Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറയാതെ അറിയാതെ പോയ പാട്ടുകൾ!

art-colash1

പല കാരണങ്ങള്‍ കൊണ്ടും പല നല്ല പാട്ടുകളും ആസ്വാദകന്‍റെ ചെവികളിലോ ഹിറ്റ്ചാര്‍ട്ടിലോ ഇടം പിടിക്കാതെ പോകാറുണ്ട്. സിനിമ ബോക്സ് ഓഫിസില്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ പാട്ടുകളും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്. ചിത്രത്തിന്‍റെ ക്ലൈമാക്സിനെക്കുറിച്ചോ കഥാഗതിയെക്കുറിച്ചോ സൂചനകള്‍ നല്‍കുന്ന പാട്ടുകള്‍ പ്രൊമൊഷനായി ഉപയോഗിക്കാറില്ല. ഇത് ചിലപ്പോള്‍ പാട്ടിന്‍റെ സ്വീകാര്യതയെ ബാധിക്കാറുണ്ട്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ വലിയ ഹിറ്റുകളാകുമ്പോള്‍ തഴയപ്പെട്ട ഗാനങ്ങളും ഉണ്ട്. തമിഴ് ചിത്രം ത്രീയിലെ കൊലവറി രാജ്യന്തര പ്രശസ്തിയിലേക്കു ഉയര്‍ന്ന ഗാനമാണ്. എന്നാല്‍ ചിത്രത്തിലെ ‘നീ പാര്‍ത്ത വിഴികള്‍’, ‘കണ്ണഴകാ’ എന്നീ മനോഹരമായ മെലഡികള്‍ കൊലവറി തരംഗത്തില്‍ മുങ്ങി പോയി. 

ഇത്തരത്തില്‍ വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടു ഹിറ്റ് ചാര്‍ട്ടിലോ ആസ്വാദകരുടെ മനസ്സിലോ ഇടം പിടിക്കാതെ പോയ മനോഹര ഗാനങ്ങളെ അന്വേഷിക്കുകയാണ് ഇവിടെ...

പറയാതെ പറയാതെ എന്‍ മൗനം ഗാനമായ്

2013ല്‍ സംഗീത സംവിധാനം പൂര്‍ത്തിയായ റാസ്പ്പുട്ടിന്‍ എന്ന ചിത്രം സാങ്കേതിക കാരണങ്ങളാല്‍ രണ്ടു വര്‍ഷത്തോളം പെട്ടിയില്‍ ഇരുന്നു. 2015ല്‍ ചിത്രം റിലീസായെങ്കിലും ബോക്സ് ഓഫിസില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. നിര്‍ഭാഗ്യവശാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് പരാജയം ഏറ്റവും കൂടുതല്‍ ബാധിച്ചത് ‘പറയാതെ എന്‍ മൗനം ഗാനമായ്’ എന്ന മനോഹരമായ മെലഡിയെയാണ്. റഫീക്ക് അഹമ്മദിന്‍റെ കവിത തുളുമ്പുന്ന വരികള്‍. സച്ചിന്‍ വാരിയരുടെ പ്രണയാര്‍ദ്ദമായ ശബ്ദവും ഗാനത്തെ ഹൃദ്യമാക്കുന്നു. റോബി എബ്രാഹമിന്‍റെ ഏറ്റവും മികച്ച കംപോസിഷനുകളിലൊന്നാണിതെന്നു നിസംശയം പറയാം. പശ്ചാത്തലത്തില്‍ ശബ്ദകോലാഹലങ്ങള്‍ ഒഴിവാക്കി ഗിറ്റാറിന്‍റെ സൗന്ദര്യവും സാധ്യതയും പരമവാധി പ്രയോജനപ്പെടുത്തിയിരിക്കുന്നു ഈ ഗാനത്തില്‍.

‘‘ഓര്‍മയൊഴുകും കരയിലാരെ കാത്തു വെറുതെ നിലാവേ...’’ ‘‘നിറയാത്തൊരു പുഴപോലെ മാഞ്ഞൊരാ കാലമേ’’... ഇങ്ങനെ ഈ പാട്ടിലെ ഓരോ വരികളും തമ്മില്‍ താരതമ്യപ്പെടുത്താന്‍ കഴിയാത്തത്ര മനോഹരമാണ്. 

സാരംഗിയില്‍ ഹൃദയ സാരംഗിയില്‍ 

ഇത്തവണയും നിര്‍ഭാഗ്യം റോബിയേയും റഫീക്കിനെയും പിടി കൂടുന്നു. യൂ ടു ബ്രൂട്ടസിലേതാണ് ഗാനം. ചിത്രവും ബോക്സ് ഓഫിസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. കഥാഗതിയെക്കുറിച്ചു സൂചനകള്‍ ഉള്ളതുകൊണ്ട് ഈ ഗാനം സിനിമക്കൊപ്പം യൂട്യൂബിലും മറ്റും റിലീസ് ചെയ്തിരുന്നില്ല. പാട്ടിന്‍റെ ദൈര്‍ഘ്യവും സിനിമയില്‍ കുറക്കേണ്ടിയും വന്നിട്ടുണ്ട്. വൈകി യൂട്യൂബില്‍ റിലീസ് ചെയ്തെങ്കിലും ആസ്വാദരിലേക്ക് ഗാനം റീച്ച് ചെയ്തിലെന്നു പറയാം. ഫോക്കും റോക്കും ഉയര്‍ന്ന പിച്ചിലുള്ള ഗാനങ്ങള്‍ മാത്രമല്ല സോഫ്റ്റ് മെലഡിയും തനിക്കു വഴങ്ങുമെന്നു ജോബ് കുര്യന്‍ തെളിയിക്കുന്നു ഈ ഗാനത്തിലൂടെ. പതിവു പോലെ പാട്ടിന്‍റെ പിന്നണിയില്‍ ലാളിത്യം പുലര്‍ത്താന്‍ റോബി ശ്രദ്ധിച്ചിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കുന്ന റഫീക്ക് അഹമ്മദിന്‍റെ തൂലികയില്‍ നിന്ന് പിറവിയെടുത്ത മറ്റൊരു മനോഹര കാവ്യം. 

‘‘സാരംഗിയില്‍ ഹൃദയസാരംഗിയില്‍... പ്രണയമധുര ഗീതകമായ് നീ അണഞ്ഞുവോ... പിന്നെ വിരഹവിധുര ശലഭമായ് പോയ് മറഞ്ഞുവോ...’’

എന്താണ് ഖല്‍ബേ...

മലപ്പുറത്തിന്‍റെ കളിഭ്രാന്തും പ്രണയവും സമന്വയിപ്പിച്ച് നവാഗതനായ മുഹ്സിന്‍ പ്യാരി സംവിധാനം ചെയ്ത ചിത്രമാണ് കെഎല്‍10 പത്ത്. പരീക്ഷണ സ്വാഭവമുള്ള ഈ ചിത്രം ബോക്സ് ഓഫിസില്‍ തകര്‍ന്നതോടെ ഈ പാട്ടിന്‍റെ വിധിയും മറ്റൊന്നായില്ല. തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് പാട്ട് പിന്നിലേക്ക് പോയി. മൊഹബത്തിനെയും ഇഷ്ഖിനെയും കുറിച്ചു പറയുന്ന മനോഹരമായ ഗാനമാണിത്. ബിജിപാലിന്‍റെ തികച്ചും വ്യത്യസ്തമായ ഒരു ഈണമാണിത്. സൂഫി സംഗീതവും മാപ്പിളപ്പാട്ടും സമന്വയിക്കുന്ന ഗാനത്തിന്‍റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. നജീം അര്‍ഷാദ്, സൗമ്യ രാമകൃഷ്ണന്‍, പാലക്കാട് ശ്രീറാം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപ്പിച്ചിരിക്കുന്നത്. പാലക്കാട് ശ്രീറാം ആലപ്പിച്ചിരിക്കുന്ന സൂഫി പോര്‍ഷനാണ് പാട്ടിന്‍റെ ഹൈലൈറ്റ്.

 ‘‘ഇഷ്ഖിന്‍റെ കടലും തേടി ഇറങ്ങുന്ന യാത്രക്കാരാ, വഴിക്കു നിന്‍ കണ്ണില്‍ പെട്ടോ മുഹബത്തിന്‍ ഇളനീര്‍ പൊയ്ക.’’ 

ഈ മിഴികളില്‍ കണ്ടുവോ പ്രണയമാകും നൊമ്പരം

സൗഹൃദവും പ്രണയവും പഴയ കൂട്ടുകാരുടെ ഒത്തുചേരലുമൊക്കെ പങ്കുവെച്ച ഒരു കൊച്ചു നല്ല ചിത്രമായിരുന്നു ബാഷ് മുഹമ്മദിന്‍റെ ലുക്കാ ചപ്പി. നിര്‍ഭാഗ്യവശാല്‍ പരീക്ഷണ സ്വാഭവമുള്ള ഈ ചിത്രവും ബോക്സ് ഓഫിസില്‍ തരംഗം സൃഷ്ടിച്ചില്ല. റഫീക്ക് അഹമ്മദിന്‍റെ മനോഹരമായൊരു കവിത കൂടി ശ്രോതാക്കള്‍ക്ക് ഇത്തവണ നഷ്ടമായി. ആരോഹണ-അവരോഹണങ്ങളുടെ സൗന്ദര്യമുള്ള ബിജിപാലിന്‍റെ മറ്റൊരു മനോഹര ഈണം. വിവേകാനന്ദനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

‘‘ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്തനിലാവിന്‍റെ വിഷാദാർദ്ര നിശാഗാനമായ് മാറി...’’

അരികില്‍ നിന്‍ അരികില്‍ 

‘മലര്‍വാകാ കൊമ്പത്ത്’, ‘ശാരദാബരം’, ‘എന്‍റെ ജനലരികിലിന്ന്’ എന്നീ ഗാനങ്ങള്‍ക്കു ശേഷം ഭാവഗായകന്‍ പി. ജയചന്ദ്രന്‍റെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കേണ്ടിയിരുന്ന ഗാനമായിരുന്നു റോക്ക് സ്റ്റാറിലെ ‘അരികില്‍ നിന്‍ അരികില്‍’ എന്ന ഗാനം. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജയചന്ദ്രന്‍റെ സ്വതസിദ്ധമായ ആലപാന ശൈലിയിലാണ് പാട്ടിന്‍റെ പ്ലസ്. 

വെയിലാറും ഓര്‍മതന്‍ വയല്‍വരമ്പില്

ശബ്ദം നഷ്ടപ്പെട്ട് പിന്നണിഗാന രംഗത്ത് നിന്ന് ഏറെക്കാലം മാറി നില്‍ക്കേണ്ടി വന്ന പ്രിയ ഗായിക മിന്‍മിനിയുടെ തിരിച്ചു വരവ് ആഘോഷമാക്കേണ്ടിയിരുന്ന ഗാനമായിരുന്നു ലൗവ് 24*7ലെ ഈ ഗാനം. നിര്‍ഭാഗ്യവശാല്‍ ശ്രീബാലാ കെ. മോനോന്‍റെ കന്നി ചിത്രവും ബോക്സ് ഓഫിസില്‍ കരകയറിയില്ല. നഷ്ടപ്രണയത്തെ വൈകിയ വേളയിലെങ്കിലും തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന ഡോക്ടര്‍ സുഹൃത്തുകളുടെ വികാര-വിചാരങ്ങളെ തീവ്രത നഷ്ടപ്പെടുത്താതെ അടയാളപ്പെടുത്തുന്നു വരികളില്‍ പ്രിയ കവി റഫീക്ക് അഹമ്മദ്. ബിജിപാലിന്‍റെ മാന്ത്രിക സ്പര്‍ശം വീണ്ടും അനുഭവിച്ചറിയാം ഈ ഗാനത്തില്‍. സുഹാസിനിയുടെയും ശശികുമാറിന്‍റെയും സ്ക്രീന്‍ കെമിസ്ട്രിയും ഗാനത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

‘‘ഋതുദേവി ഒരിക്കല്‍ വന്നുടുപ്പിച്ച പുടവതന്‍ ഞൊറികളില്‍ അനുരാഗക്കസവു മിന്നി ഏതോ ദലങ്ങളായ് ഗതകാലം പൊഴിഞ്ഞു പോയി.’’

പാര്‍വണവിധുവേ 

വടക്കന്‍ സെല്‍ഫിയിലെ ഏറ്റവും മനോഹരമായ ഗാനമാണിത്. ചിത്രം പുറത്തിറങ്ങിയ സമയത്ത് മികച്ച പ്രതികരണവും ഗാനത്തിനു ലഭിച്ചിരുന്നു. ചിത്രത്തിലെ ‘എന്നെതല്ലേണ്ടാമ്മാവാ’, ‘ചെന്നൈ പട്ടണം’, ‘കൈകോട്ടും കണ്ടിട്ടില്ലാ’ എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ നമ്മുടെ പാവം പാര്‍വണ ചന്ദ്രന്‍ പിന്നിലേക്ക് മാഞ്ഞു. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍റെ ഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഗാനവും ഇതാണ്. അനു എലിസബത്തിന്‍റെ വരികളും ഹരീഷ് ശിവരാമകൃഷ്ണന്‍റെ ആലാപനവുമാണ് പാട്ടിന്‍റെ സൗന്ദര്യം.

‘‘പ്രയാണങ്ങളില്‍... പ്രവാഹങ്ങളില്‍...  പ്രഭാതം മറന്ന് ഇന്ന് തേടുന്നു... ആരെ നീ കാതരേ...’’