Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് നട്ടെല്ലുള്ള പ്രതിഷേധം: ശശികലയ്ക്കെതിരെ ഗായിക

sofia-ashraf-thenmozhi-song

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ കലാകാരൻമാരിൽ ചിലർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. സാമൂഹിക പ്രശ്നങ്ങളിലൂന്നിയ ഗാനങ്ങളിലൂടെ പ്രശസ്തയായ ഗായിക സോഫിയ തേൻമൊഴി അഷ്റഫ് അവർക്കെതിരെ ഒരു റാപ് ഗാനമാണ് പാടിയത്. വരികളുടെ മൂർച്ചയും അവതരണ ശൈലിയും പാട്ടിനെ സമൂഹ മാധ്യമങ്ങളിൽ പാട്ടിനെ തരംഗമാക്കി. ശശികലയുടെ വസതിയായ പോയസ് ഗാർഡനു മുൻപിലെത്തിയാണ് സോഫിയ പാട്ടിലൂടെ പ്രതിഷേധമറിയിച്ചത്. 

ജനാധിപത്യം മരിച്ചു എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഗാനം സോഫിയ ജനങ്ങളിലേക്കെത്തിച്ചത്. നാൽപതിനായിരത്തിലധികം പ്രാവശ്യമാണ് ഈ വിഡിയോ ആളുകൾ വീക്ഷിച്ചത്. ആയിരത്തിലധികം പ്രാവശ്യം വിഡിയോ ഷെയർ ചെയ്യപ്പെടുകയുമുണ്ടായി. ചെറുതും വലുതുമായ നിരവധി പ്രതിഷേധങ്ങളാണ് നിരവധി കോണുകളിൽ നിന്ന് ശശികലയ്ക്കെതിരെ ഉയരുന്നത്. 

2008ലാണ് സോഫിയയുടെ വിപ്ലവ പാട്ടുകൾ തമിഴ് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്ക് അർഹമായ പാരിതോഷികം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടപ്പോഴായിരുന്നു ആദ്യം സോഫിയ പ്രതിഷേധ പാട്ടുയർത്തിയത്. കൊടൈക്കനാലിൽ ഫാക്ടറികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ 2015ൽ കൊടൈക്കനാൽ വോണ്ട് എന്ന വിഡിയോയും ഇവൾ പുറത്തിറക്കി. എല്ലാം തമിഴിന് അകത്തും പുറത്തുമുള്ള സാധാരണക്കാരുടെ നെഞ്ചിനുള്ളിലേക്കു ചേക്കേറി. സ്റ്റെല്ലാ മേരീസ് കോളജിൽ നിന്ന് ഗ്രാഫിക് ജിസൈനിൽ ബിരുദം നേടിയ സോഫിയ ദി ബുർഖാ റാപ്പർ എന്നാണ് അറിയപ്പെടുന്നത്. വേൾഡ് ‍ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം ലോകത്ത് മുസ്ലിം ജനതയ്ക്കെതിരെ ഉടലെടുത്ത മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് കൊളജിൽ അവതരിപ്പിച്ച ഗാനമാണ് സോഫിയയ്ക്ക് ആ പേര് ചാര്‍ത്തിക്കൊടുത്തത്.