Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടാൻ ഞങ്ങൾക്കു മനസില്ല: ട്രംപിനോടു പ്രതിഷേധിച്ച് അമേരിക്കൻ ഗായകർ

katy-perry-trump-sceline-dion

അമേരിക്കയുടെ സംഗീത വേദികളും സംഗീത പരിപാടികളും അതിന്റെ ചരിത്രവും എന്നും ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കയിൽ ചരിത്രപ്രധാനമായ എന്തുനടന്നാലും സംഗീത പ്രേമികൾക്കത് പ്രിയപ്പെട്ടതുമാണ്. പ്രത്യേകിച്ച് പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേളയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നവരെ എന്നും ലോകം ഉറ്റുനോക്കാറുണ്ട്. ഇത്തവണയും അതിനു മാറ്റമില്ല. പക്ഷേ അവർ ആരൊക്കെയാണവർ എന്നതിനേക്കാൾ പ്രസക്തം ആരൊക്കെയാണ് അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ച ഗായകർ എന്നതാണ്. കാരണം വലിയൊരു സംഘം ഗായകർ തന്നെയുണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പു വേളയിൽ സംഗീത പരിപാടി അവതരിപ്പിക്കാനുള്ള ക്ഷണം നിരസിച്ചവരുടെ കൂട്ടത്തിൽ. അതിൽ ടൈറ്റാനിക് സിനിമയിലെ ആ പ്രശസ്തമായ ഗാനം പാടിയ ഗായിക സെലിൻ ഡിയോണും ഉൾപ്പെടും. തെരഞ്ഞെടുപ്പ് സമയത്ത് ഹിലരി ക്ലിന്റണു വേണ്ടി ഒരു മ്യൂസിക് വിഡിയോ തന്നെ പുറത്തിറക്കിയ കാത്തി പെറിയ്ക്കും ക്ഷണമുണ്ടായിരുന്നു എന്നത് മറ്റൊരു കൗതുകകരമായ വസ്തുത. അവരും ആവശ്യം നിരാകരിച്ചു. 

പാടാനും ആടാനും ഞങ്ങൾക്കു മനസില്ല

ഡേവിഡ് ഫോസ്റ്റർ,ഗ്രാത് ബ്രൂക്സ്,ജോൺ ലെജൻഡ്,ഷാർലറ്റ് ചർച്ച്,മോബി,എൽട്ടൺ ജോൺ,എറിക് മൿകോർമാക്ക്,ജോർജ് ലോപസ്,ഡിക്സീ ചിക്സ്,സാറാ ലാർസൺ,ആഡം ലാംബർട്ട്,കിസ്,ആൻഡ്രിയ ബോസെലീ,ലോകൽ മാർച്ചിങ് ബാൻഡ്സ്,ഇഡിനാ മെൻസെൽ എന്നിവരാണ് മറ്റുള്ളവർ. എൽട്ടൺ ജോൺ പാടും എന്നായിരുന്നു ട്രംപിന്റെ സംഘത്തിലുള്ളവർ വ്യക്തമാക്കിയതെങ്കിലും അദ്ദേഹം അവസാനം പിൻവാങ്ങുകയായിരുന്നു. അതു ശരിയായ കാര്യം അല്ല എന്നായിരുന്നു എൽട്ടണിന്റെ പ്രതികരണം. മോർമോണ്‍ ടാബർനാകിൾ കൊയറിലെ ഒരു അംഗം രാജിവച്ചു പോയതു തന്നെ അവരോട് പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടതിനാല്‍ ആയിരുന്നു. 

ഇവർ പാടും...നൃത്തമാടും 

ഷുഡ് ഹാവ് ബീൻ എ കൗ ബോയ് എന്ന പാട്ടിലൂടെ പ്രശ്സ്തനായ ടോബി കീത്ത്,  നടി ആഞ്ജലീന ജോളിയുടെ പിതാവായ ജോൺ വൊയ്റ്റ്, ഡോർസ് ഡൗൺ, ഡാൻസ് കമ്പനിയായ റേഡിയോ സിറ്റി റോക്കറ്റ്സ്, ദി ഫ്രണ്ട്മെൻ ഓഫ് കൺട്രി, ലീ ഗ്രീൻവുഡ്, ദി പിയാനോ ഗയ്സ്, ജാക്കീ ഇവാൻകോ, ഡിജെ രവി ഡ്രംസ്, എന്നിവരാണ് ട്രംപിന്റെ സ്ഥാനോഹരണ ചടങ്ങില്‍ കലാവിരുന്ന് ഒരുക്കുന്നത്. ട്രംപിനെ അനുകൂലിക്കാത്തവർ നിരവധിയുള്ള ബാൻഡ് ആണ് റേഡിയോ സിറ്റി റോക്കെറ്റ്സ്. ഒരുപാട് സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് പതിമൂന്നംഗ സംഘത്തിൽ നിന്ന് മൂന്നു പേർ പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചത്.

രാജ്യ തലവൻമാരോട് നിഷേധാത്മക നിലപാട് കലാകാരൻ എടുക്കുന്നത് വലിയ കാര്യമൊന്നുമല്ല. ചരിത്രത്തിൽ അതിനു നിരവധി ഉദാഹരണങ്ങളുണ്ട്. അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ അവിടത്തെ അഭിനയ-സംഗീത-കായിക-സാങ്കേതിക മേഖലകളിലെ പ്രമുഖരിൽ പലരും അസാധാരണമായാണ് ട്രംപിന് എതിരെ രംഗത്തെത്തിയത്. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപ് ജയിച്ചു കയറിയതും. അതുകൊണ്ട് ഇതേപോലുള്ള സംഭവങ്ങൾ വരുംകാലങ്ങളിലും പ്രതീക്ഷിക്കാം എന്നുറപ്പ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ അധികാരമേറ്റ സമയത്ത് ബെയോൺസെ, ബ്രൂസ് സ്പ്രിങ്സ്റ്റീൻ, സ്റ്റീവീ വണ്ടര്‍ തുടങ്ങിയവർ ഒന്നിച്ച വീ ആർ ഒണ്‍ എന്ന സംഗീതപരിപാടിയാണ് അരങ്ങേറിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.