Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു വർഷം മുൻപ് എഴുതിയ മുത്തേ പൊന്നേ പിണങ്ങല്ലേ

suresh-thampanoor സുരേഷ് തമ്പാനൂർ

തമ്പാനൂർ അരിസ്റ്റോ ജംക്‌ഷനിലെ ചുമട്ടുതൊഴിലാളിയായിരുന്ന സുരേഷിന്റെ ഉള്ള് നിറയെ വ്യത്യസ്തമായ കവിതയായിരുന്നു. സുരേഷിന്റെ പാട്ടും താളംപിടിക്കുന്ന ശൈലിയും കൂട്ടുകാർ കൊണ്ടു നടന്നു. അത് സിനിമാക്കാരുടെ ചെവിയിലെത്തി. അങ്ങനെ നിവിൻ പോളി പ്രധാനവേഷമിട്ട ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമയിൽ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം പാടി അഭിനയിച്ച് താരമായി മാറി, നമ്മുടെ സുരേഷ്.
സുരേഷിന്റെ വാക്കുകളിലൂടെ:

കവിതകൾ

ഇരുപതു വയസ്സിനു മുൻപ് കവിത എഴുതി തുടങ്ങിയിരുന്നു. ഇതുവരെ 500 ഓളം കവിതകൾ. അതു സ്വന്തമായി താളമിട്ട് അവതരിപ്പിക്കുന്നതും പണ്ടുതൊട്ടേ സുരേഷ് പതിവാക്കിയിരുന്നു. കവിതകൾ എഴുതിത്തുടങ്ങിയാൽ അടുത്ത കൂട്ടുകാരായ ഗോപകുമാർ, കണ്ണൻ, ശ്രീജിത്ത്, വിനയൻ, ഭാസ്കരൻ തുടങ്ങിയവരെ കാണിക്കും.

പത്തു വർഷം മുൻപ് എഴുതിയ മുത്തേ പൊന്നേ പിണങ്ങല്ലേ

ഇപ്പോൾ സിനിമയിലേക്ക് വഴിതുറന്ന മുത്തേ പൊന്നേ പിണങ്ങല്ലേ, എഴുതിയതു പത്തു വർഷം മുൻപ്. ഈ പാട്ട് ആക്ഷൻ ഹീറോ ബിജു സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈനിലേക്ക് എത്താൻ കാരണം, കൂട്ടുകാരൻ ശ്രീജിത്ത്. ബെംഗളൂരുവിൽ ഉള്ള ശ്രീജിത്തിന്റെ ചേട്ടന്റെ കൂട്ടുകാരനായിരുന്നു ആക്‌ഷൻ ഹീറോ ബിജുവിൽ നായികയു‌ടെ അച്ഛനായി അഭിനയിച്ച ബോബി മോഹൻ. തലസ്ഥാനത്തെ ഹോട്ടലിൽവച്ചു ശ്രീജിത്ത് ഉൾപ്പെടെയുള്ള കൂട്ടുകാരുടെ സദസ്സിൽ മുത്തേ പൊന്നേ ഉൾപ്പെടെ പത്തോളം പാട്ടുകൾ പാടി. അതും, എന്റെ സ്ഥിരംശൈലിയിൽ മേശയിൽ താളംപിടിച്ച്. ഇതു ഞാൻ അറിയാതെ ലാപ്പ്ടോപ്പിൽ റിക്കോർഡ് ചെയ്തു. അതു ബോബിമോഹനെ കാണിച്ചു. മോഹൻ എബ്രിഡിനെയും. എബ്രിഡിനു പാട്ട് അങ്ങ് പിടിച്ചു. പിന്നെ നടന്നതു എറണാകുളം മറൈൻഡ്രൈവിലെ ഹോട്ടലിൽ നിവിൻ പോളിക്കും എബ്രിഡിനും മുന്നിൽ പാട്ടുകൾ പാടി തകർത്തു.

കാത്തിരുന്ന സിനിമയിലേക്ക്

ആദ്യസിനിമയിൽ തന്നെ ഗായകനും അഭിനേതാവുമായി. 120 ദിവസത്തോളം എ‌ടുത്തു ഷൂട്ടു ചെയ്ത സിനിമയുടെ നൂറു ദിവസവും ഉണ്ടായിരുന്നു. ആദ്യമായി എടുത്ത ഷോട്ട് മുത്തേ പൊന്നേ എന്നു തുടങ്ങുന്ന പാട്ട് സീൻ. ആറു ദിവസത്തോളമായിരുന്നു എന്റെ രംഗങ്ങൾ പകർത്തിയത്. വേറെ സംഗീതമില്ലാതെ, മേശയിൽ താളം പിടിച്ചു പാടിയാൽ മതിയെന്നത് എബ്രിഡിന്റെ തീരുമാനമായിരുന്നു.

ഒന്നാന്തരം സിനിമാപ്രേമി

ഞാനഭിനയിച്ച സിനിമ കണ്ടത് അഞ്ചിലധികം തവണ. അതിൽ രണ്ടുതവണ മുഴുവൻ കണ്ടു. ബാക്കി, സിനിമ പ്രമോഷനായി പോയപ്പോൾ ഇടയ്ക്ക് കുറച്ചു ഭാഗങ്ങൾ. ഞാനൊരു സിനിമാപ്രേമിയാണ്.
പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ചിത്രങ്ങൾ മുതൽ കൈയിൽ ഉണ്ട്. പ്രേംനസീറിന്റെ കടുത്ത ആരാധകനാണ്. അത് എന്താ അങ്ങനെ എ​ന്നു ചോദിച്ചാൽ, ആദ്യം കണ്ടുതുടങ്ങിയ നായകനോ‌ടുള്ള ഇഷ്ടമെന്നു മറുപടി. യുവരക്തങ്ങളിൽ നിവിൻ പോളി തന്നെയാണ് ഇഷ്ട താരം. കാരണം, അഭിനയരീതി തന്നെ. അല്ലാതെ, കൂടെ അഭിനയിച്ചതു കൊണ്ടല്ല.

യാത്രങ്ങളുടെ കൂട്ടുകാരൻ. ഒപ്പം ഒന്നാന്തരം പാചകക്കാരനും

സിനിമ കഴിഞ്ഞാൽ, യാത്രയാണ് കമ്പം. മോഹം തോന്നി മൂന്നാ‍ർ വരെ സ്കൂട്ടറിൽ ഒറ്റയ്ക്കു പോയിട്ടുണ്ട്. മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങി രാജ്യമാകെ കറങ്ങിയിട്ടുണ്ട് . പണ്ടു തമ്പാനൂരിൽ തട്ടുകട നടത്തിയിട്ടുണ്ട് . അതും ഒരു മോഹത്തിന്റെ പേരിൽ. അന്ന് അവിടെ പാചകക്കാരനായി നിന്ന തങ്കപ്പൻ എന്നയാളിൽ നിന്നു പാചകം വിശദമായി പഠിച്ചെടുത്തു. മട്ടൻ, ചിക്കൻ ,മീൻകറി എന്നിവയാണു സ്പെഷൽ ഐറ്റംസ്.

പുതിയ സിനിമയിലും വേഷം നൽകാമെന്ന് എബ്രിഡ്

പുതിയ സിനിമയിലും വേഷം നൽകാമെന്ന് എബ്രിഡ് ഷൈൻ പറഞ്ഞിട്ടുണ്ട്. സിനിമയ്ക്കായി കള്ളുകുടി നിർത്തി. കാരണം കള്ളുകുടിച്ചാൽ മോശമാണ്. അതു സിനിമയെ ബാധിക്കും.

തൈക്കാടിന്റെ സ്വന്തം

തൈക്കാട് കണ്ണേറ്റുമുക്കിലെ വാടക വീട്ടിലാണ് താമസം. അമ്മ ഇന്ദിര. ഒപ്പം അഞ്ചു സഹോദരിമാരും. സിനിമ എന്തുമാറ്റം വരുത്തിയെന്നു ചോദിച്ചാൽ ഒന്നുമില്ല. കൂട്ടുകാരോടൊപ്പം കവിത പാടി താളംപിടിച്ചു പഴയപോലെ നമ്മളൊഴുകും.

Your Rating: