Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015ൽ മലയാളം പാടിത്തന്ന പ്രണയ ഗീതങ്ങൾ

Premam

പ്രണയത്തെ കുറിച്ച് എത്ര എഴുതിയാലാണ് മതിവരിക. ജോർജിനും മലരിനും ചാർളിക്കും ടെസക്കും മൊയ്തീനും കാഞ്ചനമാലയ്ക്കും..അങ്ങനെ ഓരോ കാലഘട്ടത്തിലും പ്രണയ കഥയിൽ പുതിയ മുഖങ്ങൾ പകർന്നാടുമ്പോഴും എഴുത്തിൽ ആ ഭംഗി നിലനിര്‍ത്തുവാൻ പാട്ടെഴുത്തുകാരുടെ കൂട്ടത്തിന് സാധിക്കുന്നു. അസാധ്യം എന്നേ ഈ പ്രതിഭാസത്തെ പറയേണ്ടതുളളൂ. ‌ആ പ്രമേയം പങ്കിടുന്ന വികാരം തന്നെയാണ് എത്രയെഴുതിയാലും മതിവരാത്ത വിഷയങ്ങളിലൊന്നായി പ്രണയത്തെ മാറ്റുന്നതും. 2015ൽ മലയാളത്തിലെ പാട്ടെഴുത്തുകാർ സമ്മാനിച്ച പ്രണയ ഗീതങ്ങളേതെന്ന് അറിയണ്ടേ...

മലരേ നിന്നെ.....

മലരേ നിന്നെ കാണാതിരുന്നാൽ....എന്ന് വിജയ് യേശുദാസ് പാടി. ഏറെ കാലഘട്ടത്തിനു ശേഷം ഒരാൾക്കൂട്ടം ഒന്നിച്ചു നിന്നു ആ പാട്ട് ഏറ്റുപാടി. പ്രേമമെന്ന ചിത്രത്തിലേതാണീ പാട്ട്. രാജേഷ് മുരുകേശെന്ന പ്രതിഭയെ മലയാളം പരിചയപ്പെട്ടു ഈ പാട്ടിലൂടെ...വെണ്ണിലാവു പോലെ ചിരിക്കുന്ന നായിക..അവളുടെ ചിത്രശലഭം പോലെ സുന്ദരമായ മുഖം.പുരുഷ സൗന്ദര്യത്തെ ഉൾക്കൊണ്ട .,നായകന്റെ ചിരിയും അവന്റെ കട്ടത്താടിയും എല്ലാം ജനപക്ഷം ഹൃദയത്തോടു ചേർത്തു. എങ്കിലും 2015 കടന്നു പോകുമ്പോൾ ആദ്യം പ്രേമമെന്ന ചിത്രത്തെ കുറിച്ചോർക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്നത് ഈ പാട്ടുതന്നെയല്ലേ. ചിത്രശലഭം പാറിപ്പോകുന്നതിന്റെ കൗതുകം കണ്ണിലൊളിപ്പിച്ച് ചിരിക്കുന്ന പ്രണയിനിയെ നോക്കി അവൻ പാടിയ ഈ പാട്ട്.ശബരീഷ് വർമയുടേതാണ് വരികൾ.

എന്നിലെ എല്ലിനാൽ

മൊയ്തീനെയും അവന്റെ പെണ്ണ് കാഞ്ചനമാലയേയും അവരുടെ പ്രണയത്തേ‌യും കൺനിറയെ കണ്ട് പെരുമഴയത്ത് ഒഴുകിയകലുമ്പോൾ ഇരുവഴിഞ്ഞിപുഴ പാടിയ പാട്ട്...മഖ്ബൂൽ മൻസൂർ പാടിത്തന്ന പാട്ട്. ഗോപീ സുന്ദർ ഈണമിട്ട എന്നു നിന്റെ മൊയ്തീനെന്ന ചിത്രത്തിലെ പാട്ട്. മഖ്ബൂൽ മൻസൂറും ഗോപീ സുന്ദറും ചേർന്ന് അഞ്ചു മിനുട്ടിൽ സൃഷ്ടിച്ച മാന്ത്രിക പാട്ടാണിത്. കേരളമൊന്നാകെ ഏറ്റുപാടിയ പാട്ട്. കണ്ണീരിന്റെ നന‌വോടെ കേട്ടുകൊണ്ടേയിരിക്കുന്ന പാട്ട്. എന്നു നിന്റെ മൊയ്തീനിലെ എല്ലാ പാട്ടുകളും മലയാളം ഏറെക്കാലത്തിനു ശേഷം കേട്ട ഏറ്റവും സുന്ദരമായ പ്രണയ ഗീതങ്ങളായിരുന്നു.

ഹേമന്ദമെൻ

വിജയ് യേശുദാസിന്റെ പോയവർഷത്തെ ഏറ്റവും സുന്ദരമായ മറ്റൊരു പാട്ട്. കൊഹിനൂറെന്ന ചിത്രത്തിലെ ഹേമന്ദമെൻ എന്ന പാട്ട് രാഹുൽ രാജെന്ന സംഗീത സംവിധായകന്റെ പ്രതിഭയറിയിച്ച പാട്ടായിരുന്നു. ഹൃദ്യമായ വരികൾ ഹേമന്ദ കാലത്ത് പ്രണയം പങ്കിട്ട ഒരു കുഞ്ഞി പൂവിനെയും അവളുടെ കാമുകനേയും അവരുടെ പ്രണയത്തിന് കൂട്ടുനിന്ന കള്ളക്കാറ്റിനേയും ഓർമയിലേക്കെത്തിച്ചു. ബി കെ ഹരിനാരായണൻ എഴുതിയതാണിതിലെ വരികൾ

ചുന്ദരി പെണ്ണേ

നായകൻ ഗായകനായപ്പോൾ പിറന്ന പാട്ട്. ഉള്ളം തുറന്നവൻ കാണാമറയത്തുള്ള പ്രണയിനിയെ കുറിച്ച് പാടിയ പാട്ട്. മഴ മേഘങ്ങളും നനുത്ത കാറ്റും സുന്ദരി പുഴയും മരുഭൂമിയിലെ മണൽത്തരികളും അവളിലേക്കെത്തിച്ച സുന്ദരി പാട്ട്. ചാർളിയിലെ ഈ പാട്ട് പാടിയത് ദുൽഖർ സൽമാനാണ്. ഈണമിട്ടത് ഗോപീ സുന്ദറും. സന്തോഷ് വർമയാണ് പാട്ടെഴുതിയത്.

കനക മൈലാഞ്ചി

മൈഥിലിയെന്ന നായികയ്ക്കുള്ളിലെ ഗായികയെ കൂടുതൽ തെളിമയോടെ മലയാളമറിഞ്ഞ പാട്ടാണ് കനക മൈലാഞ്ചി. മൈഥിലിയുടെ തീക്ഷ്ണമായ ശബ്ദത്തിനൊപ്പം ഷഹബാസ് അമന്റെ ആർദ്രമായ ശബ്ദം കൂടിചേർന്നപ്പോൾ പാട്ടിന് കൈവന്നച് മൈലാഞ്ചി ചേല്. ലോഹത്തിലെ ഈ പാട്ട് എഴുതിയിത്. റഫീഖ് അഹമ്മദ്. ശ്രീവൽസൻ ജെ മേനോനാണ് ഈണമിട്ടത്.

ഹൃദയത്തിൻ നിറമായി

റഫീഖ് അഹമ്മദ് എഴുതി വിജയ് യേശുദാസും മൃദുല വാര്യറും പാടിയ പാട്ട്. സംഗീത സംവിധാനത്തിലെ പുത്തൻ പ്രതിഭ ഗോവിന്ദ് മേനോന്റെ ഈ പാട്ട് പോയവർഷം പ്രണയം പങ്കിടുന്ന മനസുകളുടെയെല്ലാം സ്നേഹം നേടിയെടുത്തു.

നിലാക്കുടമേ....

പൈങ്കിളി പ്രണയത്തെ ഓർമിപ്പിച്ച് തുടങ്ങുന്ന ഈ പാട്ടിലെ രംഗത്തിനൊപ്പമെത്തുന്നത് നിലാവു പോലെ നിർമലമായ പ്രണയഗീതമാണ്. ഭാവഗായകൻ ജയചന്ദ്രനും ചിന്ന ചിന്ന ആശയുടെ പാട്ടുകാരി മിൻമിനിയും ചേർ‌ന്നു പാടിയ പാട്ട്. ബി കെ ഹരിനാരായണൻ എഴുതി ദീപക് ദേവ് ഈണമിട്ട ഈ പാട്ട് ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലേതാണ്.