Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്കരമായി ഈ അഞ്ച് പുതിയ പാട്ടുകള്‍

new-songs

കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മുടെ കേൾവിക്ക് പ്രിയങ്കരമായി മാറിയ പുതിയ ഗാനങ്ങളെല്ലാം തീർത്തും വ്യത്യസ്തമായ ഈണങ്ങളിലുള്ളതാണ്. ഓർക്കസ്ട്രയും പാട്ടുകാരുടെ സ്വരവുമെല്ലാം ഇന്നോളം കേട്ടതിൽ നിന്നെല്ലാം അൽപം വിഭിന്നവുമാണ്. അറിയാം കേൾക്കാം ആ പാട്ടുകളേതെല്ലാമെന്ന്

നെരുപ്പ്ഡാ

രജനീകാന്ത് ഗ്യാങ്സ്റ്ററായി എത്തുന്ന ചിത്രം കബാലിയിലെ ഗാനങ്ങൾക്കായി അത്രയേറെ ആകാംഷയോടെയാണ് നമ്മൾ കാത്തിരുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് വേണ്ടെന്നു വച്ചത് ആരാധകരിൽ കടുത്ത നിരാശയുണ്ടാക്കി. ചിത്രത്തിലെ ട്രാക്കുകളുെട വിശദാംശങ്ങളും പാട്ടിന്റെ ക്ലിപുകളും യുട്യൂബിൽ ലീക്ക് ആകുകയും ചെയ്തു. എന്തായാലും കബാലിയിലെ പാട്ടുകൾ യുട്യൂബിൽ തരംഗമാകുകയാണ്. പ്രേത്യകിച്ച് ട്രെയിലറിലൂടെ കേട്ട ഗാനം നെരുപ്പ്ഡാ. രജനിയുടെ താരപ്പകിട്ടിനൊത്ത ഗാനങ്ങളൊരുക്കിയത് സന്തോഷ് നാരായണനാണ്. നാലു ദിവസം കൊണ്ട് 22 ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ഈ ഗാനം ആളുകൾ കണ്ടത്. ഇലക്ട്രോണിക് വാദ്യോപകരണങ്ങളുടെ താളക്കൂട്ടിൽ പിറന്ന റാപ് ഗാനം എഴുതിയതും പാടിയതും അനുരാജ് കാമരാജ് ആണ്. പാട്ടിനിടയിലെ തകർപ്പൻ ഡയലോഗ് നെരുപ്പ്ഡാ...സിരിപ്പ്ഡാ രജനീകാന്തുമാണ് എഴുതിയത്. 

പുഴുപുലികള്‍ പക്കി പരുന്തുകൾ

കമ്മട്ടിപ്പാടമെന്ന ചിത്രത്തിലെ ഈ കുഞ്ഞൻ കവിതയിലെ വരികൾ തലയ്ക്ക് പിടിച്ചു പോയി നമ്മളിൽ പലർക്കും. അൻവർ അലി എഴുതി നടൻ വിനായകൻ ഈണമിട്ട ഈ പാട്ടിന്റെ ആലാപനവും താളവും മനസിലെ താഴ്ചകളിലേക്ക് കടന്നു കൂടി. സുനിൽ മത്തായിയും സാവിയോ ലാസും ചേർന്ന് പാടിയ പാട്ടിന് അകമ്പടിയായ ഓരോ വാദ്യോപകരണങ്ങളുടെ സ്വരവും മനസിലങ്ങ് പതിഞ്ഞു പോയി. പുള്ളോർ കുടവും ഉടുക്കും വയലിനും ഗിത്താറും ചേർന്ന ശബ്ദക്കൂട്ട് അടുത്തിടെയിറങ്ങിയ മറ്റൊരു പാട്ടിനും പകരാനാകാത്ത പാട്ടനുഭവമാണ് പങ്കുവച്ചത്. വരികൾക്കുള്ളിലൊളിഞ്ഞിരിക്കുന്ന രാഷ്ട്രീയം, സമൂഹത്തിന്റെ വികസനക്കുതിപ്പിനിടയിൽ അരികുമാറ്റി നിര്‍ത്തപ്പെട്ടവരുടെ ഉൾവിളിയും തിരിച്ചറിവുമാണ്. 

ചിത്തിര മുത്തേ

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലെ ഈ ഡാൻസ് നമ്പറും നമ്മുടെ ഇഷ്ടങ്ങളിലിടം നേടിക്കഴിഞ്ഞു. അമല പോളും ചാക്കോച്ചനും ജയസൂര്യയും ഡാൻസും പാട്ടുമായി അടിപൊളിക്കുന്ന പാട്ട് കാണാനും കേൾക്കാനും ഒരുപോലെ രസകരം. ഒരിടവേളയ്ക്കു ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ബി.കെ ഹരിനാരായണന്റെ വരികൾക്കനുസരിച്ച് പാടിയത് നാലു പേരാണ്. ജയസൂര്യയും വിജയ് യേശുദാസും അഫ്സലും പിന്നെ ദിവ്യ എസ് മേനോനും. പാട്ടിനിടയിലെ റാപ് പോർഷൻ നന്നായി പാടി ജയസൂര്യ തനിക്കുളളിലെ ഗായകന്റെ പ്രതിഭ ഒന്നുകൂടിയറിയിച്ചു.

ജഗ് ഗൂമെയാ

സൽമാൻ ഖാൻ ഗുസ്തിക്കാരനായി വേഷമിടുന്ന ചിത്രം, സുൽത്താനിലെ ഓരോ പാട്ടുകളും പാട്ടു പ്രേമികൾക്കിഷ്ടമായിരുന്നു. ഏറ്റവുമൊടുവിലെത്തിയ ഗാനം ജഗ് ഗൂമെയായും അതുപോലെ തന്നെ. നാല്‍പത് ലക്ഷത്തോളം പ്രാവശ്യമാണ് യുട്യൂബ് വഴി ഈ ഗാനം പ്രേക്ഷകർ കണ്ടത്. വിശാലും ശേഖറും ചേർന്ന് ഈണമിട്ട പാട്ടെഴുതിയത് ഇർഷാദ് കമീൽ ആണ്. പാടിയത് രാഹത് ഫത്തേ അലി ഖാനും. 

തേരേ ബിനാ

സിത്തർ മാന്ത്രികൻ നിലാദ്രി കുമാർ സംഗീത സംവിധായകനായെത്തുന്ന ആദ്യ ചിത്രം ഷോർഗുളിലെ തെരേ ബിനാ എന്ന ഗാനം മെലഡികള്‍ ഇഷ്ടമുള്ളവരുടെ പ്രിയ ഗാനമായി മാറിക്കഴിഞ്ഞു. പതിഞ്ഞ സ്വരത്തിൽ അരിജിത് സിങും സംഘവും പാടിയ പാട്ടിന് വരികൾ കപിൽ സിബലിന്റേതാണ്. മെലഡികളിൽ വീണ്ടും അരിജിത് സിങ് തന്റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ് ഈ പാട്ടിലൂടെ. അത്രയേറെ ഭാവാർദ്രമാണീ ഗാനം. 

Your Rating: