Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീവിദ്യ സെറ്റിലിരുന്ന് കീർത്തനം പാടിയപ്പോൾ...ഒരു ഓർമ

sridivya

ശ്രീവിദ്യയുടെ ഓർമകൾക്ക് ഒരു ദശാബ്ദമാകുമ്പോൾ...ശ്രീകുമാരൻ തമ്പിയുമായുള്ള പിണക്കം മാറി സീരിയലിൽ ശ്രീവിദ്യ അഭിനയിക്കാൻ വന്നപ്പോൾ.. ഒരു ഓർമ

മൈക്കിന്റെ മുഴക്കമില്ലാതെ, വാദ്യങ്ങളുടെ കൊഴുപ്പില്ലാതെ കേട്ടിരിക്കാൻ ജനസഹസ്രഹങ്ങളില്ലാതെ ശ്രീവിദ്യ സ്വയം മറന്നു പാടുകയാണ്. അതിൽ ലയിച്ച് ഇരുന്നു പോയ നിമിഷങ്ങൾ. ശ്രീവിദ്യ എന്ന ചലച്ചിത്രനടി ഒാർമയായി മാറിയിട്ട് പത്തു വർഷം പിന്നിടുമ്പോഴും ആ കീർത്തനത്തിന്റെ മധുരം കാതുകളിൽ നിന്നും ഒഴിയുന്നില്ല. വർഷം 2006. സ്ഥലം തിരുവനന്തപുരത്തെ എആർഎസ് സ്റ്റുഡിയോ. ശ്രീകുമാരൻ തമ്പിയുടെ അമ്മത്തമ്പുരാട്ടി എന്ന പരമ്പരയിൽ ടൈറ്റിൽ റോളിൽ ശ്രീവിദ്യ അഭിനയിക്കുകയാണ്.

ജീവിതം ഒരു ഗാനം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ ചെറിയ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ഇരുവർക്കുമിടയിൽ നേരിയ സൗന്ദര്യപ്പി​ണക്കം നിലനിന്നിരുന്നു. അതെല്ലാം പൂർണമായി തീർന്നത് ഇൗ പരമ്പരയിൽ ശ്രീവിദ്യയെ അഭിനയിപ്പിക്കാൻ ‌ശ്രീകുമാരൻതമ്പി തീരുമാനിച്ചതോടെയാ​ണ്. പഴയ പിണക്കകഥ അറിയാമായിരുന്നതിനാൽ ഇൗ ഇണക്കത്തിന്റെ‌ കഥ കൂടി കേൾക്കാനുള്ള ‘ജേണലിസ്റ്റ് കൗതുകമാ’ണ് ശ്രീവിദ്യയുടെ മുമ്പിൽ എത്താനുള്ള കാരണമായത്.

സൗകര്യം ഉണ്ടാക്കിയത് ശ്രീകുമാരൻ തമ്പി തന്നെ. കഥ കേട്ടു. പിണക്കത്തിന്റെ മാത്രമല്ല പലരുമായുള്ള ഇണക്കത്തിന്റെയും ഭക്തിയുടെയും എല്ലാം കഥകൾ. ഭർത്താവ് ജോർജുമായുള്ള വേർപിരിയലിന്റെ‌ കഥ, സത്യസായി ബാബയുമായുള്ള ഹൃദയബന്ധത്തിന്റെ കഥ എന്നു വേണ്ട പറയണമെന്ന് അവർക്കു തോന്നിയതെല്ലാം അവരുടേതായ രീതിയിൽ അവർ പറഞ്ഞു. ‘എന്റെ ഏറ്റവും വലിയ ഫ്രെണ്ടും അഡ്വൈസറും എല്ലാം ബാബയാണ് ’ എന്ന് ശ്രീവിദ്യ മടിയേതുമില്ലാതെ വ്യക്തമാക്കി. ‘ബാബയെക്കുറിച്ചും ശ്രീകൃഷ്ണനെ കുറിച്ചും കീർത്തനങ്ങൾ രചിച്ചിട്ടുണ്ട് ഞാൻ ’ എന്ന് ശ്രീവിദ്യ പറയുമ്പോൾ അത്ഭുതപെടാതിരിക്കാൻ കഴിഞ്ഞില്ല.

അതിന്റെ തുടർച്ചയെന്നോണം ചോദിച്ചു പോയി, ‘ ഒരു കീർത്തനം പാടാമോ ? ’ ‘പിന്നെന്താ....’ ഒട്ടും കൂസലില്ലാതെ ശ്രീവിദ്യ പറയുന്നു. പിന്നെ ഒരു നിമിഷം പോലും താമസമില്ലാതെ അവർ ആലാപനം തുടങ്ങി. കേൾക്കാൻ ഇമ്പം തോന്നിക്കുന്ന ശബ്ദത്തിൽ ശ്രീകൃ​ഷ്ണസ്തുതി അന്തരീഷത്തിലേക്ക് ഉയർന്നുയർന്നു പോയി. കണ്ണടച്ച് അവർ പാടുകയാണ്. വാദ്യഘോഷങ്ങളുടെ അകമ്പടി പോലും അനാവശ്യമെന്ന് തോന്നിപ്പിക്കുന്ന ആലാപനമികവിൽ ആരും മയങ്ങിപോകും. ആദ്യകീർത്തനം തീർന്നപ്പോൾ ‘ഇത്ര വേഗം തീർന്നുവോ’എന്ന ഭാവം വായിച്ചെടുത്തതുപോലെ അവർ രണ്ടാമതൊരു കീർത്തനം കൂടി ആലപിച്ചു. ഹൃദയപൂർവം.

ആദരവോടെ കേട്ടിരുന്നു. അത്ര അനർഗളമായ സംഗീതപ്രവാഹമായിരുന്നു അത്. ‘സംസ്കൃതം പഠിച്ചിട്ടില്ലാത്ത ഞാൻ എഴുതിയ ഇൗ കീർത്തനങ്ങൾ മികച്ച സംസ്കൃതരചനകളാണെന്നാണ് പഠിപ്പുള്ളവർ പറയുന്നത്. എനിക്കറിയില്ല കേട്ടോ. ഭഗവാൻ തോന്നിപ്പിച്ചു ഞാൻ എഴുതി എന്നേയുള്ളൂ. ’ പാടിക്കഴിഞ്ഞപ്പോൾ ശ്രീവിദ്യ ഉരുവിട്ട വാക്കുകൾ. അഭിമുഖത്തിനെത്തുമ്പോൾ ടേപ്പ് റിക്കാർഡർ കരുതാതെ പോയ വിഡ്ഢിത്തം ഒാർത്ത് നൊന്തുപോയി.

ഉണ്ടായിരുന്നെങ്കിൽ എപ്പോഴും കേട്ടിരിക്കാൻ ഇൗ മധുരശബ്ദത്തിലൂടെ വരുന്ന കൃഷ്ണസ്തുതിയേക്കാൾ വിലപ്പിടിച്ചതെന്തുണ്ട്. അതേ തീവ്രതയോടെ. പിന്നീട് അധികനാൾ കഴിയും മുമ്പ് രോഗം മൂർച്ഛിക്കുകയും വിധിക്ക് കീഴടങ്ങുകയായിരുന്നു ശ്രീവിദ്യ. ദശാബ്ദം പിന്നിട്ടിട്ടും ​കാതുകളിൽ നിന്നൊഴിയാത്ത ആ ഗാനം പോലെ ​ആ നൊമ്പരവും നിലനിൽക്കുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.