Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചമലയാളത്തിലൊരു ക്ലബ് സോങ്... വ്യത്യസ്തം തിലോത്തമയിലെ ഗീതങ്ങൾ

rachana-in-thilothama

പരസ്പരം മത്സരിക്കുന്ന കുറേ ഗാനങ്ങളാണ് അടുത്തകാലത്ത് മലയാളത്തിലിറങ്ങിയ ചലച്ചിത്രങ്ങളിലുള്ളത്. പുതിയ പാട്ടുകളേതെന്നു തിരയുമ്പോൾ നല്ല വരികളുടെയും താളത്തിന്റെയും കൂട്ടുകെട്ടിൽ പിറന്ന ഒട്ടേറെ നല്ല ഗാനങ്ങൾ മുന്നിലേക്കെത്തുന്നു. വലിയൊരിടവേളയ്ക്കു ശേഷമാണ് ഇത്രയും വ്യത്യസ്തമാർന്ന ചലച്ചിത്ര ഗാനങ്ങൾ ഒരേസമയത്തെത്തുന്നത്. അതിൽ പ്രീതി പണിക്കർ ചിത്രമായ തിലോത്തമയിലെ ഒരു ഗാനം വേറിട്ടുനിൽക്കുന്നുവെന്നു തന്നെ പറയാം. ചിത്രത്തിന്റെ മുഖംതന്നെയായി മാറി ഈ പാട്ട്. പാവാട പെണ്ണാണേ,....പച്ചമലയാളത്തിൽ പിറന്ന ഒരു ബാർ സോങാണ്. രചന നാരായണൻ കുട്ടിയുടെ തകർപ്പൻ ഡാൻസും അതിനൊപ്പം ചേർന്നപ്പോൾ എല്ലാം പൂർണം. സാധാരണ മലയാളത്തിൽ തനി നാട്ടുഭാഷയിൽ രചിക്കപ്പെടുന്ന പാട്ടുകളെല്ലാം വിവാദങ്ങൾ വലിച്ചുവരുത്താറുണ്ട്. അതിൽ വ്യത്യസ്തമാണ് ഈ ഗാനം. നല്ല വരികളിലുള്ള പാട്ടുകളെഴുതിയത് കവയത്രി കൂടിയായ എം.ആർ. ജയഗീതയും ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും ചേർന്നാണ്. ഈണമിട്ടത് ദീപക് ദേവ്. വരികളും ഈണവും പരസ്പരം നീതിപുലർത്തിയ നാലു പാട്ടുകൾ. മനോരമ മ്യൂസിക്കാണ് തിലോത്തമയിലെ ഗാനങ്ങൾ പുറത്തിറക്കിയത്.

ജയഗീതയുടെ പാട്ടെഴുത്ത് തന്നെയാണ് സിനിമയിൽ എടുത്ത് പറയേണ്ട കാര്യം. ഭാഷയോടുള്ള അടുപ്പം ഓരോ പാട്ടിലും നിഴലിക്കുന്നുണ്ട്. അതുകൊണ്ടാകണം പാവാട പെണ്ണാണേ എന്നു തുടങ്ങുന്ന, പച്ചയായ പെൺ ചിന്തകളെ കുസൃതി നിറഞ്ഞ വാക്കുകളിൽ കൂടി രചിച്ച പാട്ടായിട്ടും മുറുമുറുപ്പുകളില്ലാതെ അതങ്ങനെ കേട്ടുകൊണ്ടേയിരിക്കുന്നത്. ഓർക്കസ്ട്രയുടെ മേളമുള്ള അടിച്ചുപൊളി പാട്ടായിട്ടും വരികൾ തേടി പോകാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. പെൺ സാന്നിധ്യം ഏറെയുള്ള സിനിമയാണ് തിലോത്തമ. പേരിൽ തന്നെയുണ്ട് പെണ്‍പെരുമ. സംവിധാനം, തിരക്കഥ പ്രീതി പണിക്കർ, വ്യത്യസ്തമാർന്ന പെൺ കഥാപാത്രങ്ങൾ, പാട്ടെഴുതിയത് എം.ആർ. ജയഗീത, ഏറെ ഹിറ്റായ പാവാട പെണ്ണാണേ എന്ന പാട്ട് പാടായിരിക്കുന്നതും രണ്ടു സ്ത്രീകൾ. അമലാ റോസ് കുര്യനും രമ്യയും.

നല്ല വരികളിലുള്ള അടിപൊളി ഗാനത്തിനു പുറമേ ഏറെക്കാലത്തിനു ശേഷം മലയാള ചലച്ചിത്ര സംഗീതത്തിലേക്കൊരു ഭക്തിഗാനവുമെത്തിയിരിക്കുകയാണ് തിലോത്തമയിലൂടെ. എ.ആർ. ജയഗീതയെഴുതിയതാണ് ഈ പാട്ട്. ദീനാനുകമ്പതൻ തിരുരൂപമേ എന്നു തുടങ്ങുന്ന നല്ലൊരു ക്രിസ്തീയ ഭക്തി ഗാനം. ദീനാനുകമ്പതൻ തിരുരൂപമേ വിശേഷണം അതിമനോഹരമായിരിക്കുന്നു. പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ നല്ല ഒഴുക്കുള്ള പാട്ട്. പാട്ടിന്റെ വരികൾ കൂട്ടിക്കൊണ്ടുപോകുന്ന അനുഭവിക്കാൻ തുറന്നിടുന്ന അന്തരീക്ഷത്തിൽ നിന്ന് വളരെ പതിയെ മാത്രമേ നമ്മൾ മടങ്ങി വരൂ. മെറിൻ ഗ്രിഗറിയാണ് ഗാനമാലപിച്ചിരിക്കുന്നത്.

നാട്ടുവഴികളിലൂടെ പാടിനടക്കാനൊരു പാട്ടാണ് അക്കരെ ഇക്കരെ... ഗ്രാമത്തിന്റെ ഭംഗിയേയും താളത്തേയും ചുറ്റിപ്പറ്റുന്ന പാട്ട്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് വരികളെഴുതിയത്. റിയാലിറ്റി ഷോകളിലൂടെ സുപരിചിതരായ സന്നിദാനന്ദന്റെയും രൂപയുടെയും ഏറ്റവും ശ്രദ്ധേയമായ സിനിമാ ഗാനങ്ങളിലൊന്നാണിത്. രാപ്പാടികൾ മാത്രമുള്ള രാവിളക്ക് തെളിയുന്ന ഒരു സന്ധ്യയിൽ കൊതുമ്പ് വള്ളത്തിലിരുന്ന് ഔപചാരികതകളില്ലാതെ രണ്ടു പേർ പാടുന്ന പാട്ടു പോലുള്ള പാട്ട്. നാട്ടുവഴികളും നാട്ടുരുചികളും നാട്ടുവർത്തമാനങ്ങളും നിറഞ്ഞ പാട്ട്.

thilotham-music-team ദീപക് ദേവ്, എം.ആർ ജയഗീത, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

റിയാലിറ്റി ഷോകളിലൂടെ തന്നെ നമുക്ക് പരിചിതയായ മറ്റൊരു പ്രതിഭ മാളവിക ചിത്രത്തിൽ പാടിയ പാട്ടും അതിമനോഹരമാണ്. പൂങ്കുയിൽ എന്നു തുടങ്ങുന്ന പാട്ടെഴുതിയത് ജയഗീതയാണ്. കുയിൽ പാടും പോലുള്ള നിർമ്മലമായ വരികളുളള പാട്ട്. നിഷ്കളങ്കമാർന്ന വരികളും അതുപോലുള്ള ചിത്രീകരണവും. ഓർമകളിലേക്ക് കൊണ്ടുപോകുന്ന നനുത്ത കാറ്റിന്റെ മൂളലും പിണക്കങ്ങളും കുസൃതിത്തരവും നിറഞ്ഞ പാട്ട്.

തിലോത്തമയെന്ന ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയം വ്യത്യസ്തമാർന്നതു തന്നെ. അതിലെ പാട്ടുകളും അതുപോലെ. നാലു പാട്ടുകളും ഒന്നിനൊന്നു മിച്ചം. എം.ആർ. ജയഗീതയുടെ പാട്ടിനപ്പുറം അമലാ റോസ് കുര്യൻ, രമ്യ, മെറിൻ ഗ്രിഗറി, സന്നിദാനന്ദൻ, രൂപ എന്നീ ഗായകരേയും നമ്മളേറെ അടുത്തറിയുന്നു ഈ പാട്ടുകളിലൂടെ. മലയാള സംഗീതത്തിനു കുറച്ച് നല്ല പാട്ടുകാരെ കുറിച്ച്, അവരുടെ പ്രതിഭയെ കുറിച്ച് നല്ലൊരു കാഴ്ചപ്പാട് നൽകാനായി തിലോത്തമയിലെ പാട്ടുകൾക്ക്. ഗ്രാമത്തെ കുറിച്ചുള്ള പാട്ടുകളിലെ പതിവ് ചേരുകളെ മാറ്റിനിർത്തി കൗതുകം നിറയ്ക്കുന്ന വാക്കുകളിലൂടെയാണ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ അക്കരെ ഇക്കരെയെന്ന് തുടങ്ങുന്ന പാട്ടെഴുതിയത്. കവയത്രി സിനിമാ പട്ടെഴുതുമ്പോൾ അത് വിരസമാകുമെന്നും എല്ലാത്തരും ശ്രോതാക്കളേയും പാട്ടിലേക്കെത്തിക്കാൻ സാധിക്കുകയില്ലെന്ന വിമർശനങ്ങളെ അസ്ഥാനത്താക്കിയെന്നതിൽ എം.ആർ. ജയഗീതയ്ക്ക് അഭിമാനിക്കാം. പാട്ടെഴുത്തിലെ പെൺപ്രതിഭയുടെ ശക്തി പ്രതിഫലിപ്പിക്കുന്ന പാട്ടെഴുത്താണ് എം.ആർ. ജയഗീത നടത്തിയിരിക്കുന്നത്. പാവാട പെണ്ണാണേ എന്ന പാട്ട് ഏറെ ഹിറ്റായെങ്കിലും ജയഗീതയുടെ ഏറ്റവും ഹൃദ്യമായ വരികൾ ദീനാനുകമ്പതൻ തിരുരൂപമേ...വീണ്ടുമങ്ങനെ കാതിലേക്കെത്തുന്നു.......

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.