Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായ് ശല്യത്തിനെതിരെ തൃശൂർ നസീറിന്റെ 350 പാട്ടുകൾ

Thrissur Nazeer

ആടിയും പാടിയും അനുകരിച്ചും മണിക്കൂറുകളോളം ആസ്വാദകരെ ആനന്ദിപ്പിച്ച തൃശൂർ നസീറിനു പറയുവാനുണ്ടായിരുന്നത് ഒരേയൊരു കാര്യം - ഇനിയും നമ്മുടെ കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ കടിച്ചുപറിക്കാൻ അനുവദിക്കരുത്. തെരുവ് നായ് ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് ജേതാവും ഗായകനുമായ നസീർ നടത്തിയ പ്രകടനം ഇന്നലെ രാവിലെ ഒൻപതു മുതൽ രാത്രി പത്തുവരെ നീണ്ടു നിന്നു. മകാരം മത്തായി ഉൾപ്പെടെ പ്രമുഖ കലാകാരന്മാരെല്ലാം നസീറിനു പിന്തുണ അറിയിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു. 350 ഓളം പാട്ടുകളാണ് നസീർ പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാടിയത്.

തെരുവുനായ് ശല്യത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു ന്യൂഡൽഹിയിൽ കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ വസതിയിലേയ്ക്കു നായ്ക്കളുടെ റാലി നടത്തുമെന്നു തൃശൂർ നസീർ പറഞ്ഞു. പ്രത്യേകം അലങ്കരിച്ച ലോറിയിൽ അൻപതു നായ്ക്കളെയാകും ഡൽഹിയിലെത്തിക്കുക. മേനകയുടെ വസതിക്കു മുന്നിൽ റാലി നടത്തുന്നതിനൂള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ നൂറ്റിയൊന്നു മണിക്കൂർ തുടർച്ചയായി ബോധവൽക്കരണ പരിപാടി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

തെരുവുപട്ടികളെ പിന്തുയ്ക്കുന്ന രഞ്ജിനി ഹരിദാസിന്റെ വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് തൃശൂര്‍ നസീര്‍ പറഞ്ഞിരുന്നു. 101 മണിക്കൂര്‍ മൗത്ത് ഓര്‍ഗന്‍ വായിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ കലാകാരനാണ്‌ തൃശൂര്‍ നസീര്‍. തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ പിഞ്ചുകുട്ടികള്‍ക്കടക്കം പരിക്കേറ്റത് കണ്ടു മനംനൊന്താണ്‌ ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിന്‌ ഗായകന്‍ തയ്യാറെടുക്കുന്നത്. ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഈ അവസ്ഥ മാറ്റാന്‍ കഴിയൂവെന്നും അതിനാല്‍ പാട്ടുപാടി ബോധവത്കരിക്കാന്‍ രംഗത്തിറങ്ങുമെന്നും നസീര്‍ അന്നുപ്രഖ്യാപിച്ചിരുന്നു. മിമിക്രി രംഗത്തും സംഗീത രംഗത്തും സജീവമായി നില്‍ക്കുന്ന നസീര്‍. നേരത്തെ ലഹരി വിരുദ്ധ പ്രചാരണങ്ങളിലും പങ്കെടുത്തിരുന്നു.