംവിധായകനായ ഗൗതം മേനോൻ പുറത്തുവിട്ടിട്ടില്ല. അത് ആരായാലും ഈ സ്വരത്തെ ഇത്രയേറെ മനോഹരമായി ഉപയോഗപ്പെടുത്തിയതിന് അഭിനന്ദിച്ചേ മതിവരുള്ളൂ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.