Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയ്ക്ക് ഒപ്പം നിൽക്കുന്ന പാട്ടും, സുന്ദരമാം വാത്മീകം

su-sudhi-vathmeekam-edit

കരിമഷിയ്ക്കും കരിവളയ്ക്കുമുള്ളിൽ പ്രണയം നിറയ്ക്കുന്ന വേല കാണലും ഉത്സവ പറമ്പുകളും അവളെ ഒരുനോക്ക് കാണാനുള്ള ഇടങ്ങളായി കാത്തിരിക്കുന്ന കാമുകൻമാരുണ്ടാകുമോ ഇന്ന്? അവളുടെ തലമുടിത്തുമ്പിനേയും കരിമഷി എഴുതിയ കണ്ണുകളേയും നോക്കി കവിത പാടുന്ന കാമുകൻമാരും ഇന്നുണ്ടോ? അറിയില്ല. പക്ഷേ അങ്ങനെയുള്ളൊരു പ്രണയ ചിന്തയെ വരികളാക്കി എഴുതി ഈണമിട്ടപ്പോൾ കേൾ‌ക്കാനെത്ര സുന്ദരം. കാലം ഒരുപാട് പുറകിലേക്ക് കൊണ്ടുപോകുന്നപോലെ. അങ്ങനെയുള്ള പാട്ടുകളുമായാണ് സു സു സുധി വാത്മീകമെത്തിയിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾ.ആ വരികളുടെ അർഥങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് ബിജിപാൽ ഈണമിട്ട പാട്ടുകൾ. കവിത പോലുള്ള മൂന്നു പാട്ടുകൾ.

su-sudhi-valmeekam

നാട്ടിൻ പുറത്ത് ജനിച്ചു വളർന്ന സുധിയുടെ കൂടെപ്പിറപ്പായ ഒരു കുറവില്ലായ്മയേയും അതിലൂടെ അയാൾ നേരിടുന്ന പ്രതിസന്ധിയേയും പ്രണയത്തേയും തിരിച്ചറിവുകളേയും ഭംഗിയായി അവതരിപ്പിച്ച സിനിമയിലെ പാട്ടുകളും അതുപോലെ തന്നെ. എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു....സുധിയുടെ നിഷ്കളങ്കമായ പ്രണയത്തെ കുറിക്കുന്ന പാട്ടാണ്. ഗ്രാമത്തിൽ ജിവിച്ചു വളർന്ന തീർത്തും സാധാരണക്കാരനായ യുവാവിന്റെ പ്രണയ ചിന്തകളെ ഉൾക്കൊള്ളുന്ന കവിത പോലുള്ള വരികൾ.

ഭാവഗായകന്റെ ശബ്ദമാണ് അതിനെന്നറിയുമ്പോൾ തന്നെ ഊഹിക്കാമല്ലോ. വരികളുടെ ആത്മാവ് എത്രത്തോളം ഉൾക്കൊണ്ടാവും പാടിയതെന്ന്. ജീവിതത്തിലേക്ക് കടന്നുവരുന്ന അവൾക്കായി ചാന്തുമാലയും കുപ്പിവളയും കരുതി വച്ചിട്ടുണ്ടെന്നും. മീന വെയിൽ നെയ്തു തന്ന തങ്ക കസവ് ചാർത്തിച്ച് നെൻമാറ വേലകാണാൻ അവളെ കൊണ്ടുപോകുമെന്നുമാണ് സുധിയുടെ സ്വപ്നങ്ങൾ. കുഞ്ഞു സ്വപ്നത്തിന് ജീവൻ നൽകി എപ്പോഴേലും അവൾ വരമ്പോൾ മയിൽപീലികൊണ്ടുള്ള തന്റെ വാതിൽ പോലും തടസമാകരുത്. നാലുമണി പൂവിരിയുന്ന തന്റെ നാട്ടുപാതയിലൂടെ അവൾ വരുന്ന ദിവസമെണ്ണി കാത്തിരിക്കുന്ന ആൺമനസിന്റെ വിചാരങ്ങളാണ് പാട്ടിലുള്ളത്. പുതിയ തലമുറയ്ക്ക് ഈ പാട്ടുകേൾക്കുമ്പോൾ‌ അൽപം പഞ്ചാര കൂടിപ്പോയോയെന്ന് തോന്നാം. എങ്കിലും ഈ വരികളും അതു തരുന്ന സുഖവും കാലതീതമാണ്. തർക്കമില്ല. നല്ലൊരു ചലച്ചിത്രഗാനം എന്നതിലുപരി അതൊരു ഹൃദ്യമായ കവിതയും കൂടിയാണ്.

കായാമ്പൂ നിറമായി പ്രിയ രാധ കൈതൊട്ട പൂവിനൊക്കെയും നിൻ നിറമായി....എന്നതും മറ്റൊരു നല്ല പ്രണയഗാനം തന്നെ. തൃപ്പൂണിത്തുറ ഗിരിജാ വർമയും ശ്വേത മോഹനും ചേർന്ന് പാടിയ പാട്ട്. കൃഷ്ണനും രാധയും അവരുടെ പ്രണയും അമ്പാടിയുമൊക്കെ മനസിലേക്കു കൊണ്ടു വരുന്ന പാട്ട്. ഗിരിജാ വർമയുടെ ആലാപനത്തിൽ തുടങ്ങി ശ്വേതയും വശ്യതയുള്ള സ്വരത്തിലൂടെയെത്തുന്ന പാട്ട്.

ആദ്യ രണ്ടു ഗാനങ്ങളും പ്രണയം കൈപിടിച്ചെത്തുന്നുവെങ്കിൽ മൂന്നാമത്തെ പാട്ട് വ്യത്യസ്തമാർന്നതാണ്. രാവിന്റെ വാത്മീകത്തിൽ....എന്ന ഗാനം.സുധിയുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളേയും ഉൾക്കൊള്ളുന്ന പാട്ട്. തനിക്കു ചുറ്റും താൻ കെട്ടിയ ചുറ്റുമതിലിനെ പൊളിച്ചു കള​ഞ്ഞ് ജീവിതത്തിലേക്കുള്ള അയാളുടെ മടങ്ങിവരവിനെ വരച്ചിടുന്ന പാട്ടെഴുത്ത്.ഗണേഷ് സുന്ദരമെന്ന ഗായകനിൽ നിന്നുള്ള നല്ലൊരു പാട്ട്.

സു സു സുധി വാത്മീകത്തിലെ പാട്ടുകളെല്ലാം എളുപ്പം കൂട്ടുകൂടുന്ന ഈണവും വരികളുമുളളതു തന്നെ. വിക്കുള്ള ഒരു മനുഷ്യന്റെ കഥയാണിത്. ജീവിതം. ആ കുറവിനെ വൈകൃതങ്ങളില്ലാതെ അവതരിപ്പിച്ച സിനിമ. ജയസൂര്യയെന്ന നടന്റെ അസാമാന്യ അഭിനയമുള്ള സിനിമ. അതിലെ പാട്ടുകളും അങ്ങനെ തന്നെയാകണമല്ലോ. തയ്യാറാക്കി വച്ചിരിക്കുന്ന ഈണത്തിലേക്ക് വാക്കുകൾ കുത്തിക്കയറ്റി പിറക്കുന്ന പുതിയ തലമുറയിലെ പാട്ടുകൾക്ക് ആത്മാവില്ലെന്ന വിമർശനത്തെ അസ്ഥാനത്താക്കുന്ന പാട്ടുകളാണ് സു സു സുധി വാത്മാമീകത്തിലേത്. ഇവിടെ ഈ പാട്ടിന്റെ ആവശ്യമെന്തെന്ന് നമുക്കൊരിക്കലും തോന്നില്ല. പാട്ടുകൾ കേൾക്കുമ്പോൾ ഒരു വാക്കു പോലും അനാവശ്യമായി എങ്ങും പൊന്തി നിൽക്കുന്നില്ല. കാതടപ്പിക്കുന്ന ശബ്ദങ്ങളോടെ വാദ്യോപകരണങ്ങൾ ഈണങ്ങൾക്കിടയിൽ കലപില കൂട്ടുന്നില്ല. ഗണേഷ് സുന്ദരമെന്ന ഗായകൻ, സന്തോഷ് വർമയെന്ന എഴുത്തുകാരൻ സു സു സുധി വാത്മീകത്തിലൂടെ നമ്മളീ രണ്ടു പേരുകളിലേക്ക് കാതോർക്കുകയാണ്. ജയസൂര്യയുടെ അഭിനയവും രഞ്ജിത് ശങ്കറിന്റെ സംവിധാന മികവും പോലെ പ്രേക്ഷക പക്ഷം ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ ഈ രണ്ടു പേരാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.