Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടിത്തീരും മുൻ‌പേ വെടിയേറ്റു വീണവർ

singers-who-died-after-shot

വഴിയോരത്താകാം, വേദിയിൽ വച്ചാകാം, തൊട്ടുമുൻപുവരെ താൻ പാടി രസിപ്പിച്ച കേൾവിക്കാരുടെ വലിയ കൂട്ടത്തിനിടയിൽ നിന്നാകാം, പൊടുന്നനെ മൂളിയെത്തിയ ഒരു വെടിയുണ്ട അവരെ നിശബ്ദരാക്കിയത്. അടുത്തിട‌െ, ക്രിസ്റ്റീന ഗ്രിമ്മിയെന്ന ഗായികയും മരണത്തിലേക്കു പോയത് അങ്ങനെയായിരുന്നു. ഇത്തരം ക്രൂരമായ ഭ്രാന്തിനു മുന്നിൽ പിട‍ഞ്ഞു മരിച്ച ഗായകർ വേറെയുമുണ്ട്.

സംഗീതംകൊണ്ട് ഇതിഹാസമെഴുതിയ ബീറ്റിൽസ് എന്ന പാട്ടുകൂട്ടത്തിന്റെ ആത്മാവായിരുന്നു ജോൺ ലെനൻ. പാട്ടിന്റെ മാസ്മരികതയിൽ വേദികൾ കീഴടക്കി യാത്ര തുടരുമ്പോൾ ലെനൻ കരുതിയിരുന്നില്ല, തന്റെ കാലടികളെ പിന്തുടർന്ന് മരണം വരുന്നുണ്ടെന്ന്, തന്റെ വീടിനു മുന്നിൽ കാത്തുനിന്ന് കൂട്ടിക്കൊണ്ടുപോകുമെന്ന്. 35 വർഷം മുൻപു നടന്ന കൊലപാതകം ഇന്നും മനഃസാക്ഷിയെ നോവിക്കുന്നു, ഓരോ കേള്‍വിയിലും നോവാകുന്നൊരു പാട്ടുപോലെ. മാർക്ക് ഡേവിഡ് ചാപ്മാൻ എന്നഇരുപത്തിയഞ്ചുകാരനാണ് നാലു വട്ടം ലെനനു നേരെ വെടിയുതിർത്തത്. റൂസ്‌വെൽറ്റ് ആശുപത്രിയിൽവച്ച് ലെനൻ മരണത്തിനൊപ്പം പോയ ആ നിമിഷം ഇന്നും ലോകത്തെ കരയിക്കുന്നു. ചാപ്മാന്‍ അവിടെയുണ്ട്, ആ ജയിലിൽ. എന്തിനാണ് ലെനനെ കൊന്നത് എന്നതിനു ചാപ്മാൻ നൽകിയ ഉത്തരമിതായിരുന്നു: ‘ബീറ്റിൽസ് ജീസസിനേക്കാള്‍‌ പ്രശസ്തമാണ്. അതുകൊണ്ട്...’

ലോകത്തെ ഏറ്റവും നടുക്കിയ കൊലപാതകങ്ങളിലൊന്ന് ജോൺ ലെനന്റേതായിരുന്നു. അതിനു മുൻപും പിൻപും ഈ നിരയിലേക്ക് വന്നുചേർന്നവർ ഏറെ. ടുപാക് ഷകൂർ, സ്വന്തം അച്ഛൻ വെടിവച്ചു വീഴ്ത്തിയ മാർവിൻ ഗയെ, സെലേന, ഡൈംബാഗ് ഡാരെൽ, മിയാ സപാറ്റ, ജാസൺ മിസെൽ, പീറ്റർ തോഷ്, പ്രൂഫ്, കാൾട്ടൺ ബാരെറ്റ്, ദി നൊട്ടോറിയസ് ബിഗ് എന്നറിയപ്പെട്ട ക്രിസ്റ്റഫർ ജോർജ് ലാറ്റോർ വല്ലാസ്, ബിഗ് ഹോക്,  പിൻടോപ് സ്മിത്ത്, സ്ക്രാപ്പർ ബ്ലാക്ക് വെൽ, ലെന്നി ബ്ര്യൂ, വിൻസ്റ്റൺ റിലേ, വാലന്റീൻ എലിസാൽഡേ, ബ്രയാൻ ഹാർലി, കരിസ്മ, ഹെറ്റ് ഫോറസ്റ്റർ, റസ്റ്റി ഡേ, സാം കുക്കെ എന്നിങ്ങനെ പലരും.

ആത്മസ്പർശമുള്ള ഗാനങ്ങളായിരുന്നു സാം കുക്കെ പാടിയത്. അജ്ഞാതമായ അനുഭൂതികളിലേക്ക് മനസുകളെ നയിച്ച ആ സ്വരം നിലച്ചുപോയതും അതേ രീതിയിലായിരുന്നു. നിഗൂഢമായ മരണം.

ലൈംഗികാപവാദവും ജയിൽവാസവും റെക്കോർഡിങ് സ്റ്റുഡിയോ തല്ലിത്തകർത്തുമൊക്കെക്കൊണ്ട് വാർത്തകളിൽ നിറഞ്ഞ ടുപാക് ഷകൂറിന്റെ മരണവും അതുപോലെയായിരുന്നു. നാലു വട്ടം വെടിയേറ്റിട്ടും ഷകൂറിനുള്ളിൽ ജീവന്റെ തുടിപ്പു ബാക്കിയായിരുന്നു. കുറേ ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിനു ശേഷമാണ് ഗായകൻ മരണത്തിലേക്കു പോയത്. ഷകൂറിന്റെ മരണം കുറേയാളുകളെ കൊതിപ്പിക്കുന്നുണ്ടായിരുന്നു. കാരണം ഇതേ രീതിയിൽ കൊലചെയ്യാൻ രണ്ടു വട്ടം മുൻപും അവര്‍ ശ്രമിച്ചിരുന്നു. തലനാരിഴയ്ക്കാണ് അന്നു രക്ഷപ്പെട്ടത്. ക്ഷുഭിതമായ പ്രകൃതമായിരുന്നുവെങ്കിലും ആ സ്വരവും പാട്ടും ഇന്നും ലോകത്തെ കൊതിപ്പിക്കുന്നു. ഷകൂറിന്റെ മരണത്തിൽ സംശയമുന നീണ്ടത് സഹയാത്രികനായിരുന്ന ദി നൊട്ടോറിയസ് ബിഗിലേക്കായിരുന്നു. ആറു മാസങ്ങൾക്കപ്പുറം ഷകൂർ മരിച്ച അതേരീതിയിൽ അദ്ദേഹവും കടന്നുപോയത് മറ്റൊരു വൈചിത്ര്യം.

മാർവിന്‍ ഗയയെ സ്വന്തം അച്ഛൻ എന്തിനു കൊന്നുവെന്നതിനു ഇപ്പോഴുമൊരു കൃത്യമായ ഉത്തരമില്ല. അച്ഛനു മകനോടു അസൂയായിരുന്നുവെന്നും ഗയെ തന്റെ മകനല്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതുമായിരുന്നു നിറയൊഴിക്കുവാനുള്ള കാരണമെന്നായിരുന്നു 27 വർഷങ്ങൾക്കിപ്പുറം ഗായകന്റെ സഹോദരി വെളിപ്പെടുത്തിയത്.

ബോബ് മാർ‌ലിയ്ക്കൊപ്പം പാടി നടന്ന കാൾട്ടൻ ബാരെറ്റിനെ വീടിനുള്ളിൽ ഒളിഞ്ഞിരുന്നു കൊന്നത് ഒരു ടാക്സി ഡ്രൈവറായിരുന്നു. പിന്നെ അയാളുടെ കൂട്ടുകാരനും. എല്ലാത്തിനും കൂട്ടുനിന്നതാകട്ടെ ഭാര്യ ആൽബർട്ടീനയും. ആൽബർട്ടീനയുടെ കാമുകനായിരുന്നു ടാക്സി ഡ്രൈവറായ ഗ്ലെൻറോയ് കാർട്ടീൻ.

സെലേന ക്വിൻറാനില്ലയെ സുഹൃത്തായിരുന്നു വെടിവച്ചു കൊന്നത്. ബിൽബോർഡ് 200ൽ ഇടം നേടിയ ആദ്യ ലാറ്റിൻ അമേരിക്കൻ ഗായികയെന്ന ബഹുമതി മരണശേഷം അവരെ തേടിയെത്തി. സെലേനയുടെ കഥയും ചലച്ചിത്രമായി.

 വാഷിങ്ടൺ നഗരത്തില്‍ വച്ചൊരു പാതിരായ്ക്ക് മിയാ സപാറ്റയെ കൊന്നുകളഞ്ഞത് ക്രൂരമായിട്ടായിരുന്നു. അന്നവളൊരു പാട്ടു പാടിക്കഴിഞ്ഞു മടങ്ങുകയായിരുന്നു.മിയയുടെ ശവശരീരത്തിൽ നിന്നു ലഭിച്ച ഉമിനിര‌ിൽ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് ജീസസ് മെസ്‍ഖ്വിയ എന്ന മീൻപിടിത്തക്കാരനില്‍ നിന്നായിരുന്നു. ഹെഡ്സെറ്റും വച്ചു നടന്ന യാത്രയ്ക്കിടയിൽ തന്നെ പിന്തുടർന്ന അപകടകാരിയെ തിരിച്ചറിയാൻ മിയയ്ക്കു സാധിച്ചില്ല. പീഡന ശ്രമത്തിനിടെ നടന്ന ക്രൂരമായ മർദ്ദനം മിയയുടെ ജീവനെടുത്തു. 

അടുത്തിടെ ക്രിസ്റ്റീന ഗ്രിമ്മിയെന്ന ഗായികയെ കെവിൻ ലോയ്ബൽ എന്നയാൾ കൊന്നുതള്ളിയത് തന്റെ പ്രണയം പൂവണിയില്ലെന്ന സമ്മർദ്ദത്തിൽ നിന്നാണ്.

അംജദ് സാബ്രിയെന്ന സൂഫീ ഗായകനെ പിന്തുടർന്ന് വെടിയുതിർത്തു മരണത്തിലേക്കു പറഞ്ഞുവിട്ടത് രാജ്യത്തെ തീവ്രചിന്താഗതിക്കാരാണ്. അങ്ങനെ ഓരോ മരണത്തിനു പിന്നിലും വിചിത്രവും അസാധാരണവുമായ ഓരോ കാരണങ്ങൾ. ലോകമിനിയുമെത്രയോ നല്ല പാട്ടുകൾ ഇവരിൽ നിന്നു കേൾക്കേണ്ടിയിരുന്നു. പക്ഷേ...

ഒറ്റയ്ക്കിരിക്കുമ്പോൾ ഒന്നുകാതോർത്താൽ കേൾക്കാം മൗനത്തെ കീറിമുറിച്ച് കടന്നുവരുന്ന നിഗൂഢമായ ഏതോ രാഗം. മൗനത്തിനും മരണത്തിനും അപ്പുറമുള്ള ഏതോ രാഗം. അറിയാമോ, പാട്ടുചരിത്രത്തിന്റെ ഏടുകളിൽ കാലാതീതമായ ഈണക്കൂട്ടുകൾകൊണ്ടും  സ്വരഭംഗികൊണ്ടും മാത്രമല്ല... മരണം കൊണ്ടു കൂടി സ്വയം അടയാളപ്പെട്ട ഗായകരാണിതിനു പിന്നിൽ. പാടിത്തീരും മുൻപേ പറന്നുപോകേണ്ടി വന്നതിനാൽ ഇരുട്ടുമാത്രമുള്ള കൽക്കെട്ടുകൾക്കുള്ളിലിരുന്ന് അവരിപ്പോഴും പാടുകയാണ്, നിലയ്ക്കാത്ത പാട്ട്...

Your Rating: